കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള പുതുച്ചേരിയിലെ ഐ.സി.എം.ആർ-വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ 2025-27 അധ്യയനവർഷം നടത്തുന്ന രണ്ടുവർഷത്തെ എം.എസ്സി പബ്ലിക് ഹെൽത്ത് എന്റോമോളജി (പി.എച്ച്.ഇ) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പോണ്ടിച്ചേരി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ്, അപേക്ഷാഫോറം എന്നിവ https://vcrc.icmr.org.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ആകെ 20 സീറ്റുകളാണുള്ളത്. കോഴ്സ് ഫീസ് ആദ്യവർഷം 43,350 രൂപ, രണ്ടാം വർഷം 35,000 രൂപ.
പ്രവേശന യോഗ്യത: ബി.എസ്സി (ബയോളജി/അഗ്രികൾചർ/ബയോ ടെക്നോളജി/മൈക്രോ ബയോളജി/ലൈഫ് സയൻസ്) (സുവോളജി അല്ലെങ്കിൽ എന്റോമോളജി ഒരു വിഷയമായി പഠിച്ചിരിക്കണം). അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവരെയും ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്രവേശനസമയത്ത് യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പുതുച്ചേരിയിൽവെച്ച് നവംബർ രണ്ടിന് നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
രണ്ടുവർഷം പ്രതിമാസം 10,000 രൂപ വീതം സ്റ്റൈപൻഡ് ലഭിക്കും (ഇൻസർവീസ് വിഭാഗത്തിൽ പ്രവേശനം നേടുന്നവർക്ക് സ്റ്റൈപൻഡില്ല). അപേക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് 250 രൂപ മതി. ഡയറക്ടർ, ഐ.സി.എം.ആർ-വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിന് പുതുച്ചേരിയിൽ മാറ്റാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം ഫീസ് നൽകാം. നിർദിഷ്ട ഫോറത്തിൽ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം സ്പീഡ് പോസ്റ്റിൽ ഒക്ടോബർ 10നകം ഡയറക്ടർക്ക് ലഭിക്കണം. വിലാസവും മറ്റുവിവരങ്ങളും വിജ്ഞാപനത്തിലുണ്ട്.
പ്രവേശന പരീക്ഷാഫലം നവംബർ 10ന് പ്രഖ്യാപിക്കും. ക്ലാസുകൾ നവംബർ 19ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.