ഇന്ത്യയിലെ ഉന്നത മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ മുൻനിര സ്ഥാപനമായ ഐ.ഐ.എം കോഴിക്കോട് (ഐ.ഐ.എം.കെ) ചരിത്രപരമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് മാത്രം പേരുകേട്ട ഐ.ഐ.എം ശൃംഖലയിൽനിന്ന് വ്യത്യസ്തമായി, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കായി ആദ്യമായി ഫുൾടൈം ബിരുദ പ്രോഗ്രാം ഐ.ഐ.എം കോഴിക്കോട് ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു.
‘ബാച്ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ഓണേഴ്സ് വിത്ത് റിസർച്ച്)’ എന്ന ഈ നാലുവർഷ പ്രോഗ്രാം കൊച്ചിയിലെ ഐ.ഐ.എം കാമ്പസിലാണ് നടക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻ.ഇ.പി) അനുസൃതമായി രൂപകൽപന ചെയ്ത ഈ കോഴ്സ്, ആഗോള നിലവാരമുള്ള നേതൃപാടവമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടാം ബാച്ചിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആദ്യ ബാച്ചിലെ വിജയകരമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, കൂടുതൽ പരിഷ്കരിച്ച സിലബസും വിപുലമായ കരിയർ സാധ്യതകളുമാണ് ഈ വർഷം കാത്തിരിക്കുന്നത്.
വെറുമൊരു ബിസിനസ് ബിരുദം എന്നതിലുപരി, വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് കോഴ്സിന്റെ സവിശേഷത. നാല് വർഷത്തെ കോഴ്സിൽ മൊത്തം എട്ട് സെമസ്റ്ററുകളാണുള്ളത്. ഓരോ വിഷയത്തിനും നിശ്ചിത ‘ക്രെഡിറ്റുകൾ‘ ഉണ്ടായിരിക്കും. ഒരു ക്രെഡിറ്റ് എന്നത് ആഴ്ചയിൽ ഒരു മണിക്കൂർ ക്ലാസ് റൂം പഠനത്തിന് തുല്യമാണ്. ഫൗണ്ടേഷൻ കോഴ്സുകൾ (സാമ്പത്തിക ശാസ്ത്രം, സൈക്കോളജി, സോഷ്യോളജി), കോർ കോഴ്സുകൾ (ഫിനാൻസ്, മാർക്കറ്റിങ്, സ്ട്രാറ്റജി), ഇലക്ടീവ്സ് എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് പഠനം. രണ്ടാം ബാച്ചിലെ വിദ്യാർഥികൾക്കും തങ്ങളുടെ താൽപര്യത്തിനനുസരിച്ച് ‘മൈനർ’ വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള വിപുലമായ അവസരമുണ്ട്. കൂടാതെ ഗവേഷണത്തിനും ഇന്റേൺഷിപ്പിനും പ്രത്യേക പ്രാധാന്യമുണ്ട്.
ലോകോത്തര ഫാക്കൽറ്റികളുടെ കീഴിലുള്ള പഠനം, വിദേശ സർവകലാശാലകളിൽ ഒരു സെമസ്റ്റർ പഠിക്കാനുള്ള അവസരം, ഐ.ഐ.എമ്മിലെ പ്രഗല്ഭരായ പൂർവവിദ്യാർഥികളുടെ മെന്ററിങ് എന്നിവ വിദ്യാർഥികൾക്ക് വലിയ കരിയർ സാധ്യതകൾ തുറന്നുനൽകുന്നു. കേസ് സ്റ്റഡികൾ, സിമുലേഷൻസ്, പ്രായോഗിക പരിശീലനങ്ങൾ എന്നിവയിലൂടെ മാനേജ്മെന്റ് തത്ത്വങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കും.
പഠനകാലയളവിൽതന്നെ പ്രമുഖ കമ്പനികളിൽ ഇന്റേൺഷിപ് ഉറപ്പാക്കാനും, പഠനശേഷം മികച്ച തൊഴിലവസരങ്ങൾ കണ്ടെത്താനും ‘കെയർ’പഎന്ന പ്രഫഷനൽ കരിയർ സെൽ വിദ്യാർഥികളെ സഹായിക്കുന്നു. അടിസ്ഥാന യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ ഡിപ്ലോമ. 2026 ജൂൺ ഒന്നിന് മുമ്പായി സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സാധിക്കുന്ന നിലവിൽ പ്ലസ് ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രതിവർഷം ഏഴു ലക്ഷം രൂപയാണ് ട്യൂഷൻ ഫീസ്. (മെറ്റീരിയൽസ്, അഡ്മിനിസ്ട്രേറ്റിവ് ഫീസ് ഉൾപ്പെടെ). ഇതിന് പുറമെ പ്രവേശന ഫീസ് (10,000 രൂപ), കോഷൻ ഡിപ്പോസിറ്റ് (25,000), അലുമ്നി ഫീസ് (10,000) എന്നിവയും നൽകണം. ഹോസ്റ്റൽ, മെസ് ഫീസുകൾ പുറമെ.
താൽപര്യമുള്ള വിദ്യാർഥികൾ ഐ.ഐ.എം കോഴിക്കോടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മാർക്കുകൾ, പ്രവേശന പരീക്ഷയിലെ സ്കോർ, പേഴ്സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ സെലക്ഷൻ ലിസ്റ്റ് തയാറാക്കുന്നത്.
bmsathelpdesk@iimk.ac.in, +91 7356109910, 7356107510, 9446979554, www.iimk.ac.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.