കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) 439 മുതൽ 535/2025 വരെ കാറ്റഗറികളിൽപെടുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകളും ശമ്പളവും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടക്കമുള്ള വിജ്ഞാപനം നവംബർ 28ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ നിർദേശാനുസരണം ഡിസംബർ 31 വരെ അപേക്ഷിക്കാം.
ചില തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ-
സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ട്രെയിനി): കേരള സിവിൽ പൊലീസ് വകുപ്പ്, നേരിട്ടുള്ള നിയമനം. ശമ്പളം 45,600-95,6000 രൂപ. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഭിന്നശേഷിക്കാരെ പരിഗണിക്കില്ല. മൂന്ന് കാറ്റഗറികളിലായാണ് തെരഞ്ഞെടുപ്പ്.
(1) ഓപൺ മാർക്കറ്റ്
(2) പൊലീസിലെയും വിജിലൻസിലെയും ബിരുദക്കാരായ മിനിസ്റ്റീരിയൽ ജീവനക്കാർ, ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ഫിംഗർ പ്രിന്റ് എക്സ്പെർട്ട്, ഫിംഗർ പ്രിന്റ് റിസർച്ചർ എന്നിവരിൽനിന്ന് നേരിട്ടുള്ള നിയമനം.
(3). പൊലീസ്/വിജിലൻസ് വകുപ്പുകളിലെ പ്രൊബേഷൻ പൂർത്തീകരിച്ച ബിരുദധാരികളായ പൊലീസ് കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, സമാന തസ്തികകളിൽ ജോലിനോക്കുന്നവർ എന്നിവരിൽനിന്നും നേരിട്ടുള്ള നിയമനം.
വിദ്യാഭ്യാസ യോഗ്യത- ബിരുദം. പ്രായപരിധി -20-31/36 വയസ്സ്. ശാരീരിക യോഗ്യതകൾ- പുരുഷന്മാർ ഉയരം 165.10 സെ. മീറ്റർ (പട്ടികവിഭാഗം-160.02) സെ. മീറ്റർ) നെഞ്ചളവ് -81.28 സെന്റീമീറ്റർ; വികാസം 5.08 സെന്റീമീറ്റർ. വനിതകൾ- ഉയരം 160 സെ.മീറ്റർ. (പട്ടികവിഭാഗം-155 സെ. മീ). നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല.
ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി): ആംഡ് പൊലീസ് ബറ്റാലിയൻ. ശമ്പളം 45,600-95,600 രൂപ. വനിതകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാൻ അർഹരല്ല. രണ്ട് വിഭാഗങ്ങളിലായാണ് തെരഞ്ഞെടുപ്പ്. 1. ഓപൺ മാർക്കറ്റ്. 2. കോൺസ്റ്റാബുലറി (ബിരുദക്കാരായ പൊലീസ് കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, പൊലീസ്, വിജിലൻസ് വകുപ്പുകളിലെ തത്തുല്യ റാങ്കുള്ള ഉദ്യോഗസ്ഥർ എന്നിവരിൽനിന്നുള്ള നേരിട്ടുള്ള നിയമനം.)
വിദ്യാഭ്യാസ യോഗ്യത- ബിരുദം. പ്രായപരിധി 20-31/36 വയസ്സ്. തസ്തിക യോഗ്യതകൾ- ഉയരം 167 സെ. മീറ്റർ, നെഞ്ചളവ് - 81 സെ. മീറ്റർ, വികാസം- 5 സെ. മീറ്റർ. നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല.
അസിസ്റ്റന്റ് ജയിലർ ഗ്രേഡ്-1/സൂപ്രണ്ട് സബ്ജയിൽ/സൂപ്പർവൈസർ ഓപൺ പ്രിസൺ/ലെക്ചറർ ട്രെയിനിങ് ഓഫിസർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/സ്റ്റോർ കീപ്പർ ഓപൺ പ്രിസൺ: ശമ്പളം 43,400-91,200 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത- ബിരുദം. പ്രായപരിധി 18-36. ശാരീരിക യോഗ്യതകൾ- ഉയരം -165 സെ. മീറ്റർ. നെഞ്ചളവ് -81.3 സെ. മീറ്റർ. വികാസം 5 സെ. മീറ്റർ. പട്ടിക വിഭാഗങ്ങൾക്ക് ഉയരം 160 സെ. മീറ്റർ മതി. നല്ല കാഴ്ചശക്തി വേണം. വൈകല്യങ്ങൾ പാടില്ല.
ബന്ധപ്പെട്ട വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള മിനിസ്റ്റീരിയൽ ജീവനക്കാർക്കും മറ്റും നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം.
അസിസ്റ്റന്റ്: (കേരളത്തിലെ സർവകലാശാലകൾ). ശമ്പളം 39,300 -83,000 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത- ബിരുദം. പ്രായപരിധി 18-36. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ഇലക്ട്രീഷ്യൻ: (കേരളത്തിലെ സർവകലാശാലകൾ). ശമ്പളം 18,000-41,500 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത- എസ്.എസ്.എൽ.സി, എൻ.ടി.സി ഇലക്ട്രിക്കൽ/വയർമെൻ (വയർമാൻ ലൈസൻസും വയർമാൻ/ഇലക്ട്രീഷ്യൻ ആയി രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും). പ്രായപരിധി 18-36 വയസ്സ്.
കാറ്റഗറി നമ്പർ 439-535/2025 വരെ, തസ്തികകളിലേക്ക് അപേക്ഷ ഡിസംബർ 31നകം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.