ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അവതരിപ്പിച്ച മൾട്ടിപ്പിൾ എൻട്രി-എക്സിറ്റ് സംവിധാനത്തോടുകൂടിയ നാലു വർഷ ബിരുദ കോഴ്സ്, ഒരേസമയം ഇരട്ട ബിരുദം, ഓൺലൈൻ കോഴ്സുകൾ തുടങ്ങിയവ ആരംഭിക്കാനൊരുങ്ങി ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സർവകലാശാല.
പുതിയ കോഴ്സുകൾക്ക് സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി. എക്സിക്യൂട്ടിവ് കൗൺസിൽകൂടി അനുമതി നൽകിയാൽ അടുത്ത അധ്യയനവർഷം മുതൽ കോഴ്സ് ആരംഭിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശമനുസരിച്ചുള്ള എല്ലാ കാര്യങ്ങളും സർവകലാശാല സ്വീകരിച്ചുവരുകയാണെന്നും ഇതിന്റെ ഭാഗമായാണ് നാലു വർഷ ബിരുദ കോഴ്സ് അടക്കം ആരംഭിക്കുന്നതെന്നും വൈസ് ചാൻസലർ നജ്മ അക്തർ പറഞ്ഞു. സർവകലാശാലയിലെ ഭൂരിഭാഗം ബിരുദ, പി.ജി കോഴ്സുകളിലെയും പ്രവേശനം സ്വന്തം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽതന്നെയാകും നടത്തുകയെന്നും ജാമിഅ വ്യക്തമാക്കി.
ദേശീയ ബിരുദ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി-യു.ജി) വഴി കഴിഞ്ഞ വർഷം 10 കോഴ്സുകളിൽ മാത്രമാണ് പ്രവേശനം നടത്തിയത്. സർവകലാശാലയുടെ കീഴിൽ 62 ബിരുദ കോഴ്സുകളും 72 പി.ജി കോഴ്സുകളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.