ദുബൈ: യു.എ.ഇ ആസ്ഥാനമായുള്ള 34 സർവകലാശാലകളിൽനിന്ന് ബിരുദം നേടുന്ന വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത സ്വയമേവ അംഗീകരിക്കപ്പെടുന്ന സംരംഭവുമായി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം.34 സർവകലാശാലകൾ ഓട്ടോമാറ്റിക് റെക്കഗ്നിഷൻ സംരംഭത്തിന്റെ ആദ്യഘട്ടത്തിൽ ചേർന്നതായി മന്ത്രാലയം ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.
ഇത് ബിരുദധാരികൾക്ക് അവരുടെ ബിരുദങ്ങൾക്ക് ഉടനടി അംഗീകാരം ലഭിക്കാൻ സഹായകരമാകും.‘സീറോ ബ്യൂറോക്രസി’ സംവിധാനത്തെ സഹായിക്കുന്നതും ദേശീയ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതുമാണ് സംരംഭമെന്ന് മന്ത്രാലയം ചൂണ്ടിക്കാണിച്ചു. സംവിധാനം ആരംഭിച്ചതിനുശേഷം 25,000ത്തിലധികം ബിരുദധാരികൾക്ക് ഈ സേവനം പ്രയോജനപ്പെട്ടുവെന്നും മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള സ്കോളർഷിപ്പുകൾക്ക് കീഴിൽ വിദേശത്ത് പഠിക്കുന്ന ഇമാറാത്തി വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി ഇത് വിപുലീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ബിരുദാനന്തര പഠനത്തിലേക്കോ തൊഴിലിലേക്കോ ബിരുദധാരികൾക്ക് പ്രവേശനം വേഗത്തിലാക്കുന്നതിനും സംരംഭം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പരമ്പരാഗത ബ്യൂറോക്രാറ്റിക് നടപടിക്രമങ്ങളിൽനിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഓട്ടോമാറ്റിക് സംവിധാനം. നേരത്തേ ബിരുദധാരികൾക്ക് ജോലിക്കോ തുടർ പഠനത്തിനോ ബിരുദങ്ങൾ അംഗീകരിക്കപ്പെടണമെങ്കിൽ രേഖകൾ സമർപ്പിക്കുകയും മാനുവൽ വെരിഫിക്കേഷനായി കാത്തിരിക്കുകയും ചെയ്യണമായിരുന്നു. പുതിയ ഡിജിറ്റൽ സംവിധാനം ഈ കാലതാമസം ഇല്ലാതാക്കുന്നു. പഠനം പൂർത്തിയാക്കിയ ഉടൻതന്നെ ബിരുദധാരികൾക്ക് അവരുടെ പദ്ധതികളുമായി മുന്നോട്ട് പോകാൻ സഹായിക്കുകയും ചെയ്യും. യു.എ.ഇയുടെ വിശാലമായ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളുമായും പൗരന്മാർക്കും താമസക്കാർക്കും മികച്ച സേവനം നൽകുന്ന കൂടുതൽ കാര്യക്ഷമവും കടലാസ് രഹിതവുമായ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതുമാണ് സംരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.