ന്യൂഡൽഹി: നീറ്റ് യു.ജി 2026 ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ മഹാരാഷ്ട്രയിലെ കോച്ചിങ് സെന്റർ ഉടമ പരീക്ഷ ചോദ്യങ്ങൾ മുൻകൂട്ടി ലഭിക്കാൻ നൽകിയത് അഞ്ച് ലക്ഷം രൂപയെന്ന് സി.ബി.ഐ. ലത്തൂർ ആസ്ഥാനമായുള്ള കോച്ചിങ് സെന്റർ ഉടമ ശിവരാജ് രഘുനാഥ് മൊട്ടേഗാവങ്കർ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ചോദ്യപേപ്പർ തയാറാക്കൽ സമിതിയിലുണ്ടായിരുന്ന പി.വി. കുൽക്കർണിക്ക് അഞ്ച് ലക്ഷം രൂപ നൽകിയെന്ന് സി.ബി.ഐ പ്രത്യേക കോടതിയെ അറിയിച്ചു.
മൊട്ടേഗാവങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. ‘സഹപ്രതികളുമായി ഗൂഢാലോചന നടത്തി. പരീക്ഷക്ക് മുമ്പ് നീറ്റ് യു.ജി രസതന്ത്ര ചോദ്യപേപ്പർ അദ്ദേഹം വാങ്ങി. അതിനായി അഞ്ചുലക്ഷം രൂപ നൽകി’ -സി.ബി.ഐ വ്യക്തമാക്കി. കുൽക്കർണി നടത്തിയ കെമിസ്ട്രി ട്യൂഷനിൽ പങ്കെടുത്തിരുന്ന മൊട്ടേഗാവങ്കറിന്റെ മകന് അവിടെവെച്ചാണ് ചോദ്യങ്ങൾ ലഭിച്ചതെന്നും അന്വേഷണ ഏജൻസി ആരോപിച്ചു.
പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് കെമിസ്ട്രി വിഷയവുമായി ബന്ധപ്പെട്ട 132 കൈയെഴുത്ത് ചോദ്യങ്ങളുടെ ചിത്രങ്ങൾ സി.ബി.ഐ കണ്ടെത്തി. അഞ്ച് ഡ്യൂപ്ലിക്കേറ്റ് ചിത്രങ്ങൾ ഉൾപ്പെടെ 32 ചിത്രങ്ങളാണ് കണ്ടെടുത്തത്. ഇതിൽ 111 ചോദ്യങ്ങൾ എൻ.ടി.എയുടെ യഥാർഥ ചോദ്യപേപ്പർ സെറ്റുകളിലെ ചോദ്യങ്ങളുമായി പൊരുത്തപ്പെടുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും സി.ബി.ഐ വ്യക്തമാക്കി. പരീക്ഷ നടന്ന മേയ് മൂന്നിന് 10 ദിവസം മുമ്പാണ് ഈ ചിത്രങ്ങൾ പകർത്തിയതെന്നും പരിശോധനയിൽ വ്യക്തമായതായി സി.ബി.ഐ അറിയിച്ചു.
ചോർന്ന ചോദ്യങ്ങൾക്കായി നൽകിയതായി പറയുന്ന അഞ്ച് ലക്ഷം രൂപ സഹപ്രതി മനോജ് ഭഗവാൻറാവു ഷിറുറെയിൽ നിന്ന് കണ്ടെടുത്തതായും സി.ബി.ഐ കോടതിയെ അറിയിച്ചു. കേസിൽ ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എല്ലാവരും ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.
മേയ് മൂന്നിന് നടന്ന 2026ലെ നീറ്റ് യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് 12ന് റദ്ദാക്കിയിരുന്നു. തുടർന്ന് എൻ.ടി.എ ജൂൺ 21ന് വീണ്ടും പരീക്ഷ നടത്തുകയായിരുന്നു. പരീക്ഷാഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി എൻ.ടി.എക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനുമെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധ സമരം 27 ദിവസം പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.