ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമായി നടപ്പാക്കാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ കേന്ദ്രം നിലപാട് അറിയിച്ചു.
വിദഗ്ധ സമിതിയുടെ ശിപാർശകൾ കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും സുപ്രീംകോടതിയുടെ അനുമതിക്ക് ശേഷം പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ, കൗമാരപ്രായത്തിലുള്ള ഗർഭധാരണം, വ്യക്തിഗത സുരക്ഷ, സമ്മതം, ആരോഗ്യകരമായ ബന്ധങ്ങൾ, പ്രായത്തിനനുസരിച്ചുള്ള ലൈംഗിക-പ്രത്യുൽപാദന ആരോഗ്യ അവബോധം എന്നിവ ഉൾപ്പെടുത്തി പാഠ്യപദ്ധതി തയാറാക്കാനാണ് വിദഗ്ധ സമിതി ശിപാർശ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണവും പാഠ്യവിഷയത്തിന്റെ ഭാഗമാക്കും. പോക്‌സോ നിയമത്തെ കുറിച്ച് വ്യക്തമായ അവബോധം വിദ്യാര്‍ഥികളിലുണ്ടാക്കും.
കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും ശാസ്ത്രീയവും പ്രായോചിതവുമായ അറിവ് നൽകുന്നതിനുമാണ് സമഗ്ര ലൈംഗിക വിദ്യാഭ്യാസം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ ഗവേഷണ-പരിശീലന കൗൺസിലിന് പുതിയ പാഠ്യപദ്ധതി തയാറാക്കാനും ശിപാർശ ചെയ്തിട്ടുണ്ട്.
വിഷയത്തില്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടിയിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളും നിലപാട് അറിയിച്ചിട്ടില്ല. പ്രായപൂർത്തിയാകാത്തവരുടെ ഗർഭധാരണവും പോക്സോ നിയമപ്രകാരമുള്ള കേസുകളും സംബന്ധിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം നിലപാട് അറിയിച്ചത്. വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള 26 അംഗ വിദഗ്ധ സമിതിയാണ് സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനെ കുറിച്ച് പഠിച്ചതും റിപ്പോര്‍ട്ട് തയാറാക്കിയതും.
പ്രൈമറി തലം മുതല്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഴ്ചയില്‍ രണ്ടുതവണ 15 മുതല്‍ 20 മിനിറ്റ് വരെയുള്ള ക്ലാസുകള്‍ നടത്തണം. വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരെ ഇതിനായി ചുമതലപ്പെടുത്തണം. മാതാപിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി കുട്ടികളുടെ വളര്‍ച്ചാ ഘട്ടങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കാന്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു.
സമഗ്ര ലൈംഗിക വിദ്യാഭ്യാസം ദേശീയ വിദ്യാഭ്യാസ നയവുമായി സംയോജിപ്പിക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. നിലവിലെ കൗമാര വിദ്യാഭ്യാസ പദ്ധതികൾ അവലോകനം ചെയ്യാനും വിദ്യാർഥികളിൽ സമഗ്രമായ വികസനം, വിമർശനാത്മക ചിന്ത, ജീവിത നൈപുണ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും അവയെ ശക്തിപ്പെടുത്താനും കമ്മിറ്റി നിർദ്ദേശിച്ചു. സമഗ്ര ലൈംഗിക വിദ്യാഭ്യാസം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങി നിൽക്കരുതെന്നും കുട്ടികളുടെ വളർച്ചാ ഘട്ടങ്ങളും പ്രായത്തിനനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും മനസ്സിലാക്കാൻ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പതിവായി മീറ്റിങ്ങുകൾ സംഘടിപ്പിക്കണമെന്നും കമ്മിറ്റി ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.