പ്രതീകാത്മക ചിത്രം
ഗൾഫിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കൽ: സുപ്രീം കോടതി വാദം കേൾക്കൽ അടുത്തയാഴ്ച
ന്യൂഡൽഹി: ഇറാൻ-യു.എസ് സംഘർഷത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതിനെതിരെ വിദ്യാർഥികൾ നൽകിയ ഹരജിയിൽ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേൾക്കും. റെഗുലർ വിദ്യാർഥികൾക്കായി സി.ബി.എസ്.ഇ ഏർപ്പെടുത്തിയ മൂല്യനിർണയ രീതി ചോദ്യം ചെയ്യുന്ന ഹരജിയിലാണ് തുടർനടപടി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേൾക്കുക. ഇക്കാര്യത്തിൽ മറുപടി ഫയൽ ചെയ്യുമെന്ന് സി.ബി.എസ്.ഇക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള 30 റഗുലർ വിദ്യാർഥികളാണ് ഹരജി നൽകിയത്. തുടർന്ന് ജൂലൈ എട്ടിന് സുപ്രീം കോടതി കേന്ദ്ര സർക്കാറിനോടും സി.ബി.എസ്.ഇയോടും മറുപടി ആവശ്യപ്പെട്ടിരുന്നു. ഹരജികളുടെ പകർപ്പ് സോളിസിറ്റർ ജനറലിന് നൽകാനും കോടതി നിർദേശിച്ചു.
പരീക്ഷ റദ്ദാക്കലിനെത്തുടർന്നുള്ള മൂല്യനിർണയവുമായി ബന്ധപ്പെട്ട് ജൂൺ 21ന് പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഗൾഫിൽനിന്നുള്ള പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി നൽകിയ മറ്റൊരു ഹരജിയിലും കേന്ദ്രത്തിന്റെയും സി.ബി.എസ്.ഇയുടെയും മറുപടി തേടിയിരുന്നു. മൂല്യനിർണയ രീതിയിൽ വിദ്യാർഥികൾ തൃപ്തരല്ലെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. മാർച്ച് 27ലെ മൂല്യനിർണയ രീതി റദ്ദാക്കണമെന്നോ അല്ലെങ്കിൽ അതിൽ ഉചിതമായ ഭേദഗതി വരുത്തണമെന്നോ ആണ് ഹരജിയിലെ ആവശ്യം.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ചില രാജ്യങ്ങളിലെ സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് പകരം മൂല്യനിർണയ രീതി ഏർപ്പെടുത്തിയത്.
പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർഥികൾക്ക് എങ്ങനെ തുല്യനീതി ഉറപ്പാക്കാം എന്നതാണ് കേസിലെ പ്രധാന വിഷയം. സുപ്രീം കോടതിയുടെ അടുത്ത വാദം സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയ നടപടിയിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.