ശാസ്ത്രപഠനം തങ്ങളുടെ ഭാവിയായി തെരഞ്ഞെടുത്ത മിടുക്കരായ പതിനായിരക്കണക്കിന് വിദ്യാർഥികളെ കടുത്ത ആശങ്കയിലാഴ്ത്തിക്കൊണ്ട്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അഭിമാന പദ്ധതിയായ 'ഇൻസ്പയർ' സ്കോളർഷിപ്പ് കടുത്ത പ്രതിസന്ധിയിൽ. പ്രതിവർഷം 80,000 രൂപ വരെ ലഭിച്ചിരുന്ന ഈ സ്കോളർഷിപ്പിന്റെ 2025-ലെ വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഉപരിപഠനത്തിനായി ഈ തുകയെ പൂർണമായും ആശ്രയിച്ചിരുന്ന സാധാരണക്കാരായ വിദ്യാർഥികളുടെ ഭാവിയാണ് ഇതോടെ വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
രാജ്യത്തെ അടിസ്ഥാന ശാസ്ത്ര ശാഖകളിൽ (Basic and Natural Sciences) ബിരുദ-ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന 17-നും 22-നും ഇടയിൽ പ്രായമുള്ള 12,000-ത്തോളം മിടുക്കരായ വിദ്യാർഥികൾക്കാണ് പ്രതിവർഷം ഈ ആനുകൂല്യം ലഭിക്കുന്നത്. 12-ാം ക്ലാസ് ബോർഡ് പരീക്ഷകളിൽ ആദ്യത്തെ 1 ശതമാനത്തിൽ എത്തുന്നവർക്കോ അല്ലെങ്കിൽ ജെ.ഇ.ഇ പോലുള്ള ദേശീയ പ്രവേശന പരീക്ഷകളിലൂടെ രാജ്യത്തെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവർക്കോ ആണ് ഈ സ്കോളർഷിപ്പിന് അർഹതയുള്ളത്.
സാധാരണയായി എല്ലാ വർഷവും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇതിനായുള്ള അപേക്ഷകൾ ക്ഷണിക്കാറുള്ളത്. എന്നാൽ, 2025 വർഷത്തെ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയം കഴിഞ്ഞ് 10 മാസങ്ങൾ പിന്നിട്ടിട്ടും യാതൊരുവിധ ഔദ്യോഗിക അറിയിപ്പും അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഇതേക്കുറിച്ച് വിദ്യാർഥികളും അധ്യാപകരും വിവരവകാശ നിയമപ്രകാരം നൽകിയ അപേക്ഷകൾക്ക് അതീവ നിരാശാജനകമായ മറുപടിയാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകിയത്. "2025-ലെ ഇൻസ്പയർ സ്കോളർഷിപ്പ് പരസ്യം ഇനി ഉണ്ടാകില്ല" എന്നതായിരുന്നു വകുപ്പിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണം.
സ്കോളർഷിപ്പ് പൂർണമായും നിർത്തിയോ അതോ പുതിയ രൂപത്തിൽ അവതരിപ്പിക്കുകയാണോ എന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ മന്ത്രാലയം തയാറായിട്ടില്ല. ഈ സ്കോളർഷിപ്പ് ലഭിക്കുമെന്ന ഉറപ്പിൽ മറ്റ് സംസ്ഥാന-ദേശീയ സ്കോളർഷിപ്പുകൾക്കൊന്നും അപേക്ഷിക്കാതെ ബി.എസ്.സി പോലുള്ള കോഴ്സുകളിൽ ചേർന്ന ഒട്ടനവധി വിദ്യാർഥികൾ ഇപ്പോൾ കോഴ്സ് ഫീസ് അടക്കാനും ഹോസ്റ്റൽ ചിലവുകൾക്കും പോലും കഷ്ടപ്പെടുകയാണ്.
ഐ.ഐ.ടി കാൺപൂർ പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ തങ്ങളുടെ വിദ്യാർഥികൾക്കായി ഡി.എസ്.ടി-യെ ഔദ്യോഗികമായി ബന്ധപ്പെട്ടപ്പോഴും സമാനമായ മറുപടിയാണ് ലഭിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്ഥാപനങ്ങൾ അയക്കുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റുകൾ പരിഗണിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നിലവിൽ ഈ സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന പഴയ ബാച്ചുകളിലെ വിദ്യാർത്ഥികൾക്ക് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന പക്ഷം തുക തുടർന്നും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പുതുതായി ശാസ്ത്ര പഠനത്തിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് ഈ വാതിൽ പൂർണമായും കൊട്ടിയടക്കപ്പെടുകയാണ്.
ഇന്ത്യൻ ഗവൺമെന്റിന്റെ വിവിധ ശാസ്ത്ര സ്കോളർഷിപ്പുകളിൽ വരുത്തുന്ന വലിയ മാറ്റങ്ങളുടെ ഭാഗമായാണ് ഇൻസ്പയറിനും ഈ തിരിച്ചടി നേരിട്ടിരിക്കുന്നത്. 2025 ജനുവരിയിൽ ഇൻസ്പയർ ഉൾപ്പെടെയുള്ള ശാസ്ത്ര സാങ്കേതിക പദ്ധതികൾ 'വിജ്ഞാൻ ധാര' എന്ന ഒറ്റ വലിയ പദ്ധതിക്ക് കീഴിലേക്ക് ലയിപ്പിച്ചിരുന്നു. ഇതിന് തൊട്ടുമുമ്പുള്ള വർഷങ്ങളിൽ ഈ പദ്ധതികളുടെ ബജറ്റ് വിഹിതം കേന്ദ്ര സർക്കാർ ഗണ്യമായി കുറക്കുകയും ചെയ്തിരുന്നു. ഫണ്ടുകളുടെ വിനിയോഗം മെച്ചപ്പെടുത്താനും ഏകോപനം ശക്തമാക്കാനുമാണ് ഈ ലയനം എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും താഴേത്തട്ടിലുള്ള വിദ്യാർത്ഥികളിലേക്ക് മുൻപുണ്ടായിരുന്നതുപോലെ ആനുകൂല്യങ്ങൾ എത്തുന്നില്ല എന്നതാണ് നിലവിലെ യാഥാർത്ഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.