തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ ചോദ്യം കടുപ്പമേറിയെന്ന് വിദ്യാർഥികളിൽനിന്ന് പരാതി ഉയർന്ന കെമിസ്ട്രിയിൽ (രസതന്ത്രം) വിജയശതമാനവും എ പ്ലസുകാരുടെ എണ്ണത്തിലും വൻ ഇടിവ്. കഴിഞ്ഞവർഷം കെമിസ്ട്രിയിൽ 89.58 വിജയമുണ്ടായിരുന്നത് ഇത്തവണ 86.27 ശതമാനമായി. കഴിഞ്ഞവർഷം കെമിസ്ട്രിയിൽ എ പ്ലസ് നേടിയത് 50439 ഇത്തവണ 30317 ആയി കുറഞ്ഞു. കുറവ് 20122. ഫിസിക്സിലും ബയോളജിയിലും എ പ്ലസുകാരുടെ എണ്ണത്തിൽ കുറവുണ്ട്. കഴിഞ്ഞവർഷം ഫിസിക്സിൽ 48102 പേർക്ക് എ പ്ലസ് ഉണ്ടായിരുന്നത് ഇത്തരണ 44922 ആയി കുറഞ്ഞു.
എന്നാൽ ഫിസിക്സിൽ വിജയശതമാനത്തിൽ നേരിയ വർധനവുണ്ട്. ബയോളജിയിൽ കഴിഞ്ഞ വർഷം 58525 പേർക്ക് എ പ്ലസ് ഉണ്ടായിരുന്നത് ഇത്തവണ 41536 ആയി കുറഞ്ഞു. വിജയശതമാനത്തിൽ (95.06) നേരിയ കുറവുണ്ട്. കഴിഞ്ഞവർഷം കൂടുതൽപേർക്ക് തോൽവി പിണഞ്ഞ ഇംഗ്ലീഷിൽ ഇത്തവണ വിജയ ശതമാനവും എ പ്ലസുകാരുടെ എണ്ണവും കൂടി. ഇംഗ്ലീഷിൽ ഇത്തവണ 90.26 (കഴിഞ്ഞ വർഷം 88.07) വിജയശതമാനവും 72248 പേർക്ക് (കഴിഞ്ഞ വർഷം 63005) എ പ്ലസുമുണ്ട്. മാത്തമാറ്റിക്സിൽ (സയൻസ് കോമ്പിനേഷൻ) വിജയ ശതമാനത്തിൽ നേരിയ വർധന ഉണ്ടായപ്പോൾ (89.71) എ പ്ലസുകാരുടെ എണ്ണം 55656ൽ നിന്ന് 41864 ആയി കുറഞ്ഞു.
ഇത്തവണയും മലയാളത്തിൽ തന്നെയാണ് കൂടുതൽ പേർക്ക് എ പ്ലസ്; 100962 പേർ (കഴിഞ്ഞ വർഷം 92897). ഹിന്ദിയിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ട്. കഴിഞ്ഞ വർഷം 74732 പേർക്ക് എ പ്ലസുണ്ടായിരുന്നത് ഉത്തവണ 75986 ആയി വർധിച്ചു. ഹിസ്റ്ററിയിൽ വിജയ ശതമാനം കുറഞ്ഞപ്പോൾ (86.06) ഇക്കണോമിക്സിൽ വിജയം ശതമാനം (86.82) വർധിച്ചു. അറബിക്കിൽ വിജയശതമാനത്തിൽ നേരിയ കുറവുണ്ട്. കഴിഞ്ഞ വർഷം 99.95 ഉണ്ടായിരുന്നത് ഇത്തവണ 99.93 ആയി. എന്നാൽ എ പ്ലസുകാരുടെ എണ്ണം 36134 ആയി (കഴിഞ്ഞ വർഷം 31387) വർധിച്ചു.
സയൻസ് വിഷയങ്ങളിൽ എ പ്ലസുകാരുടെ എണ്ണത്തിലുണ്ടായ കുറവാണ് ഇത്തവണ മൊത്തം എ പ്ലസ് എണ്ണത്തിൽ വൻ കുറവ് വരാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.