ഉമർ ഖാലിദ്, സൊഹ്റാൻ മംദാനി

ഉമർ ഖാലിദിന് സൊഹ്‌റാൻ മംദാനിയുടെ കത്ത്; ‘ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു’

ന്യൂഡൽഹി: ന്യൂയോർക്ക് മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, ജയിലിൽ കഴിയുന്ന ഇന്ത്യൻ ആക്ടിവിസ്റ്റ് ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി കത്തെഴുതി. തിഹാർ ജയിലിൽ യു.എ.പി.എ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന ജെ.എൻ.യു മുൻ വിദ്യാർഥി കൂടിയായ ഉമർ ഖാലിദിനെ സംബോധന മംദാനി എഴുതിയ കുറിപ്പ് കഴിഞ്ഞ ദിവസം ഉമറിന്‍റെ സുഹൃത്ത് ബനജ്യോത്സന ലാഹിരിയാണ് പുറത്തുവിട്ടത്. ന്യൂയോർക്കിന്‍റെ അമരത്തെത്തുന്ന ആദ്യ മുസ്ലിം വംശജനും ഇന്ത്യൻ വംശജനുമായ മംദാനി, കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്

ഉമർ ഖാലിദിന്‍റെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മംദാനി കത്തെഴുതിയിരിക്കുന്നത്. ‘കയ്പ്പുനിറഞ്ഞ അനുഭവങ്ങൾ ഒരാളെ സ്വയം നശിപ്പിക്കാൻ അനുവദിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള നിങ്ങളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കുന്നു. നിങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു’ -സ്വന്തം കൈപ്പടയിൽ മംദാനി കുറിച്ചു. നേരത്തെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന കാലത്തും ഉമർ ഖാലിദിന്‍റെ തടവ് നീളുന്നതിനെതിരെ മംദാനി പരസ്യമായി രംഗത്തെത്തിയിരുന്നു.

2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി നടന്ന ഒരു ചടങ്ങിൽ, വിചാരണ പോലുമില്ലാതെ ആയിരം ദിവസത്തിലധികമായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്‍റെ രചനകൾ അദ്ദേഹം വായിച്ചിരുന്നു. വെറുപ്പിനും ആൾക്കൂട്ട കൊലപാതകങ്ങൾക്കുമെതിരെ സംസാരിച്ച ഒരു യുവാവിനെ വിചാരണയില്ലാതെ തടവിലിടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന നിലപാടാണ് മംദാനി അന്ന് സ്വീകരിച്ചത്. കഴിഞ്ഞ മാസം ഉമറിന്‍റെ മാതാപിതാക്കൾ യു.എസ് സന്ദർശിച്ച വേളയിലാണ് മംദാനി കത്ത് കൈമാറിയതെന്ന് റിപ്പോർട്ടുണ്ട്.

അതേസമയം, സഹോദരിയുടെ വിവാഹത്തിൽ പ​ങ്കെടുക്കാനായി ലഭിച്ച 14 ദിവസത്തെ ജാമ്യകാലാവധി പൂർത്തിയാക്കിയ ഉമർ ഖാലിദ് വീണ്ടും ജയിലിലെത്തി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ 2020 സെപ്റ്റംബർ മുതൽ ജയിലിൽ കഴിയുന്ന ഉമർഖാലിദിന്, ഡിസംബർ 11നാണ് ഡൽഹിയിലെ കർക്കദൂമ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം.

ഡിസംബർ 27ന് നടന്ന സഹോദരിയുടെ വിവാഹ ചടങ്ങിൽ പ​ങ്കെടുത്ത ശേഷം, തിങ്കളാഴ്ച ഉമർഖാലിദ് വീണ്ടും തിഹാർ ജയിലിലെത്തി. പിതാവ് എസ്.ക്യൂ.ആർ ഇല്ല്യാസിനും മാതാവിനും സഹോദരിക്കുമൊപ്പം എത്തി തിഹാർ ജയിൽ കവാടത്തി​ലേക്ക് പ്രവേശിക്കുന്ന ചിത്രങ്ങൾ ഉമർഖാലിദിന്റെ പേരിലുള്ള സാമൂഹിക മാധ്യമ പേജിൽ പങ്കുവെച്ചു. ‘14 ദിവസത്തെ സ്വാതന്ത്ര്യത്തിനുശേഷം വീണ്ടും തിഹാർ ജയിലിലേക്ക്. ഈ അന്ധകാരത്തെ നമ്മൾ ഉടൻ മറികടക്കുമെന്ന പ്രതീക്ഷയും കരുത്തും ഹൃദയങ്ങൾക്ക് പകരട്ടേ. എല്ലാ രാഷ്ട്രീയ തടവുകാർക്കും കരുത്തും ധൈര്യവും നേരുന്നു’ -ഉമർ ഖാലിദിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചത് ഇങ്ങനെ.

2020ൽ അറസ്റ്റിലായ ഉമർ ഖാലിദിന് കഴിഞ്ഞ വർഷവും ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാനായി ഏഴു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നിരവധി ഉപാധികളോടെയാണ് ഇത്തവണ ജാമ്യം നൽകിയത്. സാമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുത്, കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അല്ലാതെ മറ്റാരെയും കാണരുത്, വീട്ടിലോ അല്ലെങ്കില്‍ വിവാഹചടങ്ങ് നടക്കുന്ന സ്ഥലങ്ങളിലോ മാത്രമേ താമസിക്കാവൂ, സാക്ഷികളെ ബന്ധപ്പെടരുത്, ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്.

Tags:    
News Summary - 'We Are All Thinking Of You': NYC Mayor Zohran Mamdani Writes To Jailed Activist Umar Khalid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.