യു.എസ്.എസ് ട്രിപ്പോളി
വാഷിങ്ടൺ: പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെയും യുദ്ധക്കപ്പലും എത്തിക്കാൻ യു.എസ്. ഇതുമായി ബന്ധപ്പെട്ട് 2500 മറൈൻ സേനകളെയും അമ്പിബിയസ് അസോൾട്ട് കപ്പലും (കടലിൽ നിന്ന് കരയിലേക്ക് സൈനികരെ ഇറക്കാൻ ഉപയോഗിക്കുന്ന യുദ്ധക്കപ്പൽ) പശ്ചിമേഷ്യയിലേക്ക് അയക്കാൻ യു.എസ് ഉത്തരവിട്ടു.
31-ാമത് മറൈൻ എക്സ്പെഡിഷണറി യൂണിറ്റിനും യുദ്ധക്കപ്പലായ യു.എസ്.എസ് ട്രിപ്പോളിക്കും മിഡിൽ ഈസ്റ്റിലേക്ക് പോകാൻ യു.എസ് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
പ്രതിസന്ധി ഘട്ടങ്ങളിൽ അതിവേഗത്തിൽ പ്രതികരിക്കാൻ പരിശീലനം ലഭിച്ച സൈനിക വിഭാഗമാണ് മറൈൻ എക്സ്പെഡിഷണറി യൂണിറ്റുകൾ. കരയിലും കടലിലും ഒരുപോലെ ആക്രമണങ്ങൾ നടത്താൻ ഇവർക്ക് കഴിയും. എംബസി സുരക്ഷിതമാക്കൽ, അപകടങ്ങളിൽ പൗരരെ ഒഴിപ്പിക്കുക തുടങ്ങിയവയിൽ ഇവർ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. നിലവിൽ 31-ാമത് മറൈൻ എക്സ്പെഡിഷണറി യൂണിറ്റും യു.എസ്.എസ് ട്രിപ്പോളിയും ജപ്പാനിലാണ് സ്ഥിതി ചെയ്യുന്നത്. മിഡിൽ ഈസ്റ്റിലുടനീളം സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യു.എസിന്‍റെ പുതിയ സൈനിക വിന്യാസം.
നിലവിൽ യു.എസ് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൻ ഉൾപ്പെടെ യു.എസ് നാവികസേനയുടെ 12 കപ്പലുകളാണ് അറബിക്കടലിൽ പ്രവർത്തിക്കുന്നത്. ഇക്കൂട്ടത്തിൽ യു.എസ്.എസ് ട്രിപ്പോളി കൂടി ചേർന്നാൽ എബ്രഹാം ലിങ്കന് ശേഷം ഇറാന് സമീപം നങ്കൂരമിട്ടിരിക്കുന്ന രണ്ടാമത്തെ വലിയ കപ്പലായി മാറുമെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
മിഡിൽ ഈസ്റ്റിലുടനീളം വിന്യസിച്ചിരിക്കുന്ന യു. എസ് സേനാംഗങ്ങളുടെ ആകെ എണ്ണം വ്യക്തമല്ല. എന്നിരുന്നാലും, മേഖലയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ഏകദേശം 8000 യു.എസ് സൈനികർ ഉണ്ട്. യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കൻ സൈന്യം 15,000-ത്തിലധികം ലക്ഷ്യങ്ങളെ ആക്രമിച്ചിട്ടുണ്ടെന്ന് യു. എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. അതായത് പ്രതിദിനം ശരാശരി 1000ത്തിലധികം ആക്രമണങ്ങൾ.
അതിനിടെ ഇറാന്റെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി നടക്കുന്ന ഖാരിജ് ദ്വീപിൽ യു. എസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. ഖാരിജ് ദ്വീപിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചെന്നാണ് ട്രംപിന്‍റെ അവകാശവാദം. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിന്റെയും കയറ്റുമതി ടെർമിനലായി പ്രവർത്തിക്കുന്ന ദ്വീപാണ് ഖാരിജ്.
ഇറാൻ തീരത്തുനിന്ന് 25 കിലോമീറ്ററിലേറെ അകലെയുള്ള ഖാരിജ് ദ്വീപിലാണ് രാജ്യത്തെ എണ്ണപ്പാടങ്ങളിൽനിന്നുള്ള പൈപ്പുകളിൽ മഹാഭൂരിപക്ഷവും അവസാനിക്കുന്നത്. ഇവിടെവെച്ചാണ് കപ്പലുകളിൽ കയറ്റിപ്പോകുന്നതും. അമേരിക്കൻ കമ്പനിയായ ‘അമോകോ’ സ്ഥാപിച്ച പൈപ് ലൈനുകൾ 1979ലെ വിപ്ലവകാലത്ത് ഇറാൻ പിടിച്ചെടുക്കുകയായിരുന്നു.
ഇറാൻ തീരങ്ങളിലേറെയും കപ്പലുകളടുപ്പിക്കാനാവാത്തവിധം ആഴം കുറഞ്ഞതോ എക്കൽ നിറഞ്ഞതോ ആണെങ്കിൽ ഖാരിജിലേത് ആഴം കൂടിയവയാണ്. ശരാശരി 13 ലക്ഷം മുതൽ 16 ലക്ഷം വരെ എണ്ണ പ്രതിദിനം ഇവിടെനിന്ന് കയറ്റിപ്പോകുന്നുണ്ട്. ഖാരിജിൽ 1.80 കോടി ബാരൽ കരുതൽ ശേഖരമായും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
തെളിയിക്കപ്പെട്ട ആഗോള എണ്ണ ശേഖരത്തിന്റെ 11.8 ശതമാനവും സ്വന്തമായുള്ള ഇറാന്റെ എണ്ണ കയറ്റുമതിയുടെ ആസ്ഥാനമായ ഖാരിജ് ദ്വീപ് ലക്ഷ്യമിട്ടാൽ ആ രാജ്യത്തുനിന്നുള്ള എണ്ണ കയറ്റുമതി നിലക്കും. അതോടെ റോക്കറ്റ് കണക്കെ എണ്ണവില കുതിക്കുമെന്നുറപ്പ്. ബാരലിന് 100 ഡോളർ കടന്ന എണ്ണവില ഒറ്റയടിക്ക് 150 ഡോളറും പിന്നിട്ട് കുതിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.