പാരീസ്: അന്താരാഷ്ട്രതലത്തിൽ വിവാദമായ ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ടിരുന്ന ഫ്രഞ്ച് മോഡലിങ് സ്കൗട്ട് ഡാനിയൽ സയാദിനെ പാരീസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാരീസിന്റെ വടക്കുപടിഞ്ഞാർ പ്രദേശമായ കൊളംബ്സിലെ അയാളുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്ന് കണ്ടെത്താൻ പൊലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ യഥാർഥ കാരണം പ്രഖ്യാപിക്കാനാകൂ എന്നും നാന്റേറെ പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു.
അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിൽ രണ്ടായിരത്തോളം തവണ ഡാനിയലിന്റെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ജെഫ്രി എപ്സ്റ്റീന് വേണ്ടി സ്ത്രീകളെയും പെൺകുട്ടികളെയും റിക്രൂട്ട് ചെയ്തിരുന്നത് ഡാനിയലാണെന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നിരുന്നത്. കുറഞ്ഞത് അഞ്ച് സ്ത്രീകളെങ്കിലും ഇയാൾക്കെതിരെ നേരിട്ട് പീഡനപരാതി നൽകിയിട്ടുണ്ടെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാനഭംഗം, മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള നിരവധി പരാതികൾ ഇയാൾക്കെതിരെ നിലവിലുണ്ടായിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഡാനിയൽ നിഷേധിച്ചിരുന്നു.
എപ്സ്റ്റീൻ ഫയലുകൾ പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫ്രാൻസിൽ മനുഷ്യക്കടത്ത്, നികുതി വെട്ടിപ്പ് എന്നിവയിൽ അന്വേഷണം ആരംഭിച്ചത്. ഇതിനുശേഷം ഡാനിയലിൽനിന്നോ മറ്റുള്ളവരിൽനിന്നോ പീഡനം നേരിട്ട 24 ഓളം സ്ത്രീകൾ സാക്ഷികളായും ഇരകളായും രംഗത്തുവന്നിട്ടുണ്ടായിരുന്നു. മരണശേഷവും കേസിൽ പത്തോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘം അന്വേഷണം തുടരുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഡാനിയലിന്റെ അറസ്റ്റിലേക്ക് നയിക്കാവുന്ന വിധത്തിലുള്ള കൃത്യമായ തെളിവുകളൊന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക മെന്യ അറബ്-ടിഗ്രിൻ അറിയിച്ചു. ഡാനിയൽ സയാദ് നിരപരാധിയായിരുന്നുവെന്നും ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതെന്നും റോയിട്ടേഴ്സിന് അയച്ച പ്രസ്താവനയിൽ അഭിഭാഷക അവകാശപ്പെട്ടു. എപ്സ്റ്റീനുമായി തനിക്ക് തികച്ചും പ്രഫഷണൽ ആയ ബന്ധം മാത്രമാണുണ്ടായിരുന്നതെന്ന് കഴിഞ്ഞ മേയ് മാസത്തിൽ ഒരു ഫ്രഞ്ച് ചാനലിന് നൽകിയ അഭിമുഖത്തിൽ ഡാനിയലും വ്യക്തമാക്കിയിരുന്നു.
എപ്സ്റ്റീൻ ലൈംഗികക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ ദുരൂഹസാഹചര്യത്തിൽ മരിക്കുന്ന രണ്ടാമത്തെ പ്രമുഖനാണ് ഡാനിയൽ സയാദ്. എപ്സ്റ്റീന് പെൺകുട്ടികളെ എത്തിച്ചുനൽകിയെന്ന കേസിൽ 2020-ൽ അറസ്റ്റിലായ പ്രമുഖ മോഡലിംഗ് ഏജന്റ് ജീൻ-ലൂക്ക് ബ്രൂണൽ 2022-ൽ ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.