വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സി.ഐ.എ കേന്ദ്രങ്ങൾക്ക് നേരെ ഉണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ റഷ്യയുടെ ഇടപെടലുണ്ടായോ എന്ന് യു.എസ് അന്വേഷിക്കുന്നതായി ഇന്റലിജൻസുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ലക്ഷ്യസ്ഥാനം സംബന്ധിച്ച വിവരങ്ങളോ നൂതന ഡ്രോൺ സാങ്കേതികവിദ്യയോ നൽകി യുദ്ധത്തിൽ റഷ്യ ഇറാനെ സഹായിച്ചിട്ടുണ്ടോ എന്നതിനെക്കുറച്ചാണ് യു.എസ് അന്വേഷിക്കുന്നതെന്ന് റോയിട്ടേഴ്സ്‍ റിപ്പോർട്ട് ചെയ്തു.
സി.ഐ.എ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ റഷ്യക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ യു.എസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇതുവരെ അന്തിമ നിഗമനത്തിലെത്തിയിട്ടില്ല. എങ്കിലും, ആക്രമണങ്ങളുടെ ഫലപ്രാപ്തിയും വ്യക്തമായ കൃത്യതയും, ഇറാനുമായുള്ള റഷ്യയുടെ വിശാലമായ സാങ്കേതിക പിന്തുണയും ഇതിനുള്ള സാധ്യതകളായി കരുതുന്നുണ്ട്.
പൊതുവേ പശ്ചിമേഷ്യയിലെ യു.എസ് കേന്ദ്രങ്ങൾക്കുമേലുള്ള ആക്രമണങ്ങളിൽ റഷ്യ ഇറാനു ലക്ഷ്യസ്ഥാന വിവരങ്ങളും മറ്റ് പിന്തുണയും നൽകിയിട്ടുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥർ സമ്മതിക്കുകയും റോയിട്ടേഴ്സടക്കമുള്ള മറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ സി.ഐ.എ കേന്ദ്രങ്ങൾക്കേറ്റ ആക്രമണങ്ങളെ റഷ്യ പിന്തുണച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള ഇന്റലിജൻസിന്റെ അന്വേഷണം ഇതുവരെ പുറത്തുവിട്ടിരുന്നില്ല.
മാർച്ചിൽ കുറഞ്ഞത് രണ്ട് സി.ഐ.എ കേന്ദ്രങ്ങളിലെങ്കിലും ആക്രമണം നടന്നതായി റോയിട്ടേഴ്സും മറ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്റലിജൻസ് ഏജൻസിയുടെ മെമ്മോയിൽ, പ്രാദേശിക സി.ഐ.എ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിൽ റഷ്യക്ക് പങ്കുണ്ടായിരിക്കാമെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്റലിജൻസ് റിപ്പോർട്ടുകളെക്കുറിച്ച് വിവരങ്ങൾ ലഭിച്ച പശ്ചിമേഷ്യയിലെ ഉദ്യോഗസ്ഥർ പറയുന്നത് ആക്രമണത്തിൽ ഇറാന്റെ ശാഹിദ് ഡ്രോണുകളുടെ റഷ്യൻ പരിഷ്കരിച്ച പതിപ്പുകൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ്. ജോർഡനിലെ യു.എസ് വ്യോമതാവളത്തിന് നേരെ നടന്ന ആക്രമണത്തിന് ശേഷമാണ് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് സൈനിക ബാരക്കുകൾ തകർക്കുകയും രണ്ട് സൈനികർ കൊല്ലപ്പെടുകയും ചെയ്തത്. ഇതോടെ റഷ്യ ഇറാന് ടാർഗറ്റിങ് ഡാറ്റ നൽകുന്നുണ്ടാകാം എന്ന ആശങ്കകൾ കൂടുതൽ ശക്തമായി. അതേസമയം ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ ദൗത്യസംഘവും റഷ്യൻ പ്രതിരോധ മന്ത്രാലയവും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ഇറാന്റെ തദ്ദേശീയമായി നിർമിച്ചവയെ അപേക്ഷിച്ച് വളരെ കൃത്യതയുള്ളതും ജാം ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമായ കൊമേറ്റ-എം സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം നൽകിക്കൊണ്ട് റഷ്യ തങ്ങളുടെ ശാഹിദ്-136 ഡ്രോണുകളുടെ കൃത്യത മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. നേരത്തേ റഷ്യ ഇറാനു കൊമേറ്റ-എം നൽകിയിട്ടുണ്ടെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ട് വ്യാജവാർത്തയാണെന്ന് പറഞ്ഞ് ക്രെംലിൻ നിഷേധിക്കുകയായിരുന്നു.
അതേസമയം ആക്രമിക്കപ്പെട്ട സി.ഐ.എ കേന്ദ്രങ്ങളുടെ കൃത്യമായ എണ്ണമോ സ്ഥാനമോ വെളിപ്പെടുത്താൻ വൃത്തങ്ങൾ തയാറായില്ല. എംബസി ആക്രമണത്തിനായി ഇറാൻ റഷ്യൻ ടാർഗറ്റിങ് ഡാറ്റയെ ആശ്രയിച്ചിരുന്നോ എന്ന് യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ടെങ്കിലും ചില ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ യു.എസ് എംബസി പൊതുവായി ലക്ഷ്യമിട്ടതാകാമെന്നും യാദൃശ്ചികമായി സി.ഐ.എ സ്റ്റേഷനിൽ പതിച്ചതാകാനും സാധ്യതയുണ്ടെന്ന് ചില വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
മോസ്കോയും തെഹ്റാനും തമ്മിലുള്ള ശക്തമായ തന്ത്രപരമായ പങ്കാളിത്തം കണക്കിലെടുക്കുമ്പോൾ, സി.ഐ.എ കേന്ദ്രങ്ങൾ ലക്ഷ്യമിടാൻ തെഹ്റാനെ മോസ്കോ സഹായിക്കുന്നതിൽ അതിശയിക്കാനില്ലെന്ന് മുൻ സി.ഐ.എ സ്റ്റേഷൻ ചീഫും രഹസ്യാനേഷണ ഓപ്പറേഷൻ ഓഫീസറുമായ ഡാനിയൽ ഹോഫ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.