അഡിസ് അബാബ: കടുത്ത ചൂടിനെ അതിജീവിക്കാൻ അദ്ഭുതകരമായ സിദ്ധിയുള്ള ആഫ്രിക്കൻ ഒട്ടകങ്ങൾ കടുത്ത കാലാവസ്ഥാ വ്യതിയാനത്തിൽ ചത്തൊടുങ്ങുന്നു. ഭൂമിയിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ എത്യോപ്യയിലെ അഫാർ മേഖലയിൽ നിന്നുള്ള കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. കടുത്ത ഉഷ്ണതരംഗവും വരൾച്ചയും കാരണം ആയിരക്കണക്കിന് ഒട്ടകങ്ങളാണ് ഇവിടെ ദിവസേന ചത്തൊടുങ്ങുന്നത്.
"എന്റെ ഒട്ടകങ്ങൾ കടുത്ത ചൂട് കാരണം യാതന അനുഭവിക്കുന്നത് ഞാൻ നേരിൽ കാണുന്നുണ്ട്," അഫാറിലെ സെമെറയിൽ നിന്നുള്ള 500-ഓളം ഒട്ടകങ്ങളുടെ ഉടമസ്ഥനായ അലി ഉമർ ബിബിസിയോട് പറഞ്ഞു. "ചൂടുള്ള മണൽ പരപ്പിൽ ഇരിക്കുമ്പോൾ അവയുടെ കാലുകളിൽ കുമിളകൾ വരുന്നു, കണ്ണുകൾ നീരൊലിച്ച് ചുവക്കുന്നു, ചർമ്മം പൊള്ളലേറ്റു കത്തുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ കടുത്ത ചൂട് മൂലം എനിക്ക് എട്ട് ഒട്ടകക്കുഞ്ഞുങ്ങളെയാണ് നഷ്ടപ്പെട്ടത്."
വടക്കേ ആഫ്രിക്കയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഏകക്കൂന ഒട്ടകങ്ങളുടെ (ഡ്രോമെഡറി) 80 ശതമാനവും ഉള്ളത്. കടുത്ത ചൂടിനെയും വരൾച്ചയെയും പ്രതിരോധിക്കാനുള്ള ശേഷിയുള്ളതുകൊണ്ടാണ് കർഷകർ കാലികൾക്ക് പകരം ഒട്ടകങ്ങളെ വളർത്താൻ തുടങ്ങിയത്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി സ്ഥിതി പൂർണ്ണമായും മാറിമറിഞ്ഞിരിക്കുകയാണ്.
സോമാലിയയിലും സ്ഥിതി അതീവ ഗുരുതരമാണ്. വടക്കൻ പ്രവിശ്യയായ സൂളിൽ മാത്രം 73 ശതമാനത്തോളം ഒട്ടകങ്ങളാണ് ചത്തൊടുങ്ങിയത്. കെനിയയിലും അൾജീരിയയിലും ഒട്ടകങ്ങളിൽ ഹൈപ്പർതെർമിയ (ശരീരത്തിലെ ചൂട് അമിതമായി വർദ്ധിക്കുന്ന അവസ്ഥ) കേസുകൾ കുത്തനെ വർദ്ധിച്ചതായി വെറ്റിനറി ഡോക്ടർമാർ വ്യക്തമാക്കുന്നു.
സാധാരണയായി 40 ഡിഗ്രി സെൽഷ്യസ് വരെ ചൂടിനെ അനായാസം അതിജീവിക്കാൻ ഒട്ടകങ്ങൾക്ക് കഴിയും. ശരീരത്തിലെ താപനില അനുയോജ്യമായ രീതിയിൽ ക്രമീകരിച്ചുകൊണ്ട് വിയർപ്പിലൂടെയുള്ള ജലനഷ്ടം ഒഴിവാക്കാൻ അവയ്ക്ക് സാധിക്കാറുണ്ട്. എന്നാൽ സമീപകാലത്തായി പല പ്രദേശങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയരുന്നതാണ് ഇപ്പോഴത്തെ വലിയ പ്രതിസന്ധി.
തുടർച്ചയായി 41 മുതൽ 45 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് അനുഭവപ്പെടുമ്പോൾ അത് ഒട്ടകങ്ങളുടെ കോശങ്ങളെ നേരിട്ട് നശിപ്പിക്കുന്നുവെന്ന് അൾജീരിയയിലെ ഘർദായ സർവകലാശാലയിലെ പ്രൊഫസർ അബ്ദുൽമദ്ജീദ് ചെഹ്മ വ്യക്തമാക്കുന്നു. ചൂടുമൂലം ഒട്ടകങ്ങളുടെ രോഗപ്രതിരോധ സംവിധാനം തകരുകയും വെളുത്ത രക്താണുക്കൾ നശിക്കുകയും ചെയ്യുന്നു. ഇത് അവയിൽ കടുത്ത ക്ഷീണത്തിനും പ്രത്യുൽപാദന പ്രശ്നങ്ങൾക്കും പാൽ ഉൽപാദനത്തിൽ വൻ കുറവിനും കാരണമാകുന്നു.
ഭക്ഷണക്കുറവ്, ജലക്ഷാമം, ആവശ്യത്തിന് തണലില്ലാത്ത അവസ്ഥ, മൃഗസംരക്ഷണ സേവനങ്ങളുടെ കുറവ് എന്നിവ പ്രതിസന്ധിയുടെ ആഘാതം ഇരട്ടിയാക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിൽ എത്യോപ്യയിലെ പല കർഷകരും ഒട്ടകങ്ങളെ ജലവും പുല്ലും താരതമ്യേന ലഭ്യമുള്ള തെക്കൻ മേഖലകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ വേനൽക്കാലത്ത് ഒട്ടകങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക ജലവിതരണവും തീറ്റയും രോഗനിരീക്ഷണവും ഉറപ്പാക്കണമെന്നാണ് ഗവേഷകരുടെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.