വാഷിങ്ടൺ / തെഹ്റാൻ: ഹുർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്നാൽ ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കൊല്ലപ്പെട്ട നാല് യു.എസ് സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്ന ചടങ്ങിൽ സംസാരിക്കവെ, ഇറാൻ ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി.
എന്നാൽ ട്രംപിന്റെ ഭീഷണി യുദ്ധത്തിന് വീണ്ടും ആക്കം കൂട്ടുന്നതാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. ‘കണ്ണിന് കണ്ണ്’ എന്ന രീതിയിലാണ് ഇറാന്റെ പ്രതിരോധ നയമെന്നും, രാജ്യത്തെ സിവിലിയൻ സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും തെഹ്‌റാൻ അറിയിച്ചു. തങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ യു.എസ് സഖ്യകക്ഷികളുടെ എണ്ണ വിൽപനയും തടസ്സപ്പെടുത്തുമെന്ന കർശന നിലപാടിലാണ് ഇറാൻ.
അതേസമയം, യു.എസ്-ഇറാൻ സംഘർഷം വൻ വ്യോമാക്രമണങ്ങളിലേക്കും കടൽപോരിലേക്കും വഴിമാറി. തുടർച്ചയായ 12ാം രാത്രിയിലും യു.എസ് സേന ഇറാന് നേരെ അതിശക്തമായ ബോംബാക്രമണം നടത്തി. ഇറാന്റെ തീരദേശ നഗരങ്ങളായ ബുഷെഹർ, അഹ്വാസ്, സിരിക് എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നു. ഇറാൻ-ഇറാഖ് അതിർത്തിയിലെ ശലാംചെ അതിർത്തിയിൽ യു.എസ് നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുഷെഹറിലെ സൈനിക കേന്ദ്രത്തിന് നേരെയും അന്ദിമഷ്ക് നഗര പ്രാന്തപ്രദേശങ്ങളിലും യു.എസ് മിസൈലുകൾ പതിച്ചു.
അസേമയം, ചെങ്കടലിൽ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യൻ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. ‘എൻസെലിയ’ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് സൗദി ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്.പി.എ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തെ തുടർന്ന് കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായതായി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി അറിയിച്ചു. എന്നാൽ കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും പൂർണ സുരക്ഷിതരാണ്. കപ്പലും ജീവനക്കാരെയും സുരക്ഷിതമാക്കുന്നതിനും സമുദ്ര പരിസ്ഥിതി ആഘാതം തടയുന്നതിനുമുള്ള അടിയന്തര നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
ചെങ്കടലിൽ എൻസെലിയ, ലൈല എന്നീ രണ്ട് സൗദി കപ്പലുകൾക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയതായി യമനിലെ ഹൂതികൾ നേരത്തെ അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.