യുനെസ്കോ തലവനായി ഈജിപ്തിലെ ഖാലിദ് എൽ എനാനിയെ നാമനിർദേശം ചെയ്തു

ഈജിപ്ത് ശാസ്ത്രജ്ഞനും മുൻ പുരാവസ്തു മന്ത്രിയുമായ ഖാലിദ് എൽ എനാനിയെ ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക സംഘടനയെ നയിക്കുന്നതിലേക്ക് നാമനിർദേശം ചെയ്തു. അടുത്ത മാസം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന് മുന്നോടിയായാണ് ഈജിപ്തിലെ അക്കാദമിക്, ടൂറിസം, പുരാവസ്തു മന്ത്രിയായ ഖാലിദ് എൽ-എനാനിയെ യുനെസ്കോയുടെ ബോർഡ് അടുത്ത തലവനായി നാമനിർദേശം ചെയ്തത്.

ഖാലിദ് എൽ-എനാനി തെരഞ്ഞെടുക്കപ്പെട്ടാൽ ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക പൈതൃകം കൈകാര്യം ചെയ്യുന്നതിൽ മേൽനോട്ടം വഹിക്കുന്ന സംഘടനയുടെ ആദ്യത്തെ അറബ് ഡയറക്ടർ ജനറലായി മാറും. ഖാലിദിന്റെ സ്ഥാനത്തിനായി വ്യാപക പ്രചാരണവും നടക്കുന്നുണ്ട്. 194 അംഗരാജ്യങ്ങളിൽ 58 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ബോർഡിന്റെ തീരുമാനം അടുത്ത മാസം ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന യുനെസ്കോയുടെ പൊതുസഭയുടെ യോഗത്തിൽ അന്തിമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2017 മുതൽ ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ച ഫ്രാൻസിന്റെ മുൻ സാംസ്കാരിക മന്ത്രി ഓഡ്രി അസോലെക്ക് പകരക്കാരനായിരിക്കും സംഘടനയുടെ അടുത്ത തലവൻ. ഐ.എസ്.ഐ.എൽ സായുധ സംഘവും യു.എസ് ഇറാഖി സേനകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ തകർന്ന ഇറാഖിലെ പുരാതന നഗരമായ മൊസൂൾ പുനർനിർമിക്കാനുള്ള ഉന്നതതല ശ്രമത്തിന് നേതൃത്വം നൽകിയത് അസോലെയാണ്.

യുദ്ധം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെയുള്ള ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന സാംസ്കാരിക പൈതൃക സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതുൾപ്പെടെ രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ഖാലിദിന്റെ നാമനിർദേശം വരുന്നത്.

രാഷ്ട്രീയ വെല്ലുവിളികൾക്ക് പുറമെ സംഘടനയുടെ പ്രവർത്തന ഫണ്ടിങ്ങിലും പ്രശ്നങ്ങൾ നേരിടുന്നുണ്ട്. 2026 അവസാനത്തോടെ അമേരിക്കയുടെ അംഗത്വം വീണ്ടും ഔദ്യോഗികമായി പിൻവലിക്കുകയും ഫണ്ടിങ് നിർത്തലാക്കുകയും ചെയ്യുന്നതോടെ സംഘടനയുടെ ഫണ്ടിങ് വെട്ടിക്കുറക്കപ്പെടും.

2011ൽ ഫലസ്തീനെ അംഗമായി പ്രവേശിപ്പിക്കാനുള്ള യു.എൻ സാംസ്കാരിക സംഘടനയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ട്രംപ് ഭരണകൂടം യു.എസിനെ യുനെസ്കോയിൽ നിന്നും പിൻവലിക്കുന്നത്. ഫലസ്തീനിനെ യുനെസ്കോയിൽ അംഗമായി തുടരാൻ അനുവദിച്ചത് കൊണ്ട് സംഘടനക്കുള്ളിൽ ഇസ്രായേൽ വിരുദ്ധ വ്യാപനത്തിന് കാരണമായി എന്നാരോപിച്ചാണ് പിന്മാറാനുള്ള തീരുമാനത്തെ വിശദീകരിച്ചുകൊണ്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞത്. 2018 അവസാനത്തോടെ ഇസ്രായേൽ യുനെസ്കോയിൽ നിന്നും പുറത്തുപോയിരുന്നു.

ഇസ്രായേൽ വംശഹത്യയിൽ ഗസ്സയിലെ സാംസ്കാരിക പൈതൃകങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ സംഘടന നിരീക്ഷിച്ചുവരികയാണ്. 2023 ഒക്ടോബർ ഏഴ് മുതൽ മൊത്തം 110 സ്ഥലങ്ങളുടെ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയതായി പറയുന്നു. ഇതിൽ 13 ആരാധനാലയങ്ങൾ, ചരിത്രപരമോ കലാപരമോ ആയ താൽപ്പര്യമുള്ള 77 കെട്ടിടങ്ങൾ, ഒരു മ്യൂസിയം, ഏഴ് പുരാവസ്തു സ്ഥലങ്ങൾ എന്നിങ്ങനെ നിരവധി നഷ്ടങ്ങളാണ് രേഖപ്പെടുത്തിയത്.

പുരാതന ഈജിപ്ഷ്യൻ സ്ഥലങ്ങളിൽ ടൂർ ഗൈഡായി ജോലി ചെയ്തിരുന്ന എൽ-എനാനി ഫ്രാൻസിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. ഗവൺമെന്റിൽ സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് തന്നെ പ്രശസ്തനായ ഒരു ഈജിപ്തോളജിസ്റ്റായി മാറുകയും ചെയ്തു ഈ 54 കാരൻ. പിന്നീട് 2016 മുതൽ 2022 വരെ ഈജിപ്ത് പ്രസിഡന്റായിരുന്ന അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ കീഴിൽ പുരാവസ്തുക്കളുടെയും പിന്നീട് ടൂറിസത്തിന്റെയും മന്ത്രിയായി സേവനമനുഷ്ടിച്ചിരുന്നു.

എൽ-എനാനിയുടെ നാമനിർദേശം ഈജിപ്തിന്റെ നയതന്ത്ര, സാംസ്കാരിക റെക്കോർഡിലേക്കും അറബ്, ആഫ്രിക്കൻ ജനതയുടെ നേട്ടങ്ങളിലേക്കും ചേർക്കപ്പെടുന്ന ചരിത്രപരമായ നേട്ടമാണെന്ന് എൽ-സിസി വിശേഷിപ്പിച്ചു.

Tags:    
News Summary - UNESCO board backs Egypt’s Khaled el-Enany as its next chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.