ഇസ്‍ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കപ്പൽ ഗതാഗതം പൂർണമായും നിലച്ച ഹുർമുസ് കടലിടുക്ക് കടന്ന് പാകിസ്താൻ എണ്ണക്കപ്പൽ. യു.എസ് - ഇസ്രായേൽ സഖ്യം ഇറാനിൽ ആക്രമണം തുടങ്ങിയ ശേഷം പേർഷ്യൻ ഗൾഫിൽനിന്ന് പുറത്തുകടക്കുന്ന ചുരുക്കം ചില കപ്പലുകളിൽ ഒന്നാണിത്. പാകിസ്താൻ നാഷനൽ ഷിപ്പിങ് കോർപറേഷന്റെ നിയന്ത്രണത്തിലുള്ള 'കറാച്ചി' എന്ന കപ്പലാണ് ഇറാൻ തീരത്തോട് ചേർന്ന് സഞ്ചരിച്ച് സുരക്ഷിതമായി കടലിടുക്ക് പിന്നിട്ടത്.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് യുദ്ധത്തെത്തുടർന്ന് അതീവ അപകടമേഖലയായി മാറിയിരിക്കുകയാണ്. എന്നാൽ, ഷിപ്പ് ട്രാക്കിങ് ഡാറ്റകൾ പ്രകാരം 2022ൽ നിർമിച്ച ഈ പാകിസ്താൻ കപ്പൽ ഇറാന്റെ ലാറക് ദ്വീപിന് സമീപത്തുകൂടി ഇറാൻ തീരം പറ്റി കിഴക്കൻ ദിശയിലേക്കാണ് സഞ്ചരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ കടലിടുക്ക് പിന്നിട്ട കപ്പൽ തിങ്കളാഴ്ച രാവിലെ ഒമാൻ തീരത്തെ സോഹാറിന് സമീപം എത്തിയതായാണ് വിവരം. മറ്റു ചില കപ്പലുകളും സമാനമായ രീതിയിൽ ഇറാന്റെ വശത്തുകൂടി യാത്ര ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്.
യു.എ.ഇയിൽ നിന്നാണ് 'കറാച്ചി' എണ്ണ ശേഖരിച്ചത്. എന്നാൽ കപ്പൽ പൂർണമായും എണ്ണ നിറച്ചിട്ടില്ലെന്നാണ് സൂചനകൾ. നിലവിലെ സംഘർഷ സാഹചര്യത്തിൽ ഹുർമുസ് വഴി എത്രത്തോളം എണ്ണ വിതരണം സാധ്യമാകുമെന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നതിനിടയിലാണ് പാകിസ്താൻ കപ്പലിന്റെ ഈ നീക്കം ശ്രദ്ധേയമാകുന്നത്.
സംഭവത്തെക്കുറിച്ച് പാകിസ്താൻ എണ്ണ മന്ത്രാലയമോ ഷിപ്പിങ് കോർപറേഷനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ച ശേഷം ഹുർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം വലിയ പ്രതിസന്ധിയിലാണ്. ഈ പാത പൂർണമായും അടഞ്ഞാൽ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.