കോഫി കുടിക്കുന്ന വിഡിയോയും എ.ഐ! പിന്നാലെ പുതിയ വിഡിയോയുമായി നെതന്യാഹു

ജറുസലേം: കഫേയിൽ കോഫി കുടിക്കുന്ന വിഡിയോയും എ.ഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന ആരോപണങ്ങൾക്കിടെ സമൂഹമാധ്യമമായ എക്സിൽ പുതിയ വിഡിയോ പങ്കുവെച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ജറുസലേമിലെ കഫേയിൽ നെതന്യാഹു കോഫി കുടിക്കുന്നതായി കാണിക്കുന്ന വിഡിയോ, എ.ഐ (നിർമിത ബുദ്ധി) നിർമിതമാണെന്ന് എക്‌സിന്റെ ചാറ്റ്‌ബോട്ടായ ഗ്രോക്ക് വ്യക്തമാക്കിയത് ഇസ്രായേലിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ജറുസലേമിൽ നെതന്യാഹു പൊതുജനങ്ങളുമായി സംസാരിക്കുന്നതും ഫോട്ടോക്ക് പോസ് ചെയ്യുന്നതുമാണ് പുതിയ വിഡിയോയിലുള്ളത്. ‘എത്ര മനോഹരം. വളരെ നന്ദി. നന്ദി. കുറച്ച് വെയിൽ കൊള്ളാം’ -എന്ന് നെതന്യാഹു പറയുന്നത് കേൾക്കാം. ഇടക്ക് ഒരു നായയെ ശ്രദ്ധിക്കുകയും ഇത് ആരുടെ നായയാണെന്ന് ചോദിക്കുന്നുമുണ്ട്. യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ നെതന്യാഹു കൊല്ലപ്പെട്ടെന്ന് സമൂഹമാധ്യമങ്ങളിലടക്കം അഭ്യൂഹങ്ങളുണ്ടായിരുന്നു. പൊതുപരിപാടികളിലൊന്നും നെതന്യാഹുവിനെ കാണാതെ വന്നതോടെ അഭ്യൂഹം ശക്തമായി.

ഇതിനിടെയാണ് നെതന്യാഹുവിന്റെ വാർത്താസമ്മേളനത്തിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. പക്ഷേ, ആ വിഡിയോയിൽ നെതന്യാഹുവിന്റെ ഒരു കൈയിൽ ആറുവിരലുകളുണ്ടായിരുന്നു. ഇതോടെ വിഡിയോ എ.ഐ നിർമിതമാണെന്ന ആരോപണവുമായി സമൂഹകമാധ്യമങ്ങളിൽ നിരവധി പേർ രംഗത്തുവന്നു. ഇതോടെ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹം വീണ്ടും സജീവമായി. ഇതിനു പിന്നാലെയാണ് ജറുസലേമിലെ ഒരു കോഫി ഷോപ്പിൽനിന്ന് കാപ്പി കുടിക്കുന്ന വിഡിയോ നെതന്യാഹു എക്സ് അക്കൗണ്ടിൽ പങ്കുവെക്കുന്നത്.

താൻ മരിച്ചെന്ന കിംവദന്തികളെക്കുറിച്ച് അദ്ദേഹം വിഡിയോയിൽ പരിഹസിക്കുന്നുണ്ട്. തുടർന്ന് ഇരുകൈകളും ഉയർത്തി വിരലുകൾ എണ്ണിനോക്കാനും അദ്ദേഹം വെല്ലുവിളിച്ചു. 'താൻ മരിച്ചെന്ന് വാർത്തകൾ വരുന്നുണ്ടല്ലോ' എന്ന കാമറാമാന്റെ ചോദ്യത്തിന്, 'എനിക്ക് കോഫി കുടിക്കാൻ തോന്നുന്നു' എന്ന് പരിഹസിച്ചുകൊണ്ടാണ് നെതന്യാഹു മറുപടി നൽകുന്നത്. തന്റെ കൈകളിലെ വിരലുകൾ കാണിച്ചുകൊണ്ട് താൻ ആരോഗ്യവാനാണെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ഈ വിഡിയോയാണ് എ.ഐ (നിർമിത ബുദ്ധി) നിർമിതമാണെന്ന് എക്‌സിന്റെ ചാറ്റ്‌ബോട്ടായ ഗ്രോക്ക് കണ്ടെത്തിയത്.

Tags:    
News Summary - Netanyahu Posts New Video After Grok Flags His Cafe Clip As 'AI-Generated'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.