ലണ്ടൻ: ഇറാനെതിരെ യുദ്ധം തുടങ്ങി എണ്ണ പ്രതിസന്ധിയിൽ കുടുങ്ങിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൈവിട്ട് നാറ്റോയും ചൈനയും. ആഗോള എണ്ണയുടെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് തുറക്കാൻ നാറ്റോ രാജ്യങ്ങളുടെയും ചൈനയുടെയും സഹായം തേടിയ ട്രംപിന്റെ ആവശ്യം എല്ലാവരും തള്ളി. സഖ്യകക്ഷികൾ സഹായവുമായി യുദ്ധക്കപ്പലുകൾ അയച്ചില്ലെങ്കിൽ നാറ്റോയെ കാത്തിരിക്കുന്നത് ‘വളരെ മോശം’ ഭാവിയാണെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ചൈന ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും ലഭിക്കുന്നത് ഹുർമുസ് വഴിയായതിനാൽ സഹായിക്കണമെന്നായിരുന്നു ബെയ്ജിങ്ങിനോടുള്ള ആവശ്യം. ചൈനയുടെ നിലപാട് അറിയും വരെ തന്റെ ബെയ്ജിങ് സന്ദർശനം നീട്ടിവെക്കുമെന്നും മുന്നറിയിപ്പ് നൽകി.
എന്നാൽ, ആഗോള എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹുർമുസ് സുരക്ഷിതമാക്കാൻ യുദ്ധക്കപ്പലുകൾ അയക്കാനില്ലെന്ന് നാറ്റോ അറിയിച്ചു. അടിയന്തരമായി സൈനിക നീക്കം അവസാനിച്ച ശേഷം ആലോചിക്കാമെന്ന് ചൈനയും പ്രതികരിച്ചു. ഈ മാസാവസാനം നടത്താൻ പദ്ധതിയിട്ട ട്രംപിന്റെ സന്ദർശനം സംബന്ധിച്ച് ചർച്ചകൾ നടത്തിവരുകയാണെന്നും അവർ പറഞ്ഞു. ഹുർമുസ് തുറക്കാനുള്ള പദ്ധതികളെ കുറിച്ച് സഖ്യകക്ഷികളുമായി ആലോചിച്ചുവരുകയാണെന്നും എന്നാൽ, വിശാലമായ ഈ യുദ്ധത്തിന്റെ ഭാഗമാകാനില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി.
മൈനുകൾ നീക്കം ചെയ്യുന്ന കപ്പൽ ഹുർമുസിലേക്ക് പുറപ്പെട്ടേക്കാമെങ്കിലും യുദ്ധക്കപ്പൽ അയക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇതേ നയം തന്നെയാണെന്ന് ജർമനിയും ഗ്രീസും ഇറ്റലിയും വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം തുടരുന്നിടത്തോളം സൈനിക മാർഗേന ഹുർമുസ് തുറക്കുന്നതടക്കം ഒരുനിലക്കും ഇതിൽ പങ്കാളിയാകില്ലെന്നാണ് ജർമനി വ്യക്തമാക്കിയത്. ഹുർമുസിൽ ഒരു സൈനിക നീക്കത്തിന്റെയും ഭാഗമാകില്ലെന്ന് ഗ്രീക്ക് സർക്കാർ വക്താവ് പാവ്ലോസ് മാറിനാകിസ് പറഞ്ഞു. ചെങ്കടലിൽ കപ്പലുകളുടെ സുരക്ഷിത യാത്രക്ക് യൂറോപ്യൻ യൂനിയൻ പിന്തുണയുണ്ടെന്നും ഹുർമുസിലേക്ക് അത് നീട്ടേണ്ടതില്ലെന്നാണ് കരുതുന്നതെന്നും ഇറ്റലി വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയും പറഞ്ഞു.
ദിവസങ്ങൾക്കിടെ ആദ്യമായി ഇറാന്റേതല്ലാത്ത ഒരു എണ്ണക്കപ്പൽ ഞായറാഴ്ച ഹുർമുസ് കടന്നെങ്കിലും ഇരുവശത്തുമായി നൂറുകണക്കിന് കപ്പലുകൾ അനുമതി കാത്തുകിടക്കുകയാണ്. ഇറാനുമായി ധാരണയായ ശേഷം പാകിസ്താൻ കപ്പലാണ് യു.എ.ഇയിൽനിന്ന് എണ്ണ കയറ്റി ഹുർമുസ് കടന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകൾക്കുനേരെ മാത്രമാകും ആക്രമണമെന്നാണ് ഇറാന്റെ നിലപാട്. അതിനിടെ, തെക്കൻ ലബനാനിൽ കരയാക്രമണം തുടങ്ങിയതായി ഇസ്രായേൽ അറിയിച്ചു. ഇറാനിലും ലബനാനിലും യു.എസും ഇസ്രായേലും വ്യാപക വ്യോമാക്രമണം തുടരുന്നതിനിടെയാണ് തെക്കൻ ലബനാനിൽ കരസേനാ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.