ബാലേന്ദ്ര ഷാ അനുയായികൾക്കൊപ്പം
നിരവധി യുവാക്കൾ കൊല്ലപ്പെട്ട വിപ്ലവത്തിന്റെ കൂടി ഫലശ്രുതിയാണ് ഈ തെരഞ്ഞെടുപ്പ് വിജയം
ഈ മാസം ആദ്യവാരം നേപ്പാളിൽ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലം എല്ലാ അർഥത്തിലും പുതുമയുള്ളതാണ്. പരമ്പരാഗത പാർട്ടികളെയും നേതാക്കളെയുമെല്ലാം വകഞ്ഞുമാറ്റി കേവലം 36 വയസ്സ് മാത്രമുള്ള ബാലൻ ഷാ (ബാലേന്ദ്ര ഷാ) രാജ്യത്തിന്റെ നേതൃപദവിയിലേക്ക് ഉയർന്നിരിക്കുന്നു. മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയെ അദ്ദേഹത്തിന്റെ തട്ടകമായ ഝാപ്പയിൽ ചെന്നാണ് ബാലൻ ഷാ പരാജയപ്പെടുത്തിയത്. അദ്ദേഹത്തെ പിന്തുണച്ച പുതിയ പാർട്ടിയായ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർ.എസ്.പി) വലിയ മുന്നേറ്റം സൃഷ്ടിച്ചപ്പോൾ നേപ്പാളി കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (സി.പി.എൻ-യു.എം.എൽ), രാഷ്ട്രീയ പ്രജാതാന്ത്രിക് (ആർ.പി.പി) തുടങ്ങിയ പാർട്ടികളുമെല്ലാം തകർന്നു വീണു.
രാജ്യത്ത് വർഷങ്ങളോളം നിലനിന്ന രാഷ്ട്രീയ സമവാക്യങ്ങളാണ് ബാലൻ ഷാ തന്റെ ത്രസിപ്പിക്കുന്ന സംഗീത സദസ്സുകൾ കൊണ്ട് തിരുത്തിയത്; മൂന്ന് കോടിയിലധികം ജനസംഖ്യയുള്ള ഒരു രാജ്യത്തിലെ 80 ശതമാനം വരുന്ന പിന്നാക്ക വിഭാഗത്തിന്റെ പ്രതിനിധി കൂടിയാണിദ്ദേഹം. അവിടെ കാലങ്ങളായി ഭരണം നടത്തിക്കൊണ്ടിരുന്നത് ബ്രാഹ്മണ, ക്ഷത്രിയ വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള രാഷ്ട്രീയ കൂട്ടുകെട്ടുകളായിരുന്നു. കമ്മ്യൂണിസ്റ്റ് ലെനിനിസ്റ്റ് ആശയമുള്ള പാർട്ടികൾ പോലും നയത്തിൽ വലതുപക്ഷ പാർട്ടികൾ തന്നെ.
ഒരുപാട് കാലത്തെ രാജവാഴ്ചക്കും കൊട്ടാര അരമനകളിലെ അധികാര തർക്കങ്ങൾക്കും ശേഷം ജനാധിപത്യത്തിലേക്ക് വന്നിട്ടും ഭൂപരിഷ്കരണം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് പരിഹാരമില്ലാതെ വന്നപ്പോഴാണ് ഫെഡറലിസം ആവശ്യപ്പെട്ടും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ജെൻ സി വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. 19 സ്കൂൾ കുട്ടികൾ അടക്കം നിരവധി യുവാക്കൾ കൊല്ലപ്പെട്ട വിപ്ലവത്തിന്റെ കൂടി ഫലശ്രുതിയാണ് ഈ തെരഞ്ഞെടുപ്പ് വിജയം.
ഇന്ത്യയോട് ഭൂമിശാസ്ത്രപരമായുള്ള അടുപ്പത്തിനപ്പുറം സാംസ്കാരിക രാഷ്ട്രീയ രഞ്ജിപ്പുകളും സൂക്ഷ്മ നിരീക്ഷണത്തിൽ കാണാൻ കഴിയും. രാഷ്ട്രീയത്തിലെ വലതുപക്ഷ ചിന്തകൾക്കപ്പുറം രാഷ്ട്രീയ പ്രജാതാന്ത്രിക് (ആർ.പി.പി) പോലുള്ള രാഷ്ട്രീയ പാർട്ടികൾ അതിതീവ്ര ചിന്താഗതികൾ വെച്ചുപുലർത്തുന്നവയാണ്. അതുകൊണ്ടുതന്നെയാണ് ബാലൻ ഷായുടെ വിജയം തിളക്കമുള്ളതാകുന്നത്. നേപ്പാൾ ജനസംഖ്യയുടെ 52 ശതമാനം പേരും 18-40 പ്രായക്കാരാണ്. ‘ബലിദാൻ’ പോലുള്ള ബാലൻ ഷായുടെ ആൽബങ്ങൾ നേപ്പാളി യുവതയെ അക്ഷരാർത്ഥത്തിൽ ഹരംകൊള്ളിച്ചു.
ഇന്ത്യയുടെയും ചൈനയുടെയും ഇടയിൽ ഭൂമിശാസ്ത്രപരമായി അകപ്പെട്ട രാജ്യം എന്ന നിലക്ക് നയതന്ത്രപരമായി കരുതലോടെ നിൽക്കേണ്ടിവരും നേപ്പാളിന്. ഇന്ത്യയുമായി പതിറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക രാഷ്ട്രീയ ബന്ധമുള്ള നേപ്പാൾ ചൈനയുമായും നല്ല സൗഹൃദത്തിലാണ്. അതിർത്തിയിൽ ഇന്ത്യ-ചൈന ബന്ധം അസ്വസ്ഥമാകുമ്പോൾ പരീക്ഷിക്കപ്പെടുന്നത് നേപ്പാളിന്റെ നിലപാടുകൾ കൂടിയാകും.
ലോകത്തിലെ ഒരേയൊരു ഹിന്ദുരാഷ്ട്രമായി അറിയപ്പെട്ടിരുന്നു എന്നതും ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാൻ പറ്റുമെന്നതുമൊക്കെ ഇന്ത്യ-നേപ്പാൾ പാരസ്പര്യത്തിന്റെ സൂചകങ്ങൾ ആയിരുന്നുവെങ്കിലും, കാഠ്മണ്ടു നഗരപിതാവായിരുന്ന കാലത്ത് ബാലൻ ഷാ ഇന്ത്യൻ അതിർത്തികൾ അടർത്തിമാറ്റി വരച്ച മാപ്പിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. എന്നിരുന്നാലും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ബാലൻ ഷായെയും പാർട്ടി പ്രസിഡന്റ് രവി ലാമിച്ചാനെയെയും ഇന്ത്യൻ പ്രധാനമന്ത്രി വിളിച്ച് അഭിനന്ദിച്ചതിൽ വരുംകാലങ്ങളിൽ രണ്ട് രാജ്യങ്ങളും തമ്മിൽ ബന്ധം ഊഷ്മളമാകും എന്നതിന്റെ സൂചനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.