ഇറാൻ ആണവായുധം കൈവശം വെക്കരുത്: ട്രംപിന്റെ നിലപാടിനെ പിന്തുണച്ച് ചാൾസ് രാജാവ്

വാഷിങ്ടൺ: ഇറാന്റെ ആണവ പദ്ധതികകൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് പിന്തുണയുമായി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ. ഇറാൻ ഒരിക്കലും ആണവായുധം കൈക്കലാക്കരുത് എന്ന ട്രംപിന്റെ തീരുമാനത്തോട് താൻ പൂർണ്ണമായും യോജിക്കുന്നതായി രാജാവ് വ്യക്തമാക്കി. അമേരിക്കയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ രാജാവ് യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യവേയാണ് ട്രംപിന്റെ നയങ്ങൾക്കൊപ്പം നിൽക്കാനും പാശ്ചാത്യ സഖ്യകക്ഷികൾക്കിടയിൽ ഐക്യം നിലനിർത്താനും ആഹ്വാനം ചെയ്തത്.

ഇറാൻ വിഷയത്തിൽ ബ്രിട്ടന്റെ മുൻ നിലപാടുകളെ ട്രംപ് നേരത്തെ വിമർശിച്ചിരുന്നെങ്കിലും, ട്രംപിന്റെ കർക്കശമായ നിലപാടുകൾക്ക് രാജാവ് പിന്തുണ പ്രഖ്യാപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായിരിക്കുകയാണ്. ആഗോള സുരക്ഷ മുൻനിർത്തി ഇറാൻ ആണവശക്തിയാകുന്നത് തടയണമെന്ന ട്രംപിന്റെ ആവശ്യത്തെ രാജാവ് ശരിവെച്ചു. യുറോപ്പിലും പശ്ചിമേഷ്യയിലും യുദ്ധം തുടരുന്ന അനിശ്ചിതകാലത്ത് അമേരിക്കയുടെ ശക്തമായ നേതൃത്വം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ ഇറാൻ നിലവിൽ തകർച്ചയുടെ വക്കിലാണെന്ന് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഹുർമുസ് കടലിടുക്ക് ഉടൻ തുറന്നുനൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ യുദ്ധത്തിന് ശേഷം മതിയെന്ന ഇറാന്റെ നിർദേശം ട്രംപ് തള്ളി. 

ഇറാന്റെ പുതിയ നേതൃത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിലും തങ്ങളുടെ 'റെഡ് ലൈനുകളിൽ' മാറ്റമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ഒലിവിയ വെയിൽസ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളിൽ ട്രംപിന്റെ കർക്കശ നിലപാടുകൾക്ക് ബ്രിട്ടീഷ് രാജാവിന്റെ പിന്തുണ ലഭിച്ചത് വലിയ വിജയമായാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്. ഇതിനിടെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുകയാണ്. 

Tags:    
News Summary - Trump says King Charles agrees Iran cannot have nuclear bomb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.