‘60 ദിവസം കഴിഞ്ഞാൽ ഹുർമുസിൽ ടോൾ പിരിക്കും, ട്രംപുമായുള്ള സമാധാന കരാർ അമേരിക്കയുടെ പരാജയം’ - ബാഖിർ ഖാലിബാഫ്

തെഹ്റാൻ:  പശ്ചിമേഷ്യയിലെ മാസങ്ങൾ നീണ്ട യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് അമേരിക്കയുമായി ഒപ്പുവെച്ച സമാധാന കരാർ ‘അമേരിക്കയുടെ പരാജയത്തിന്റെ തെളിവെന്ന്’ വിശേഷിപ്പിച്ച് ഇറാനിയൻ പാർലമെന്റ് സ്പീക്കറും ചീഫ് നെഗോഷ്യേറ്ററുമായ മുഹമ്മദ് ബാഖിർ ഖാലിബാഫ്. ഇരുരാജ്യങ്ങളും ധാരണാപത്രങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഈ കരാർ അമേരിക്കയുടെ പരാജയത്തിന്റെ രേഖയാണ്. ജനങ്ങൾ അത് കണ്ട് വിലയിരുത്തട്ടെ,’ - ഖാലിബാഫ് പറഞ്ഞു. ‘മുൻകാല ചർച്ചകളിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ ചർച്ചകൾക്ക് കരുത്തുപകരുന്നത് യുദ്ധക്കളത്തിലെ വിജയമാണ്. അത് ശത്രുക്കളും സുഹൃത്തുക്കളും ഒരുപോലെ സമ്മതിച്ചതാണ്. വിജയത്തിൽ അവസാനിക്കുന്ന ഏത് യുദ്ധവും ഒരു നിയമപരവും രാഷ്ട്രീയവുമായ രേഖയിൽ ഒപ്പിട്ടില്ലെങ്കിൽ ആ വിജയങ്ങൾ രേഖപ്പെടുത്തിയില്ലെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ല,’- ഖാലിബാഫ് വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഒപ്പുവെച്ച 14 ഇന സമാധാന കരാറിന്റെ ഭാഗമായി ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 60 ദിവസത്തേക്ക് സൗജന്യമായിരിക്കും. എന്നാൽ, ഈ സൗജന്യ കാലയളവ് അവസാനിച്ച ശേഷം കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ‘ഹുർമുസ് കടലിടുക്ക് യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരികെ പോകില്ല. കടലിടുക്കിന്മേൽ ഇപ്പോഴും ഇറാന് പരമാധികാരമുണ്ട്. സേവനങ്ങൾക്കായി ഞങ്ങൾ ഫീസ് ഈടാക്കുക തന്നെ ചെയ്യും,’ ഖാലിബാഫ് അറിയിച്ചു. നേരത്തേ ഹുർമുസ് കടലിടുക്ക് എക്കാലവും ടോൾ ഫ്രീ ആയിരിക്കുമെന്ന ട്രംപിന്റെ വാഗ്ദാനത്തിനുള്ള തിരിച്ചടിയാണിത്.

കരാർ പ്രകാരം, ഇരുരാജ്യങ്ങളും അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുകയും 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്താൻ ശ്രമിക്കുകയും ചെയ്യും. ഹുർമുസ് പൂർണമായി തുറക്കുക, ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, ഇറാനു വേണ്ടി 300 ബില്യൺ ഡോളറിന്റെ സാമ്പത്തിക വികസന പാക്കേജ് നടപ്പിലാക്കുക എന്നിവയും കരാറിന്റെ ഭാഗമാണ്. ജി7 ഉച്ചകോടിക്ക് ശേഷം വെർസൈൽസ് കൊട്ടാരത്തിൽ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പമുള്ള അത്താഴവിരുന്നിനിടെയാണ് ട്രംപ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. 

നിലവിലെ തീരുമാനങ്ങൾക്കെതി​രെ അമേരിക്കയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇറാനോട് അമിത മൃദുസമീപനം സ്വീകരിക്കുന്നു എന്ന് ആരോപിച്ച് റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇത് ഒരു സമ്പൂർണ്ണ കരാറല്ലെന്നും ഭാവി ചർച്ചകളിലേക്കുള്ള തുടക്കം മാത്രമാണെന്നുമാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം.

Tags:    
News Summary - Iran gives ships 60 days free before Hormuz tolls kick in, calls Trump signing peace deal a ‘US failure’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.