തെൽ അവീവ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് ഇറാനുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വരുത്തിവെച്ചിരിക്കുന്നത് കടുത്ത രാഷ്ട്രീയ പ്രതിസന്ധി.
ദശാബ്ദങ്ങളായി നെതന്യാഹു കെട്ടിപ്പടുത്ത രാഷ്ട്രീയ പ്രതിച്ഛായയെത്തന്നെ തകർക്കുന്നതാണ് പുതിയ സാഹചര്യമെന്നാണ് വിലയിരുത്തൽ.
അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള നേതാവെന്ന നിലയിൽ നിന്ന്, സ്വന്തം സഖ്യകക്ഷിയുടെ പരസ്യമായ വിമർശനങ്ങൾക്കും അവഗണനക്കും പാത്രമാകുന്ന അവസ്ഥയിലേക്ക് നെതന്യാഹു ചുരുങ്ങിയത് അദ്ദേഹത്തിന്റെ നേതൃശേഷിയെ ചോദ്യം ചെയ്യുന്നു.
ഇസ്രായേലിന്റെ സുരക്ഷാ നയത്തിന്റെ കാതലായ ഇറാൻ വിരുദ്ധ അജണ്ട, ഇറാൻ ഭരണകൂടത്തിന് കൂടുതൽ കരുത്തുപകരുന്ന നിലയിലേക്ക് മാറി എന്നത് അദ്ദേഹത്തിന് കനത്ത തിരിച്ചടിയാണ്.
അടുത്തുതന്നെ നടക്കാനിരിക്കുന്ന ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ഹിസ്ബുല്ലക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന വാഷിങ്ടണിന്റെയും തെഹ്റാന്റെയു ആവശ്യം നെതന്യാഹുവിന്റെ ‘മിസ്റ്റർ സെക്യൂരിറ്റി’ എന്ന പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് ഇതിനെ വിശേഷിപ്പിച്ചത് ‘അമേരിക്കയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലോ, അതല്ലെങ്കിൽ ഇസ്രായേലി താൽപര്യങ്ങളുടെ സമ്പൂർണ അടിയറവെക്കലോ’ എന്നാണ്. ബെയ്‌റൂത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ രൂക്ഷമായ വിമർശനങ്ങൾ നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിക്കഴിഞ്ഞു.
കരാറിനെതിരെ നെതന്യാഹുവിന്റെ മന്ത്രിസഭയിലെ തീവ്രവലതുപക്ഷ നേതാക്കളും രംഗത്തെത്തി. തങ്ങളെ ബാധിക്കാത്ത കരാറാണിതെന്നും ഇസ്രായേൽ സ്വന്തം സുരക്ഷക്കായി പോരാട്ടം തുടരുമെന്നും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ വ്യക്തമാക്കിയത് വരുംദിവസങ്ങളിൽ ഭരണപക്ഷത്ത് വലിയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കും.
എന്നാൽ, ഇറാൻ ആണവായുധം നേടുന്നത് തടയുക എന്നതിൽ വിട്ടുവീഴ്ചയില്ലെന്നും, സുരക്ഷാ താൽപര്യങ്ങൾ മുൻനിർത്തി ആവശ്യമായ നടപടികൾ തുടരുമെന്നുമാണ് നെതന്യാഹുവിന്റെ വാദം.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം നെതന്യാഹു സ്വീകരിച്ച ആക്രമണാത്മക സുരക്ഷാനയം കാര്യമായ നേട്ടമുണ്ടാക്കിയില്ലെന്ന വിമർശനം ശക്തമാണ്.
ഗസ്സയിലെ വലിയൊരു ഭാഗം ഇപ്പോഴും ഹമാസിന്റെ നിയന്ത്രണത്തിലാണെന്നത് ഇതിന് തെളിവായി ഉയർത്തപ്പെടുന്നു. ഗസ്സയിലും ലബനാനിലും സിറിയയിലും ഇസ്രായേൽ സൈന്യം തമ്പടിക്കുന്നത് സൈനിക സ്രോതസ്സുകളെ വല്ലാതെ ക്ഷീണിപ്പിച്ചിരിക്കുകയാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഇറാനെതിരായ തന്ത്രം പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ മുതിർന്ന ഗവേഷകൻ ഡാനി സിട്രിനോവിച്ച് അഭിപ്രായപ്പെട്ടു.
കരാറിനെ അട്ടിമറിക്കാൻ ശ്രമിച്ചാൽ അമേരിക്കയിൽ നിന്ന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നത് നെതന്യാഹുവിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. പഴയതുപോലെ വൈറ്റ് ഹൗസിനെ മറികടന്ന് കോൺഗ്രസിൽ സ്വാധീനം ചെലുത്താൻ ഇന്ന് അദ്ദേഹത്തിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.