ബെയ്റൂത്ത്: സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഇസ്രായേൽ പ്രതിരോധ സേനയിലെ (ഐ.ഡി.എഫ്) ഒരു റിസർവ് സൈനികൻ ദക്ഷിണ ലെബനാനിൽ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു.
ഹൈഫ സ്വദേശിയായ മാസ്റ്റർ സർജന്റ് (റിസർവ്) അലക്സാണ്ടർ ഫിലിൻ (29) ആണ് കൊല്ലപ്പെട്ടത്. 36-ാം ഡിവിഷനിലെ ഹെഡ്ക്വാർട്ടേഴ്സ് കോംബാറ്റ് സൈനികനായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് അഞ്ച് മണിയോടെ ലിറ്റാനി നദിക്കരയിലൂടെ നടക്കുകയായിരുന്ന 36-ാം ഡിവിഷന്റെ ഡെപ്യൂട്ടി കമാൻഡറും സംഘവും സ്ഫോടനത്തിൽപ്പെടുകയായിരുന്നു.
സംഘത്തിലെ ഡെപ്യൂട്ടി ഡിവിഷൻ കമാൻഡർ (കേണൽ റാങ്ക്), 556-ാം ട്രാൻസ്പോർട്ട് റെജിമെന്റിലെ ബറ്റാലിയൻ കമാൻഡർ (ലെഫ്റ്റനന്റ് കേണൽ റാങ്ക്), മറ്റൊരു റിസർവിസ്റ്റ് എന്നിവർക്ക് ഗുരുതരമല്ലാത്ത പരിക്കേറ്റു.
കൂടാതെ ഒരു കോംബാറ്റ് സൈനികൻ, രണ്ട് കോംബാറ്റ് റിസർവിസ്റ്റുകൾ, ഒരു വനിത സൈനിക എന്നിവർക്കും നിസ്സാര പരിക്കുകളുണ്ട്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹിസ്ബുല്ലയുടെ സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് ഇസ്രായേൽ അധികൃതർ പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.സ്ഫോടനത്തിന് പിന്നാലെ, പ്രദേശത്തെ ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഐ.ഡി.എഫ് പീരങ്കി ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു.
അതേസമയം, പശ്ചിമേഷ്യയിൽ സമാധാന പ്രതീക്ഷകൾക്ക് നിറം പകർന്ന് അമേരിക്കയും ഇറാനും ധാരണ പത്രത്തിലെത്തിയിട്ടുണ്ട്.കഴിഞ്ഞ ഫെബ്രുവരി 28 മുതൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ യുദ്ധത്തിന് ഈ കരാറിലൂടെ താൽക്കാലിക വിരാമമാകുമെന്നാണ് കരുതുന്നത്.
എങ്കിലും നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമായി വരുമെന്ന് ഇരുരാജ്യങ്ങളും സമ്മതിക്കുന്നു. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ സംബന്ധിച്ച ചർച്ചകളും ഈ കരാറിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കരാർ പ്രകാരം യുദ്ധം എല്ലാ മേഖലകളിലും ഉടനടി അവസാനിക്കണം. ഹുർമുസ് കടലിടുക്ക് വഴി ടോൾ ഇല്ലാതെ കപ്പൽ ഗതാഗതം പുനരാരംഭിക്കാനും ഇറാനുമേലുള്ള യു.എസ് ഉപരോധം പിൻവലിക്കാനും മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുകൊടുക്കാനും ധാരണയായിട്ടുണ്ട്.
കൂടാതെ, യുദ്ധാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ഇറാനിലേക്ക് 300 ബില്യൺ ഡോളറിന്റെ നിക്ഷേപ ഫണ്ടും കരാറിൽ ഉൾപ്പെടുന്നു. ഇറാൻ അണുവായുധം നിർമിക്കില്ലെന്നും, ആണവോർജ്ജ ഏജൻസിയുടെ മേൽനോട്ടത്തിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കുറക്കുമെന്നും കരാറിൽ സമ്മതിച്ചിട്ടുണ്ട്.
അന്തിമ കരാറിലെത്താൻ 60 ദിവസത്തെ സമയപരിധിയും ഉടമ്പടിയിൽ ഉൾപ്പെടുന്നുണ്ട്. യു.എസുമായുള്ള കരാറിനെ സ്വന്തം വിജയമായിട്ടാണ് ഇറാൻ നോക്കിക്കാണുന്നത്.
എന്നാൽ, അമേരിക്കയിൽ ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇറാനോട് അമിത മൃദുസമീപനം സ്വീകരിക്കുന്നു എന്ന് ആരോപിച്ച് റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇത് ഒരു സമ്പൂർണ്ണ കരാറല്ലെന്നും ഭാവി ചർച്ചകളിലേക്കുള്ള തുടക്കം മാത്രമാണെന്നുമാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.