റഷ്യൻ എണ്ണ ശുദ്ധീകരണശാലയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം; കിയവിൽ റഷ്യയുടെ തിരിച്ചടി

മോസ്കോ: യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്കായി പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കി അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണ തേടുന്നതിനിടെ റഷ്യൻ എണ്ണ ശുദ്ധീകരണശാലക്ക് നേരെ വീണ്ടും യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. വ്യാഴാഴ്ച രാത്രി റഷ്യയുടെ വിവിധ ഭാഗങ്ങളിലായി 555 ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതിൽ ഏകദേശം 200 എണ്ണം മോസ്കോക്ക് അടുത്തെത്തിയവയാണ്. മോസ്കോയിലെ എണ്ണ ശുദ്ധീകരണശാലയിൽ ചില ഡ്രോണുകൾ പതിച്ചതായി മേയർ സെർജി സോബ്യാനിൻ സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഒരു ഷോപ്പിങ് സെന്ററിനും ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ഈ ആഴ്ച റഷ്യക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ആക്രമണം റഷ്യയുടെ ഇന്ധനപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.

മോസ്കോയുടെ ഇന്ധന ആവശ്യത്തിന്റെ 40 ശതമാനവും നിറവേറ്റുന്ന ഇവിടം തലസ്ഥാനത്തെ ഏറ്റവും വലിയ ഇന്ധന ഉൽപ്പാദന കേന്ദ്രമായ ഗാസ്‌പ്രോം നെഫ്റ്റിന് നേ​രെയാണ് ആക്രമണം നടന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്ത് 'കറുത്ത മഴ' പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.


മോസ്കോക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ഉയർന്ന കെട്ടിടം, വ്യാവസായിക കേന്ദ്രം, നിരവധി വീടുകൾ എന്നിവക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് മോസ്കോയിലെ ഷെറെമെത്യേവോ വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

ഇതേസമയം,യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ്യ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു. ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ വലിയ വ്യോമാക്രമണമാണിത്. നേരത്തെ നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും യുനെസ്കോ പൈതൃക പട്ടികയിലുള്ള 1,000 വർഷം പഴക്കമുള്ള ആശ്രമം തകരുകയും ചെയ്തിരുന്നു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയ ജി7 നേതാക്കളുമായി സെലെൻസ്‌കി ചർച്ച നടത്തി. യുദ്ധം അവസാനിപ്പിക്കാൻ താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. യു​ക്രെയ്ന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും റഷ്യൻ എണ്ണ-വാതക മേഖലകൾക്കെതിരായ ഉപരോധം കർശനമാക്കുമെന്നും ജി7 നേതാക്കൾ ഉറപ്പുനൽകി.

Tags:    
News Summary - Ukraine hits Moscow refinery again as Zelenskiy seeks Trump's support for peace deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.