ട്രംപ്
എവിയാൻ: ഫെബ്രുവരിയിൽ ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിനുനേരെ നടന്ന ആക്രമണ സംഭവത്തിൽ ന്യായീകരിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 175ലധികം കുട്ടികൾ കൊല്ലപ്പെട്ട അക്രമണം ‘മനഃപൂർവ്വം ചെയ്തതല്ലെന്നും’ യുദ്ധത്തിൽ തെറ്റുകൾ സംഭവിക്കാറുണ്ടെന്നുമാണ് ട്രംപ് പ്രതികരിച്ചത്. ഫ്രാൻസിലെ എവിയാൻ ലെ ബെയ്ൻസിൽ നടന്ന ജി-7 ഉച്ചകോടിയോടനുബന്ധിച്ച് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാനിലെ മിനാബിൽ ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ 175ലധികം കുട്ടികളും അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. യു.എസ് സൈന്യത്തിന്റെ പ്രാഥമിക ആഭ്യന്തര അന്വേഷണത്തിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം യു.എസ് സേനയ്ക്കാണെന്ന് കണ്ടെത്തിയതായി അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണമുണ്ടായതിന്‍റെ ഉത്തരവാദിത്വം അമേരിക്കക്കാണെന്ന് ആംനസ്റ്റി ഇന്‍റർ നാഷനലും വ്യക്തമാക്കിയിരുന്നു. യു.എസിന്‍റെ ടോമാഹോക്ക് ക്രൂയിസ് മിസൈലുമായി പൊരുത്തപ്പെടുന്ന സീരിയൽ നമ്പറുകളും അടയാളങ്ങളും അവശിഷ്ടങ്ങളിൽ ഉണ്ടെന്ന് ചിത്രങ്ങൾ അടക്കം തെളിവുകൾ ഇറാനിയൻ മാധ്യമങ്ങളും അതോറിറ്റികളും പുറത്തുവിട്ടിരുന്നു. എന്നാൽ പെന്റഗൺ അന്വേഷണം ഊർജിതമാക്കിയിരുന്നെങ്കിലും പ്രാഥമിക കണ്ടെത്തലുകൾ ഔദ്യോഗികമായി അംഗീകരിക്കാൻ തയാറായിട്ടില്ല.
ആക്രമണത്തിന് പിന്നിൽ ഇറാൻ തന്നെയാണെന്ന വിചിത്ര വാദമായിരുന്നു ട്രംപ് ഉന്നയിച്ചിരുന്നത്. എന്നാൽ, സംഭവത്തെക്കുറിച്ച് നിലവിൽ വ്യക്തതയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് പുറത്തുവന്നാൽ അത് അംഗീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.