മാലി: കടലിനടിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ പാനൽ ചർച്ച സംഘടിപ്പിച്ച് ടെലികോം ഭീമന്മാരായ ഊരീദു മാലിദ്വീപ് ഗിന്നസ് ലോക റെക്കോർഡിൽ ഇടംപിടിച്ചു. കമ്പനിയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് മാലിദ്വീപിലെ പ്രശസ്തമായ 'ബാ ഫുൽഹാദൂ' ദ്വീപിന്റെ ആഴക്കടലിലാണ് ഈ അപൂർവ്വ സംഗമം അരങ്ങേറിയത്. സാങ്കേതികവിദ്യ, പരിസ്ഥിതി സുസ്ഥിരത, ദേശീയ പ്രതിരോധം എന്നിവ മുൻനിർത്തി നടത്തിയ ചർച്ചയിൽ ഇരുപതോളം പ്രതിനിധികൾ ഡൈവിങ് സ്യൂട്ടുകൾ ധരിച്ച് കടലിനടിയിൽ പങ്കാളികളായി.
അത്യാധുനിക സങ്കേതങ്ങൾ; അമ്പരപ്പിക്കുന്ന തത്സമയ സംപ്രേഷണം
പ്രത്യേകം രൂപകൽപ്പന ചെയ്ത, മൈക്രോഫോണുകൾ ഘടിപ്പിച്ച ഫുൾ ഫേസ് ഡൈവിങ് മാസ്കുകൾ ധരിച്ചാണ് അഞ്ച് പ്രധാന പ്രഭാഷകർ ചർച്ച നയിച്ചത്. കടലിനടിയിലെ പ്രത്യേക സ്പീക്കറുകൾ വഴിയും കരയിലെ ഓഡിയോ സംവിധാനങ്ങൾ വഴിയും ജലാശയത്തിന് ഉള്ളിലുള്ളവർക്കും പുറത്തുള്ളവർക്കും വ്യക്തമായി ചർച്ച ശ്രവിക്കാൻ സാധിച്ചു.
മാലദ്വീപ് ഫിഷറീസ്-സമുദ്രവിഭവ മന്ത്രി അഹമ്മദ് ശിയാം, ഊരീദു മാലദ്വീപ് സി.ഇ.ഒ ഖാലിദ് അൽ ഹമാദി, മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സലീം, ഊരീദു ഒഫീഷ്യൽസ് ആയ ഷബീൻ അലി, അഫ്ഷീൻ മുഹമ്മദ് എന്നിവരാണ് പാനലിൽ സംസാരിച്ചത്. എം.എം.പി.ആർ.സി മാനേജിങ് ഡയറക്ടർ ഷിയുറി ഇബ്രാഹിം ഉൾപ്പെടെയുള്ള പ്രമുഖർ കടലിനടിയിലെ സദസ്സിൽ സന്നിഹിതരായിരുന്നു. ചർച്ചയ്ക്കിടെ കടലാഴങ്ങളിൽ നിന്ന് ഊരീദു ഗ്രൂപ്പ് സി.ഇ.ഒ അസീസ് അലുത്മാൻ ഫക്രു, ചെയർപേഴ്സൺ ഫാത്തിമ സുൽത്താൻ അൽ കുവാരി എന്നിവരുമായി അന്താരാഷ്ട്ര വീഡിയോ കോൾ വിജയകരമായി പൂർത്തിയാക്കിയത് ഊരീദുവിന്റെ സാങ്കേതിക കരുത്ത് വിളിച്ചോതുന്നതായി.
പരിസ്ഥിതി സന്ദേശവുമായി 'ബാ ഫുൽഹാദൂ'
ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച, 95 ശതമാനവും കേടുപാടുകൾ സംഭവിക്കാത്ത പവിഴപ്പുറ്റുകളുള്ള പ്രദേശമാണ് ചർച്ചയ്ക്കായി തിരഞ്ഞെടുത്തത്. ഏകദേശം 800 വർഷം പഴക്കമുള്ള പ്രശസ്തമായ 'ലെറ്റ്യൂസ് കോറൽ' സ്ഥിതി ചെയ്യുന്ന പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണിത്.
മാസങ്ങൾ നീണ്ട കഠിനമായ പരിശീലനങ്ങൾക്കും സുരക്ഷാ പരിശോധനകൾക്കും ശേഷമാണ് ഈ ദൗത്യം ആദ്യ ശ്രമത്തിൽ തന്നെ വിജയകരമായി പൂർത്തിയാക്കിയതെന്ന് ഊരീദു മാലദ്വീപ് സി.ഇ.ഒ ഖാലിദ് അൽ ഹമാദി വാർത്താക്കുറിപ്പിൽ അറിയിച്ചു. കമ്പനിയുടെ നൂതന ആശയങ്ങളുടെയും സാങ്കേതിക മികവിന്റെയും തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.