ലുല ഡ സിൽവ

‘ബ്രസീലിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്’; ട്രംപിന് ബ്രസീലിയൻ പ്രസിഡന്‍റിന്‍റെ ശക്തമായ താക്കീത്

ഈവിയൻ-ലെ-ബെയിൻസ് (ഫ്രാൻസ്): ബ്രസീലിന്റെ ആഭ്യന്തര കാര്യങ്ങളിലും വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടരുതെന്ന് ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവ മുന്നറിയിപ്പ് നൽകി. ജി 7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രസീലിയൻ സുപ്രീംകോടതി മുൻ പ്രസിഡന്റ് ജയർ ബോൾസോനാരോയുടെ മകൻ എഡ്വാർഡോ ബോൾസോനാരോക്ക് തടവുശിക്ഷ വിധിച്ച സംഭവത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ലുല ശക്തമായി പ്രതികരിച്ചത്. ബ്രസീലിയൻ രാഷ്ട്രീയം അപകടകരമാണെന്നും എതിരാളികളെ സർക്കാർ അടിച്ചമർത്തുകയാണെന്നുമുള്ള ട്രംപിന്റെ ആരോപണങ്ങൾ ലുല തള്ളിക്കളഞ്ഞു. ബോൾസോനാരോ കുടുംബവുമായുള്ള ബന്ധത്തിലൂടെ മാത്രം ബ്രസീലിനെ വിലയിരുത്തുന്ന ട്രംപിന് രാജ്യത്തെക്കുറിച്ചുള്ള അറിവ് പരിമിതമാണെന്ന് അദ്ദേഹം പറഞ്ഞു.

‘എനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളില്ല, എന്നാൽ ബ്രസീലിന്റെ തെരഞ്ഞെടുപ്പ് ബ്രസീലിയൻ ജനതയുടെ മാത്രം കാര്യമാണ്. അതിൽ ഇടപെടാൻ യു.എസ് പ്രസിഡന്റിനെ അനുവദിക്കില്ല’ ലുല വ്യക്തമാക്കി. കൂടാതെ, ബ്രസീലിന്റെ കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് മേൽ യു.എസ് പുതിയതായി ഏർപ്പെടുത്തിയ 25% തീരുവയെയും ലുല രൂക്ഷമായി വിമർശിച്ചു.

നയതന്ത്ര തലത്തിൽ ചർച്ചകൾ നടക്കുമ്പോൾ ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഒരു ചക്രവർത്തിയെപ്പോലെയുള്ള പെരുമാറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രസീലിന്റെ ആഭ്യന്തര വിഷയങ്ങളിൽ വാഷിങ്ടൺ നടത്തുന്ന ഇടപെടലുകളും ലഹരിമാഫിയ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച തീരുമാനങ്ങളും രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ബ്രസീലിയൻ പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ബ്രസീൽ പ്രതിജ്ഞാബദ്ധമാണെന്നും ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ലുല ഡ സിൽവ കൂട്ടിച്ചേർത്തു.

Tags:    
News Summary - President Lula warns Trump not to meddle in Brazil’s elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.