വ്ലാദിമിർ പുടിനും ഷീ ജിൻപിങ്ങും ഡോണൾഡ് ട്രംപും
ഫ്രാൻസ്: ഇറാനുമായുള്ള യുദ്ധത്തിനിടയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും സ്വീകരിച്ച നിഷ്പക്ഷ നിലപാടിനെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തെഹ്‌റാനുമായുള്ള യുദ്ധത്തിൽ താൻ നടത്തിയ ഇടപെടലുകളെ ഇവർ തടസ്സപ്പെടുത്തിയില്ലെന്നും, ഇക്കാര്യത്തിൽ അവർക്ക് നന്ദി പറയുന്നതായും ട്രംപ് വ്യക്തമാക്കി. ഫ്രാൻസിൽ നടന്ന ജി-7 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷാവസ്ഥക്ക് വിരാമമിട്ടുകൊണ്ട് വെടിനിർത്തൽ കരാർ രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ‘ചൈനയും റഷ്യയും ഈ സാഹചര്യം മെച്ചപ്പെടുത്തിയതുകൊണ്ട് മാത്രം ഞാൻ അവർക്ക് നന്ദി പറയുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന് ഞാൻ നന്ദി പറയുന്നു. അദ്ദേഹം തികച്ചും നിഷ്പക്ഷത പാലിച്ചു, അത് ഞാൻ വിലമതിക്കുന്നു. അതുപോലെ വ്ലാദിമിർ പുടിനും വളരെ നിഷ്പക്ഷനായിരുന്നു. ഞങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ പ്രയാസകരമാക്കാൻ അവർക്ക് സാധിക്കുമായിരുന്നു. എന്നാൽ അവർ അത് ചെയ്തില്ല’ ട്രംപ് കൂട്ടിച്ചേർത്തു.
ഹുർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട സൈനിക നീക്കങ്ങളിൽ സഹായിച്ചില്ലെന്ന് ആരോപിച്ച് ജപ്പാൻ മുതൽ യൂറോപ്യൻ രാജ്യങ്ങൾ വരെയുള്ള യു.എസ് സഖ്യകക്ഷികളെ ട്രംപ് നേരത്തെ വിമർശിച്ചിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായാണ് ചൈനയെയും റഷ്യയെയും അദ്ദേഹം ഇപ്പോൾ അഭിനന്ദിച്ചത്. തെഹ്‌റാനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് റഷ്യയും ചൈനയും. യുദ്ധം മിഡിൽ ഈസ്റ്റിൽ ആണവായുധ മത്സരം വർധിപ്പിക്കുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കൂടാതെ ഇറാനെതിരായ വാഷിങ്ടണിന്റെ ആക്രമണങ്ങളെ പരമാധികാര ലംഘനമെന്ന് വിശേഷിപ്പിച്ച് ബീജിങ് അപലപിക്കുകയും ചെയ്തിരുന്നു. യു.എസിന്റെ ഉപരോധങ്ങളെ മറികടന്ന് ഇറാനിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നതും ചൈനയാണ്. എങ്കിലും, സംഘർഷം പരിഹരിക്കുന്നതിൽ ഷീ ജിൻപിങ് സഹായിച്ചുവെന്ന് ട്രംപ് വാദിച്ചു. വൻതോതിലുള്ള ആയുധങ്ങളോ മിസൈലുകളോ ഇറാനിലേക്ക് അയക്കാൻ ചൈന തയാറായില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
‘അവർക്ക് ഒരു എണ്ണക്കപ്പലിനൊപ്പം ആറ് യുദ്ധക്കപ്പലുകളെ വീതം ഇരുവശത്തും അണിനിരത്താൻ കഴിയുമായിരുന്നു. എന്നാൽ അവർ അത് ചെയ്തില്ല. പ്രസിഡന്റ് ഷീ എന്നെ സഹായിച്ചു. അദ്ദേഹം പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു’ ട്രംപ് പറഞ്ഞു. അതേസമയം, യു.എസ്-ഇറാൻ സംഘർഷത്തിൽ തങ്ങളുടെ നിലപാട് സ്ഥിരമാണെന്നും, സമാധാനത്തിനായി തങ്ങൾ നിരന്തരം പരിശ്രമിച്ചുവരികയാണെന്നും ചൈനീസ് എംബസി വക്താവ് പ്രസ്താവനയിൽ അറിയിച്ചു. റഷ്യൻ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.