യുദ്ധം അവസാനിപ്പിക്കാൻ 14 ഇന ധാരണാ പത്രം; അമേരിക്ക-ഇറാൻ സമാധാന കരാറിലെ വ്യവസ്ഥകൾ എന്തെല്ലാം?

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള 14 ഇന സമാധാന കരാർ ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാർ ഒപ്പുവെച്ചതോടെ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. 'ഇസ്ലാമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ്' എന്ന് പേരിട്ടിരിക്കുന്ന ഈ കരാറിൽ ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ ഡിജിറ്റലായാണ് ഒപ്പുവെച്ചത്. ഹുർമുസ് കടലിടുക്ക് തുറക്കുന്നതും യുറേനിയം സമ്പുഷ്ടീകരണവും പ്രതിപാദിക്കുന്ന കരാറിന്റെ പൂർണരൂപം അമേരിക്കൻ അധികൃതർ പുറത്തുവിട്ടു. 14 ഇന വ്യവസ്ഥകൾ അടങ്ങിയ ധാരണാ പത്രത്തിലെ വ്യവസ്ഥകളിലെ അന്തിമ തീരുമാനം 60 ദിവസത്തിനുള്ളിൽ തീരുമാനമാകും.

1. യുദ്ധവിരാമം: അമേരിക്കയും ഇറാനും നിലവിലെ യുദ്ധത്തിലെ അവരുടെ സഖ്യകക്ഷികളും ചേർന്ന് ധാരണാ പത്രത്തിൽ (MOU) ഒപ്പുവെക്കുന്നതോടെ, ലബനാൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികൾ ഉടനടി നിർത്തലാക്കണം. ഇനി മുതൽ പരസ്പരം യുദ്ധമോ സൈനിക നടപടികളോ ആരംഭിക്കില്ലെന്നും, ബലപ്രയോഗം നടത്തുകയോ അതിനുള്ള ഭീഷണി മുഴക്കുകയോ ചെയ്യില്ലെന്നും ലബനാന്റെ അതിർത്തിയും പരമാധികാരവും സംരക്ഷിക്കുമെന്നും ഉറപ്പുനൽകുന്നു.

2. പരമാധികാര ബഹുമാനം: അമേരിക്കയും ഇറാനും പരസ്പരം പരമാധികാരത്തെയും ഭൂപ്രദേശങ്ങളുടെ അഖണ്ഡതയെയും മാനിക്കുമെന്നും, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും ഉറപ്പുനൽകുന്നുണ്ട്

3. അന്തിമ കരാർ: പരമാവധി 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്താനും അതിനായി ചർച്ചകൾ നടത്താനും അമേരിക്കയും ഇറാനും പ്രതിജ്ഞാബദ്ധരാണ്. ആവശ്യമെങ്കിൽ പരസ്പര സമ്മതത്തോടെ ഈ കാലാവധി നീട്ടാവുന്നതാണ്.

4. നാവിക ഉപരോധം നീക്കൽ: ധാരണാ പത്രത്തിൽ ഒപ്പുവെക്കുന്നതോടെ അമേരിക്ക ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധവും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യും. 30 ദിവസത്തിനുള്ളിൽ നാവിക ഉപരോധം പൂർണമായും അവസാനിപ്പിക്കും. ഈ കാലയളവിൽ യുദ്ധത്തിന് മുമ്പുള്ള കപ്പൽ ഗതാഗതത്തിന്റെ എണ്ണത്തിന് ആനുപാതികമായിരിക്കും കപ്പലുകളുടെ സഞ്ചാരം. അന്തിമ കരാർ ഒപ്പിട്ട് 30 ദിവസത്തിനുള്ളിൽ ഇറാന്റെ സമീപപ്രദേശങ്ങളിൽ നിന്ന് തങ്ങളുടെ സൈനിക സാന്നിധ്യം പിൻവലിക്കുമെന്ന് അമേരിക്ക ഉറപ്പുനൽകുന്നു.

5. ഹുർമുസ് കടലിടുക്ക്: ധാരണാ പത്രത്തിൽ ഒപ്പുവെക്കുന്നതോടെ, പേർഷ്യൻ ഗൾഫിൽ നിന്ന് ഒമാൻ കടലിലേക്കും തിരിച്ചും വാണിജ്യ കപ്പലുകൾക്ക് 60 ദിവസത്തേക്ക് യാതൊരു നിരക്കുമില്ലാതെ സുരക്ഷിതമായി സഞ്ചരിക്കാനുള്ള ക്രമീകരണങ്ങൾ ഇറാൻ ഒരുക്കും. വാണിജ്യ കപ്പലുകളുടെ ഗതാഗതം ഉടൻ തന്നെ ആരംഭിക്കും. സാങ്കേതികവും സൈനികവുമായ തടസ്സങ്ങൾ നീക്കുന്നതും മൈനുകൾ നിർവീര്യമാക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്ത് 30 ദിവസത്തിനുള്ളിൽ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കും. അന്താരാഷ്ട്ര നിയമങ്ങൾക്കും തീരദേശ രാജ്യങ്ങളുടെ പരമാധികാര അവകാശങ്ങൾക്കും അനുസൃതമായി, പേർഷ്യൻ ഗൾഫിലെ മറ്റ് തീരദേശ രാജ്യങ്ങളുമായും ചർച്ച നടത്തി, ഹുർമുസ് കടലിടുക്കിന്റെ ഭാവി ഭരണത്തെക്കുറിച്ച് ഒമാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി ഇറാൻ ചർച്ച നടത്തും.

6. സാമ്പത്തിക സഹായം: ഇറാന്റെ പുനർനിർമാണത്തിനും സാമ്പത്തിക വികസനത്തിനുമായി 300 ബില്യൺ ഡോളർ വകയിരുത്തിക്കൊണ്ടുള്ള ഒരു കൃത്യമായ പദ്ധതി തയാറാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംവിധാനം 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിന്റെ ഭാഗമായി തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്ക് ആവശ്യമായ എല്ലാ ലൈസൻസുകളും ഇളവുകളും അനുമതികളും അമേരിക്ക നൽകുന്നതാണ്.

7. ഉപരോധം അവസാനിപ്പിക്കൽ: അന്തിമ കരാറിന്റെ ഭാഗമായി നിശ്ചിത സമയത്തിനുള്ളിൽ ഇറാനെതിരെയുള്ള ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി പ്രമേയങ്ങൾ, അമേരിക്കയുടെ ഏകപക്ഷീയ ഉപരോധങ്ങൾ എന്നിവയുൾപ്പെടെ ഘട്ടംഘട്ടമായി നീക്കം ചെയ്യും. ഈ വിഷയങ്ങളിൽ പരസ്പര ധാരണയിലെത്തുന്നതിനായി ചർച്ചകളിൽ ഉടനടി പരിഹാരം കാണാൻ ഇരുരാജ്യങ്ങളും ഉദ്ദേശിക്കുന്നുണ്ട്.

8. ആണവനയം: ആണവായുധങ്ങൾ വാങ്ങുകയോ നിർമിക്കുകയോ ചെയ്യില്ലെന്ന് ഇറാൻ വീണ്ടും ഉറപ്പുനൽകുന്നു. ആണവോർജ്ജ ഏജൻസിയായ ഐ.എ.ഇ.എയുടെ മേൽനോട്ടത്തിൽ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരസ്പര ധാരണയോടെ തീരുമാനിക്കാൻ അമേരിക്കയും ഇറാനും സമ്മതിച്ചിട്ടുണ്ട്. നേരത്തേ പരാമർശിച്ചിരിക്കുന്ന സമയക്രമത്തിനനുസരിച്ചായിരിക്കും ഇത് നടപ്പിലാക്കുക. അന്തിമ കരാറിൽ അംഗീകരിക്കുന്ന ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ, ഇറാനുമായുള്ള ആണവ ആവശ്യങ്ങൾ സംബന്ധിച്ച യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ഈ ഖണ്ഡികയിലെ വ്യവസ്ഥകൾ അന്തിമ കരാറിലൂടെ സ്ഥിരീകരിക്കുന്നതാണ്. കൂടാതെ ഈ വിഷയങ്ങളിൽ പരസ്പര ധാരണയിലെത്തുന്നതിനായി ചർച്ചകളിൽ ഉടനടി പരിഹാരം കാണാൻ ഇരുരാജ്യങ്ങളും തയാറാവും.

9. യഥാസ്ഥിതി തുടരും: അന്തിമ കരാർ ഉണ്ടാകുന്നത് വരെ നിലവിലെ സാഹചര്യം തുടരും. അതിനാൽ ഇറാൻ തങ്ങളുടെ ആണവ പരിപാടികളിൽ മാറ്റം വരുത്തില്ല. അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തില്ലെന്നും, ഈ മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിക്കില്ലെന്നും ഉറപ്പുനൽകുന്നുണ്ട്.

10. ഇന്ധന കയറ്റുമതി: ഉപരോധങ്ങൾ അവസാനിക്കുന്നത് വരെ ഇറാനിയൻ ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കും അതുമായി ബന്ധപ്പെട്ട ബാങ്കിങ് ഇടപാടുകൾ, ഇൻഷുറൻസ്, ഗതാഗതം തുടങ്ങിയ എല്ലാ സേവനങ്ങൾക്കും ആവശ്യമായ ഇളവുകൾ യു.എസ് ട്രഷറി വകുപ്പ് നൽകും.

11. ആസ്തികൾ തിരികെ നൽകൽ: മരവിപ്പിച്ചിരിക്കുന്ന ഇറാനിയൻ ഫണ്ടുകളും ആസ്തികളും പൂർണ്ണമായി ഉപയോഗിക്കാൻ ഇറാനെ അനുവദിക്കും. ധാരണാ പത്രം നടപ്പിലാക്കുമ്പോൾ ഫണ്ടുകൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ചർച്ചകളിലൂടെ അമേരിക്കയും ഇറാനും ചേർന്ന് തീരുമാനിക്കും. അത്തരം ഫണ്ടുകൾ, യഥാർത്ഥ അക്കൗണ്ടിൽ നിലനിർത്തിയാലും കൈമാറ്റം ചെയ്താലും ഇറാനിയൻ സെൻട്രൽ ബാങ്ക് നിർദ്ദേശിക്കുന്ന ഏതൊരു ഗുണഭോക്താവിനും പണമടക്കുന്നതിനായി പൂർണമായും ഉപയോഗിക്കാൻ സാധിക്കണം. ഇതിനാവശ്യമായ എല്ലാ ലൈസൻസുകളും അനുമതികളും നൽകുമെന്ന് അമേരിക്ക ഉറപ്പുനൽകുന്നുണ്ട്.

12. നിരീക്ഷണ സംവിധാനം: ധാരണാ പത്രം വിജയകരമായി നടപ്പിലാക്കുന്നതിനും ഭാവിയിൽ അന്തിമ കരാർ പാലിക്കപ്പെടുന്നതും നിരീക്ഷിക്കുന്നതിനായി ഒരു ഉന്നതതല നിരീക്ഷണ സംവിധാനം രൂപീകരിക്കും.

13. ചർച്ചാക്രമം: ധാരണാ പത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം ഇതിലെ 1, 4, 5, 10, 11 എന്നീ ഖണ്ഡികകളിലെ കാര്യങ്ങൾ നടപ്പിലാക്കി തുടങ്ങിയാൽ ബാക്കി ഖണ്ഡികകളെ അടിസ്ഥാനമാക്കി അന്തിമ കരാറിനായുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും.

14. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം: അന്തിമ കരാറിന് ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയുടെ ഔദ്യോഗിക അംഗീകാരം ഉണ്ടായിരിക്കും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഈ ധാരണാ പത്രം. കരാർ പ്രകാരം 60 ദിവസത്തെ ചർച്ചകൾക്ക് ശേഷം അന്തിമ കരാറിലേക്ക് കടക്കാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. എന്നാൽ പ്രധാന വ്യവസ്ഥയായ ലബനാനിലെ വെടിനിൽത്തൽ ഇപ്പോഴും ചോദ്യചിഹ്നമാണ്.

Tags:    
News Summary - What are the 14 points in US Iran MoU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.