തെഹ്റാൻ: തെഹ്റാൻ, ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളിലെ വ്യോമാക്രമണത്തിന് തിരിച്ചടി നൽകി ഇസ്രായേലിൽ വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ. ഇതോടെ പശ്ചിമേഷ്യയിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും യുദ്ധം ശക്തമായി. ലബനാനിലെ ആക്രമണങ്ങൾക്ക് മറുപടിയായി ഞായറാഴ്ച ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരേ അതിരൂക്ഷമായ ബാലിസ്റ്റിക് മിസൈൽ ആക്രമണമാണ് ഇന്ന് പുലർച്ചെ ഇറാനിൽ, ഇസ്രായേൽ നടത്തിയത്. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയും, ഇസ്രായേൽ രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ, ഇസ്രായേലിൽ വീണ്ടും മിസൈൽ ആക്രമണം നടത്തിയത്. ഇതോടെ മേഖലയിൽ സംഘർഷം രൂക്ഷമായി. ഏപ്രിലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം ഇറാനും ഇസ്രായേലും തമ്മിലുള്ള തുറന്ന സംഘർഷത്തിലേക്ക് മടങ്ങിയത് ആഗോള തലത്തിൽ തന്നെ ഭീതി ഉയർത്തിയിരിക്കുകയാണ്.
യുദ്ധം പുനരാരംഭിച്ചതോടെ മേഖലയിലെ വ്യോമ ഗതാഗതവും താരുമറായി. സംഘർഷത്തെത്തുടർന്ന് ഇറാനിലെ ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളം, മെഹ്റാബ് അന്താരാഷ്ട്ര വിമാനത്താവളം, കെർമാൻഷാ അന്താരാഷ്ട്ര വിമാനത്താവളം എന്നിവ അടച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലബാനാനിൽ ഇസ്രായേലിന്‍റെ ആക്രമണങ്ങൾ എല്ലാ പരിധികളും ലംഘിച്ചതായി ഇറാൻ പറഞ്ഞു. ഇരു ഭാഗത്തുനിന്നുമുള്ള സൈനിക നീക്കങ്ങൾ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാവുമെന്നാണ് ആശങ്ക.
ഇറാനിലെ നഗരങ്ങളായ തെഹ്റാൻ, ഇസ്ഫഹാൻ, തബ്രീസ് എന്നിവിടങ്ങളിലാണ് ഇസ്രായേൽ ഇന്ന് പുലർച്ചെ അതിരൂക്ഷമായ ആക്രമണം നടത്തിയത്. ഇറാൻ മണ്ണിൽ ഇസ്രായേൽ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്ലാമിക് റവലൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) സ്ഥിരീകരിച്ചിരുന്നു. ഇറാന്റെ ആക്രമണം ഭയന്ന് ഇസ്രായേൽ ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇസ്രായേൽ സൈന്യത്തിന്റെ ഹോം ഫ്രണ്ട് കമാൻഡ് രാജ്യമൊട്ടാകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും അടിയന്തര സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന ആശുപത്രികളുടെ പ്രവർത്തനങ്ങൾ സുരക്ഷിതമായ ഭൂഗർഭ സമുച്ചയങ്ങളിലേക്ക് അടിയന്തരമായി മാറ്റാൻ മന്ത്രാലയം ഉത്തരവിടുകയും ചെയ്തിരുന്നു. ആശുപത്രികളിൽ ചികിത്സയിലുള്ള, വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്ന അവസ്ഥയിലുള്ള രോഗികളെ എത്രയും വേഗം ഡിസ്ചാർജ് ചെയ്യാനും ഇസ്രായേൽ നിർദേശം നൽകി. ആളുകളോട് സുരക്ഷിത ബങ്കറുകളിലേക്ക് മാറാനും ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്ച പത്തിലേറെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് ഇറാൻ ഈ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഇരു രാജ്യങ്ങളോടും സംയമനം പാലിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് മുഖവിലയ്ക്കെടുക്കാതെ ഇറാനിലേക്ക് ഇസ്രായേൽ അതിരൂക്ഷമായ ആക്രമണം തൊടുത്തുവിടുകയായിരുന്നു. ആക്രമണം തുടങ്ങിയതോടെ തെഹ്റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി.
ഇസ്രായേലും വ്യോമഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യു.എസും ജാഗ്രതയിലാണ്. ഇറാൻ ആക്രമണത്തിന് തിരിച്ചടിക്കരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് നെതന്യാഹു അംഗീകരിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
ഇറാന്റെ ഏറ്റവും പുതിയ മിസൈൽ ആക്രമണങ്ങളെ തുടർന്ന് സംയമനം പാലിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. സംഘർഷം ശാശ്വതമായി അവസാനിപ്പിക്കുന്നതിനായി ഇറാനുമായുള്ള കരാർ "വളരെ അടുത്താണ്" എന്നും പുതിയൊരു സംഘർഷം മൂലം നയതന്ത്ര ശ്രമം പാളം തെറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
"ഇറാൻ ആക്രമണങ്ങൾ ആരെയും വേദനിപ്പിച്ചില്ലെന്നും ഇസ്രായേൽ പ്രതികാരം ചെയ്യില്ലെന്ന് പ്രതീക്ഷിക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു." നെതന്യാഹുവിന്റെ പ്രത്യാക്രമണം സംഘർഷം അവസാനിപ്പിക്കുന്നതിനുപകരം അത് നീളാനിടയാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയ്ക്കും ഇറാൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയത്തിൽ ഇടപെടുകയോ ഇസ്രായേലിനെ സഹായിക്കുകയോ ചെയ്താൽ പശ്ചിമേഷ്യയിലുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ആക്രമണം ഇസ്രായേലിൽ മാത്രം ഒതുങ്ങില്ലെന്നും, അമേരിക്കയ്ക്കും അവരുടെ സഖ്യകക്ഷികൾക്കും നേരെ വ്യാപ്തിയുള്ള ആക്രമണങ്ങൾക്ക് തുനിയുമെന്നും ഇറാൻ റവലൂഷനറി ഗാർഡ്സും താക്കീത് നൽകിയിട്ടുണ്ട്.
യു.എസ് കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചനകളെത്തുടർന്ന് ജോർദാനിലെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും സജീവമാണ്. മേഖല വീണ്ടും സംഘർഷഭരിതമായതോടെ ഇറാൻ, ഇറാഖ്, സിറിയ, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ വ്യോമ സർവീസ് താൽക്കാലികമായി അടച്ചതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.