സൻആ: ചെങ്കടലിലൂടെയുള്ള ഇസ്രായേലിന്റെ കപ്പൽ ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് യമനിലെ ഇറാൻ അനുകൂല സായുധ വിഭാഗമായ ഹൂതികൾ പ്രഖ്യാപിച്ചു. ഇസ്രായേലുമായി ബന്ധമുള്ള മുഴുവൻ കപ്പലുകളും ചെങ്കടലിൽ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി. ഇസ്രായേലും ഇറാനും പരസ്പരം മിസൈലാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഹൂതികളുടെ സൈനിക വക്താവ് യഹിയ അൽ സരി നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് പ്രഖ്യാപനം.
ഇസ്രായേലിന് നേരെ തങ്ങൾ വീണ്ടും സൈനിക ആക്രമണം നടത്തിയതായും ഹൂതികൾ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് തരത്തിലുള്ള ആക്രമണങ്ങൾക്കും അതേ നാണയത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്നും തങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിരോധ നീക്കങ്ങൾ കൂടുതൽ കർശനമാക്കുമെന്നും ഹൂതികൾ കൂട്ടിച്ചേർത്തു.
"ചെങ്കടലിലൂടെയുള്ള ശത്രുക്കളുടെ കപ്പൽ ഗതാഗതത്തിന് ഞങ്ങൾ പൂർണ നിരോധനം ഏർപ്പെടുത്തുകയാണ്. ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കങ്ങളെയും ഞങ്ങളുടെ സൈന്യം സൈനിക ലക്ഷ്യങ്ങളായി മാത്രമേ കാണുകയുള്ളൂ. ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ ശക്തമായ തിരിച്ചടി നൽകും. പ്രതിരോധ സഖ്യങ്ങളുമായി ചേർന്ന് വരും ദിവസങ്ങളിൽ ഞങ്ങളുടെ സൈനിക നീക്കങ്ങൾ കൂടുതൽ ശക്തമാക്കും," യഹിയ അൽ സരി വ്യക്തമാക്കി
ലബനാനിലെ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഇസ്രായേലിലേക്ക് തൊടുത്ത മിസൈലുകൾക്ക് പകരം നടന്ന പ്രത്യാക്രമണങ്ങൾ മേഖലയിലെ സ്ഥിതി സങ്കീർണ്ണമാക്കിയിരിക്കുകയാണ്. തിരിച്ചടിക്കരുതെന്ന അമേരിക്കയുടെ മുന്നറിയിപ്പിനെ അവഗണിച്ച് കൊണ്ടാണ് ഇറാനിന് നേരെ ഇസ്രായേൽ ആക്രമണം നടന്നത്. പിന്നാലെ ഇസ്രായേലിന് നേരെ മിസൈൽ വർഷിച്ച് ഹൂതികളും രംഗത്ത് വരുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.