വാഷിങ്‌ടൺ: തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് എൻ.ബി.സി ന്യൂസിന്റെ ‘മീറ്റ് ദി പ്രസ്’ അഭിമുഖത്തിനിടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രകോപിതനായി. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് തെളിവുകൾ ഹാജരാക്കാൻ മാധ്യമപ്രവർത്തക ക്രിസ്റ്റൻ വെൽക്കർ തുടർച്ചയായി ആവശ്യപ്പെട്ടതാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ഒടുവിൽ, അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച ട്രംപ് മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു.
കാലിഫോർണിയയിലെ വോട്ടെണ്ണൽ മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തുടക്കം. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചുദിവസമായിട്ടും ഫലം പ്രഖ്യാപിക്കാൻ കഴിയാത്തത് ശരിയാണോ?’എന്ന് ട്രംപ് ചോദിച്ചു. എന്നാൽ, ഇത് കാലിഫോർണിയയിലെ സ്വാഭാവിക വോട്ടെണ്ണൽ രീതിയാണെന്നും നടപടി വേഗത്തിലാക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെന്നും വെൽക്കർ മറുപടി നൽകി. ഇതിനെത്തുടർന്ന്, ‘അവർ തട്ടിപ്പ് നടത്തുന്നതുകൊണ്ടാണ് വോട്ടെണ്ണൽ വൈകുന്നത്’ എന്ന് ട്രംപ് ആരോപിച്ചു.
ഈ ആരോപണത്തിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് വെൽക്കർ നേരിട്ട് ചോദിച്ചപ്പോൾ, ‘അതൊക്കെ എനിക്ക് നോക്കിയാൽ കാണാം, ഞാൻ ജനങ്ങളുടെ അഭിപ്രായം കേൾക്കാറുണ്ട്’ എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാൽ, തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതിന് തെളിവുകളില്ലെന്ന് വെൽക്കർ ആവർത്തിച്ച് വ്യക്തമാക്കിയതോടെ ട്രംപ് നിയന്ത്രണം വിട്ടു.
ക്രിസ്റ്റൻ വെൽക്കറെയും എൻ.ബി.സിയെയും മറ്റ് പ്രമുഖ മാധ്യമങ്ങളായ എ.ബി.സി, സി.ബി.എസ്, സി.എൻ.എൻ എന്നിവയെയും ട്രംപ് ‘ക്രുക്കഡ്’ (അഴിമതിക്കാർ) എന്ന് വിളിച്ച് അധിക്ഷേപിച്ചു. ‘നിങ്ങൾ ഒന്നുകിൽ ക്രുക്കഡ് ആണ്, അല്ലെങ്കിൽ മണ്ടിയാണ്.
ഇത്തരം അസംബന്ധങ്ങൾ പറഞ്ഞ് നിങ്ങൾ അവരുടെ (തട്ടിപ്പുകാരുടെ) കൈകളിലേക്ക് കളിക്കുകയാണ്’,- ട്രംപ് പറഞ്ഞു. അമേരിക്കൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ ‘മൂന്നാം ലോകരാജ്യത്തോട്’ ഉപമിച്ച അദ്ദേഹം,‘എനിക്ക് മതിയായി, നന്ദി ഡാർലിങ്, ബാക്കി നിങ്ങൾ തന്നെ നോക്കിക്കോളൂ’ എന്ന് പറഞ്ഞ് മൈക്ക് ഊരി നിലത്തെറിഞ്ഞു.
അഭിമുഖത്തിനായി താൻ വിസ്‌കോൺസിൻ വരെ യാത്ര ചെയ്ത കാര്യം വെൽക്കർ ഓർമിപ്പിച്ചപ്പോൾ, താൻ മഴയത്ത് മണിക്കൂറുകളോളം ഇരുന്നിട്ടുണ്ടെന്നും മാധ്യമങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ പഠിക്കണമെന്നുമാണ് ട്രംപ് തിരിച്ചടിച്ചത്.
മാധ്യമപ്രവർത്തകർക്കെതിരെയുള്ള ട്രംപിന്റെ രൂക്ഷ വിമർശനങ്ങൾ പുതിയതല്ല. ദിവസങ്ങൾക്ക് മുമ്പ് സി.എൻ.എൻ റിപ്പോർട്ടർ കെയ്‌റ്റ്‌ലൻ കോളിൻസിനെതിരെയും സമാനമായ രീതിയിൽ ട്രംപ് രംഗത്തെത്തിയിരുന്നു.
സി.എൻ.എൻ അങ്ങേയറ്റം അഴിമതി നിറഞ്ഞ സ്ഥാപനമാണെന്ന് വിശേഷിപ്പിച്ച ട്രംപ്, കോളിൻസിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തിയിരുന്നു. കൂടാതെ, ജനുവരി ആറിലെ കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോൾ അവരോട് മിണ്ടാതിരിക്കാൻ ട്രംപ് നിർദ്ദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.