വാഷിങ്ടൺ: ഇറാനെതിരെ പ്രത്യാക്രമണം നടത്തരുതെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം തള്ളിക്കൊണ്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം ട്രംപിനേറ്റ കനത്ത തിരിച്ചടിയും അപമാനവുമാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവും യു.എസ് സെനറ്ററുമായ ക്രിസ് മർഫി.
"ഈ യുദ്ധം ട്രംപിനും പൊതുവെ അമേരിക്കൻ അധികാരത്തിനും വലിയ അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇറാന് എതിരെ തിരിച്ചടിക്കരുതെന്ന് ആവശ്യപ്പെടാൻ താൻ നെതന്യാഹുവിനെ ഫോണിൽ വിളിക്കാൻ പോവുകയാണെന്ന് ട്രംപ് പ്രഖ്യാപിക്കുന്നു, എന്നാൽ മണിക്കൂറുകൾക്കകം നെതന്യാഹു തിരിച്ചടി നടത്തുന്നു. ഇതോടെ ട്രംപിന്റെ അപമാനം ഇരട്ടിയാവുകയാണ് ചെയ്തത്," ക്രിസ് മർഫി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തിന് മേലുള്ള നിയന്ത്രണം ട്രംപിന് പൂർണ്ണമായും നഷ്ടപ്പെട്ടതായും, യു.എസ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് വലിയ അപ്രാപ്തിയും പരാജയവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലബനാനിലെ ആക്രമണത്തെ തുടർന്ന് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകരുതെന്ന് ട്രംപ് കർശനമായി നിർദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ ഇസ്രായേൽ ഇറാനിലെ തെഹ്റാൻ, ഇസ്ഫഹാൻ, തബ്രീസ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ ഏപ്രിലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം ഇറാനും ഇസ്രായേലും തമ്മിലുള്ള തുറന്ന സംഘർഷം ആഗോള തലത്തിൽ തന്നെ ഭീതി ഉയർത്തുകയാണ്.
പത്തിലേറെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് ഇസ്രായേലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. ഇതിന് മറുപടിയായി പ്രാദേശിക സമയം പുലർച്ചെ 4.43നും 4.45നുമാണ് തെഹ്റാനിൽ രണ്ട് സ്ഫോടനങ്ങൾ ഉണ്ടായത്. ആക്രമണം തുടങ്ങിയതോടെ തെഹ്റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.