ഇസ്രായേലിനെ ആക്രമിച്ച് ഹൂതികളും; യുദ്ധം വ്യാപിക്കുന്നു

തെൽഅവീവ്: യമനിലെ ഹൂതി വിമതർ ഇസ്രായേലിനുനേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ പരിഭ്രാന്തി. തെൽഅവീവ് അടക്കമുള്ള മധ്യ ഇസ്രായേൽ മേഖലകളിലും ജെറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.

ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ലെന്ന് മാഗൻ ഡേവിഡ് അദം (എം.ഡി.എ) ആംബുലൻസ് സർവിസ് അറിയിച്ചു. സുരക്ഷിത താവളത്തിലേക്ക് ഓടുന്നതിനിടെ വീണു പരിക്കേറ്റ ഒരാളെ ചികിത്സ നൽകി വരികയാണ്. ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ ഇസ്രായേൽ വ്യോമപ്രതിരോധ സംവിധാനം തകർത്തതായാണ് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആക്രമണം അവസാനിച്ചതായും ജനങ്ങൾക്ക് സുരക്ഷിത താവളങ്ങളിൽനിന്ന് പുറത്തിറങ്ങാമെന്നും ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു. മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മധ്യ ഇസ്രായേലിലെയും ജെറുസലേമിലെയും ജനങ്ങൾക്ക് നേരത്തേ തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു.

രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ഇസ്രായേൽ പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൂത്തികൾ ഇസ്രായേലിൽ മിസൈൽ ആക്രമണം നടത്തിയത്. ഇറാന് പിന്നാലെ ഹൂതികളും ഇസ്രായേലിനെ ആക്രമിച്ചത് യുദ്ധം പുതിയ തലത്തി​ലേക്ക് വ്യാപിക്കുകയാണെന്ന് നിരീക്ഷകർ ചൂണ്ടികാണിക്കുന്നു.

അതേസമയം, ഇറാൻ നഗരങ്ങളായ തെഹ്റാൻ, ഇസ്ഫഹാൻ, തബ്രീസ് എന്നിവിടങ്ങളിലാണ് രൂക്ഷമായ ആക്രമണം നടത്തിയത്.ഏപ്രിലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം ഇറാനും ഇസ്രായേലും തമ്മിലുള്ള തുറന്ന സംഘർഷത്തിലേക്ക് മടങ്ങിവന്നത് ആഗോള തലത്തിൽ തന്നെ ഭീതി ഉയർത്തി.

ലബനാനിലെ ആക്രമണങ്ങൾക്ക് മറുപടിയായാണ് കഴിഞ്ഞ ദിവസം ഇസ്രായേലിന് നേരെ ഇറാൻ ശക്തമായ മിസൈൽ വർഷം നടത്തിയത്. പത്തിലേറെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് ഇറാൻ ഈ അപ്രതീക്ഷിത ആക്രമണം നടത്തിയത്.

ഇരു രാജ്യങ്ങളോടും സംയമനം പാലിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് മുഖവിലക്കെടുക്കാതെ ഇറാനിലേക്ക് ഇസ്രായേൽ അതിരൂക്ഷമായ ആക്രമണം തൊടുത്തുവിടുകയായിരുന്നു.

Tags:    
News Summary - Houthis Fire Missile at Israel, War Expands as Iran Conflict Intensifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.