ലോകകപ്പ് വേദിയിൽ സുരക്ഷാ ആശങ്ക; ഇംഗ്ലണ്ട് ക്യാമ്പിന് സമീപം വെടിവെപ്പ്, 9 പേർക്ക് പരിക്ക്

കൻസാസ് സിറ്റി: 2026ലെ ഫിഫ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ടൂർണമെന്റിനായി തയാറെടുക്കുന്ന ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ബേസ് ക്യാമ്പിന് സമീപം നടന്ന വെടിവെപ്പ് അമേരിക്കയിൽ വലിയ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നു. കൻസാസ് സിറ്റിയിലെ ട്രൂസ്റ്റ് അവന്യൂവിൽ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർക്കാണ് പരിക്കേറ്റത്.

പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 4 മണിയോടെ ട്രൂസ്റ്റ് അവന്യൂവിന്റെ 7900 ബ്ലോക്കിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. വെടിവെപ്പിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടുന്ന കാഴ്ചയാണ് കണ്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിക്കേറ്റ മൂന്ന് സ്ത്രീകളെ സംഭവസ്ഥലത്തുനിന്നുതന്നെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നാലെ, പരിക്കേറ്റ മറ്റ് ആറുപേർ സ്വകാര്യ വാഹനങ്ങളിൽ നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പരിക്കേറ്റ ഒമ്പത് പേരും മുതിർന്നവരാണെന്നും, ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും പൊലീസ് വക്താവ് അലൈന ഗോൺസാലസ് അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഇംഗ്ലണ്ട് ടീമിന്റെ ലോകകപ്പ് പരിശീലന ക്യാമ്പായി നിശ്ചയിച്ചിരിക്കുന്ന 'സ്വോപ് സോക്കർ വില്ലേജി'ൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയാണ് സംഭവം നടന്നത്. എന്നാൽ, ഈ വെടിവെപ്പ് ലോകകപ്പുമായി ബന്ധപ്പെട്ട ഒന്നല്ലെന്ന് പ്രാദേശിക അധികൃതർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയം ഇംഗ്ലണ്ട് ടീം കൻസാസ് സിറ്റിയിൽ എത്തിയിരുന്നില്ല. നിലവിൽ ഫ്ലോറിഡയിലെ പാം ബീച്ചിൽ പരിശീലനത്തിലുള്ള തോമസ് ടൂഹെലിന്റെ നേതൃത്വത്തിലുള്ള സംഘം, ജൂൺ 10ന് നടക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് ശേഷമാണ് ജൂൺ 13ന് കൻസാസ് സിറ്റിയിലെ സ്ഥിരം ക്യാമ്പിലേക്ക് മാറുന്നത്.

ജൂൺ 17ന് ഡാലസ് സ്റ്റേഡിയത്തിൽ വെച്ച് ക്രൊയേഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഉദ്ഘാടന മത്സരം. ഗ്രൂപ്പ് എൽ-ൽ ഉൾപ്പെട്ടിരിക്കുന്ന ഇംഗ്ലണ്ട്, തുടർന്ന് ജൂൺ 23ന് ബോസ്റ്റണിൽ വെച്ച് ഘാനയെയും, ജൂൺ 27ന് ന്യൂയോർക്ക് മെട്രോ ഏരിയയിൽ വെച്ച് പനാമയെയും നേരിടും. 1966ലെ ലോകകിരീടത്തിന് ശേഷം ഇത്തവണ ഒരു കപ്പുയർത്തുക എന്ന വലിയ ലക്ഷ്യവുമായാണ് തോമസ് ടൂഹെലിന്റെ കീഴിൽ ഇംഗ്ലീഷ്പ്പട അമേരിക്കയിലെത്തുന്നത്.

അമേരിക്കയിൽ തോക്കുമായി ബന്ധപ്പെട്ട അക്രമങ്ങൾ വീണ്ടും വാർത്തകളിൽ നിറയുന്നതിനിടെയാണ് കൻസാസ് സിറ്റിയിൽ ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ഗൺ വയലൻസ് ആർക്കൈവിന്റെ കണക്കുകൾ പ്രകാരം 2025ൽ മാത്രം അമേരിക്കയിൽ 400ലധികം കൂട്ടവെടിവെപ്പുകൾ നടന്നിട്ടുണ്ട്.

ലോകകപ്പ് നടക്കാനിരിക്കെ ഇത്തരം സംഭവങ്ങൾ ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയാണ് ഉയർത്തുന്നത്. എങ്കിലും, കായിക താരങ്ങളുടെയും ആരാധകരുടെയും സുരക്ഷ ഉറപ്പുവരുത്താൻ ടൂർണമെന്റ് അധികൃതർ കർശന നടപടികൾ സ്വീകരിക്കുമെന്നും, ടീമുകൾക്ക് നിലവിൽ ഭീഷണിയൊന്നുമില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ ഉറപ്പുനൽകുന്നുണ്ട്.

Tags:    
News Summary - Nine injured in shooting near England's FIFA World Cup base camp in Kansas City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.