കാഠ്മണ്ഡു: നേപ്പാളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ 100 ഇന കർമ പദ്ധതികളുമായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ആരാധകർ ബാലൻ എന്നുവിളിക്കുന്ന 35കാരനായ ബാലേന്ദ്ര ഷാ. അദ്ദേഹത്തിന്റെ പാർട്ടിയായ രാഷ്ട്രീയ സ്വതന്ത്ര്യ പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയിരുന്നു. നേപ്പാളിൽ നടന്ന ജെൻസി പ്രക്ഷോഭത്തിന് പിന്നാലെയായിരുന്നു പൊതു തെരഞ്ഞെടുപ്പ്.
സെപ്റ്റംബർ വിപ്ലവത്തിലൂടെ ഷായെ അധികാരത്തിലെത്തിച്ച ജെൻസിയുടെ തന്നെ ചിറകുകൾ അരിയുന്നതാണ് ഏറ്റവും പുതിയ നീക്കം. വിദ്യാർഥി രാഷ്ട്രീയത്തിന് സമ്പൂർണമായ വിലക്കാണ് ഏറ്റവും വിവാദമായ നടപടി. കാമ്പസ്സുകളിൽ വിദ്യാർഥിരാഷ്ട്രീയത്തിന് നിരോധനം ഏർപ്പെടുത്തി, സ്റ്റുഡന്റ്സ് കൗൺസിൽ -വോയ്സ് ഓഫ് സ്റ്റുഡന്റ്സ് പോലുള്ള പക്ഷപാതരഹിതമായ കൂട്ടായ്മകൾ 90 ദിവസത്തിനുള്ളിൽ രൂപീകരിക്കാനാണ് തീരുമാനം. റാപ്പറായിരുന്ന പ്രധാനമന്ത്രി തന്റെ ഗാനങ്ങളിലൂടെ യുവജന പ്രക്ഷോഭത്തിന് കോപ്പുകൂട്ടി ഭരണമുന്നണിക്കെതിരെ റിബലായി പ്രവർത്തിക്കുകയും പിന്നീട് അതേ വ്യക്തിതന്നെ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ കാമ്പസുകൾക്ക് രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ അവകാശമില്ലെന്ന് വാദിക്കുന്നതുമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
അതേസമയം, പരീക്ഷകൾ വൈകുന്നു, അധ്യാപകർ ആക്രമിക്കപ്പെടുന്നു, പാർട്ടി പതാകകൾ ക്ലാസ്മുറികളിൽ ആധിപത്യം സ്ഥാപിക്കുന്നു തുടങ്ങിയവയാണ് ബാലൻ ഷാ കാമ്പസ് രാഷ്ട്രീയത്തിനെതിരെ ഉയർത്തുന്ന വാദം. രാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് വിദ്യാഭ്യാസത്തെ മോചിപ്പിക്കുക എന്നതാണ് ഏക പരിഹാരമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
സിവിൽ ഉദ്യോഗസ്ഥരെയും അധ്യാപകരെയും രാഷ്ട്രീയ പാർട്ടി അംഗത്വത്തിൽനിന്ന് വിലക്കുന്നതാണ് മറ്റൊരു നീക്കം. സർക്കാർ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയൻ സംവിധാനങ്ങളെ ഇല്ലാതാക്കുന്നതാണ് ഈ തീരുമാനം. ഭരണം കാര്യക്ഷമമാക്കാനും ബാഹ്യ ഇടപെടലുകൾ കുറക്കാനും ഈ നീക്കം സഹായിക്കുമെന്ന് ഷായുടെ അനുകൂലികൾ അവകാശപ്പെടുന്നു. എന്നാൽ, ഇത് തൊഴിലാളികളുടെ സംരക്ഷണവും അവകാശങ്ങളും ഇല്ലാതാക്കുമെന്നും സംവിധാനങ്ങൾക്കെതിരായ വിയോജിപ്പുകളെ നിശബ്ദമാക്കുമെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
വിദ്യാഭ്യാസ മേഖലയിലാണ് കൂടുതൽ മാറ്റങ്ങൾ ഷായുടെ നേതൃത്വം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതിലൊന്നാണ് ബിരുദ പ്രവേശനത്തിന് പൗരത്വം വേണമെന്ന നിയമം ഇല്ലാതാക്കൽ. കൂടാതെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് കർശനമായ അക്കാദമിക് കലണ്ടറുകൾ നടപ്പിലാക്കുകയും ചെയ്യും. അടുത്ത അധ്യയന വർഷം മുതൽ അഞ്ചാം ക്ലാസ് വരെയുള്ള ഇന്റേണൽ പരീക്ഷകൾ ഒഴിവാക്കി ബദൽ മൂല്യനിർണ്ണയങ്ങൾ നടത്തും. കൂടാതെ കൊളോണിയൽ, എലൈറ്റ് ബ്രാൻഡിങ്ങിൽനിന്ന് വിട്ടുനിൽക്കാനും വിദേശ പേരുകൾ അതായത്, ഓക്സ്ഫഡ്, പെന്റഗൺ, സെന്റ് ജോസഫ്സ്, സെന്റ് സേവ്യേഴ്സ് തുടങ്ങിയവ ഒഴിവാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾ യഥാർഥ പേരുകൾ സ്വീകരിക്കാനും നിർദേശം നൽകി.
രാഷ്ട്രീയ എതിരാളികൾക്കെതിരെയും ബാലൻ ഷായുടെ നേതൃത്വത്തിലുള്ള സർക്കാർ രംഗത്തെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി ശർമ ഓലിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ആദ്യ നീക്കം. കൂടാതെ മറ്റൊരു മുൻ മന്ത്രി രമേശ് ലേഖകിനെയും അറസ്റ്റ് ചെയ്തു. സെപ്റ്റംബറിൽ നടന്ന പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഇരുവരും നേരിടുന്നത്. പ്രക്ഷോഭത്തിൽ 77പേർ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് അതൊരു അഴിമതി വിരുദ്ധ പ്രക്ഷോഭമായി രൂപാന്തരപ്പെടുകയും ശർമ ഓലി സർക്കാറിനെ താഴെയിറക്കുകയും ചെയ്യുകയായിരുന്നു. മറ്റൊരു കേസിൽ എം.എൽ.എ രേഖ ശർമയെയും ശനിയാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത വീട്ടുജോലിക്കാരിയെ എട്ടു വർഷത്തിലേറെയായി പീഡിപ്പിച്ചുവെന്ന കുറ്റത്തിനായിരുന്നു അറസ്റ്റ്.
ജെൻസി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 27 വിദ്യാർഥികളുടെ കുടുംബത്തിന് ജോലി നൽകുമെന്ന് ബാലൻ ഷാ പ്രഖ്യാപിച്ചിരുന്നു. ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ തീരുമാനത്തിന് അംഗീകാരം ലഭിച്ചതായും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
അതേസമയം, ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി സമൂഹമാധ്യമ പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫിസ് പങ്കുവെച്ചു. പുതിയ നേപ്പാൾ പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസാ സന്ദേശത്തിന് മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.