ബാലേന്ദ്ര ഷാ
കാഠ്മണ്ഡു: നേപ്പാൾ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ച ജെൻസി യുവജന പ്രസ്ഥാനം വീണ്ടും തെരുവിൽ. ജെൻസി പ്രക്ഷോഭത്തിന് പിന്നാലെ അധികാരത്തിലെത്തിയ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ എന്ന ബാലൻ ഷാ സർക്കാറിനെതിരെയാണ് നിലവിലെ പ്രക്ഷോഭം.
റൈഡ് ഷെയറിങ് ടാക്സി ഡ്രൈവറായ 25കാരൻ ഗണേഷ് നേപ്പാളിയുടെ ആത്മഹത്യയാണ് സർക്കാറിനെതിരായ പ്രക്ഷോഭത്തിന് കാരണം. കാഠ്മണ്ഡുവിൽ പാർക്കിങ്ങിനെ ചൊല്ലി ട്രാഫിക് പൊലീസുമായുണ്ടായ സംഘർഷത്തെ തുടർന്ന് വ്യാഴാഴ്ച ഗണേഷ് നേപ്പാളി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് ആശുപത്രിയിൽ മരിച്ചു. മോട്ടോർ സൈക്കിളിൽ മുനിസിപ്പൽ പൊലീസ് വീൽ-ലോക്ക് ഘടിപ്പിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ആവർത്തിച്ചുള്ള പിഴകളും വീൽ ലോക്കിങ് സംഭവങ്ങളും ഗണേഷ് നേപ്പാളിയെ കൂടുതൽ വിഷമിപ്പിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഒരാഴ്ച മുമ്പ്, മോട്ടോർ സൈക്കിൾ ലോക്ക് ചെയ്തതിന് ശേഷം ഉദ്യോഗസ്ഥർ 1,000 രൂപ പിഴ ചുമത്തിയതായി അദ്ദേഹം ബന്ധുക്കൾക്ക് സന്ദേശം അയച്ചിരുന്നു. ആത്മഹത്യക്ക് മുമ്പ് അദ്ദേഹം മെട്രോപൊളിറ്റൻ അധികൃതരെ കുറ്റപ്പെടുത്തിയതായി കുടുംബം പറഞ്ഞു.
ഗണേഷിന്റെ മരണം കാഠ്മണ്ഡുവിൽ വ്യാപക പ്രതിഷേധങ്ങൾക്ക് തിരികൊളുത്തുകയായിരുന്നു. പ്രതിഷേധക്കാർ പ്രധാനമന്ത്രി ബാലൻ ഷായുടെ രാജി ആവശ്യപ്പെട്ട് കാഠ്മണ്ഡുവിൽ പ്രകടനങ്ങൾ നടത്തി. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഇതിനിടെ, കാഠ്മണ്ഡുവിൽ അനധികൃത കൈയേറ്റമെന്ന പേരിൽ ഭൂമിയില്ലാത്ത നൂറുകണക്കിന് കുടുംബങ്ങളെ പുനരധിവാസം ഒരുക്കാതെ ഒഴിപ്പിച്ചതും പ്രതിഷേധം ആളിക്കത്തിച്ചു. താത്കാലിക ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ പോലും ഒഴിയാൻ നിർദേശിച്ചതായി പ്രതിഷേധക്കാർ ആരോപിക്കുന്നു. സർക്കാറിന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും പകരം താമസസൗകര്യം ഉറപ്പാക്കാതെ ഒഴിപ്പിക്കൽ അംഗീകരിക്കാനാവില്ലെന്നും അവർ ആവശ്യപ്പെട്ടു.
2025ലെ വൻ ജനകീയ പ്രക്ഷോഭത്തിന് ശേഷം അധികാരത്തിലെത്തിയ ബാലൻ ഷാ സർക്കാറിനെതിരെ നേരത്തേയും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ മാസം നേപ്പാൾ പ്രധാനമന്ത്രി പാർലമെന്റിൽ നടത്തിയ കൈയേറ്റ പരാമർശം വലിയ വിവാദമായിരുന്നു. ഇതിനെതിരെയും യുവജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.