ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജൻസ് ഏജൻസിയെന്ന പരിവേഷം മൊസാദിന് ലഭിച്ചത് യഥാർത്ഥത്തിൽ അവരുടെ കാര്യക്ഷമത കൊണ്ടല്ലെന്ന് എഴുത്തുകാരനും പശ്ചിമേഷ്യൻ നിരീക്ഷകനുമായ സജി മാർക്കോസ്. ഇസ്രായേൽ തന്നെ നിർമ്മിച്ചെടുത്ത നിറംപിടിപ്പിച്ച പ്രൊപ്പഗണ്ടയാണ് അതിന് പിന്നിൽ. "ചെറിയ തിയേറ്റർ, വലിയ ശബ്ദം" എന്ന തന്ത്രത്തിലൂടെ ലോകത്തെ ഭയപ്പെടുത്തുന്ന ഒരു പ്രതിച്ഛായ നിർമ്മിച്ചെടുക്കുന്നതിൽ മൊസാദ് വിജയിച്ചിരിക്കുന്നു.
വെറും 13 ദിവസം കൊണ്ട് ഒരു പുതിയ രാജ്യം രൂപീകരിക്കാൻ സൈന്യത്തെ സഹായിച്ച ഇന്ത്യൻ ഏജൻസിയായ 'റോ' നിശബ്ദത പാലിക്കുമ്പോൾ, ഓരോ ഓപ്പറേഷനും പുസ്തകങ്ങളും സിനിമകളുമാക്കി ലോകമെമ്പാടും വാർത്തയാക്കുകയാണ് മൊസാദ് ശൈലി. 'ആണ്ടി വലിയ അടിക്കാരനാണ് എന്ന് ആണ്ടി തന്നെ പ്രചരിപ്പിക്കുന്ന' തരത്തിലുള്ള ഒരു പി.ആർ തന്ത്രമാണിതെന്ന് സജി മാർക്കോസ് നിരീക്ഷിക്കുന്നു.
സ്വന്തം മൂക്കിന് താഴെ 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണം പോലും മുൻകൂട്ടി അറിയാൻ കഴിയാത്തവർ എങ്ങനെയാണ് ഇന്നും പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്? പരാജയങ്ങൾ മറച്ചുവെച്ചും വിജയങ്ങളെ ഊതിവീർപ്പിച്ചും അവർ കെട്ടിപ്പടുത്ത മിത്തുകളെ വിചാരണ ചെയ്യുകയാണ് ഫേസ്ബുക് കുറിപ്പിൽ.
ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജൻസ് ഏജൻസി ഏതാണ് എന്ന് ചോദിച്ചാൽ കേരളത്തിലെ കൊച്ചു കുട്ടികൾ പോലും പറയുന്ന ഒരുത്തരമുണ്ട്- മൊസാദ്. അത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? അതേസമയം, ഇന്ത്യൻ ഇന്റലിജൻസ് ഏജന്സിയെയുടെ പ്രവർത്തനങ്ങളെപ്പറ്റിപോലും അവർക്ക് കാര്യമായ അറിവ് മിക്കവർക്കും അറിവുണ്ടാകില്ല. MI6, ASIS എന്നൊന്നും കേട്ടിട്ടുപോലുമില്ല. പിന്നെ എങ്ങിനെ മൊസാദ് ആണ് മികച്ചത് എന്ന അറിവ് പൊതുവിൽ ഉണ്ടായി? അതാണ് മൊസാദിന്റെ നിറംപിടിപ്പിച്ച പ്രൊപ്പഗണ്ട.
മൊസാദിന്റെ പ്രശസ്തിയുടെ വലിയൊരു പങ്ക് മാധ്യമങ്ങളും രാഷ്ട്രീയ പ്രചരണങ്ങളും (Propaganda) വഴി നിർമ്മിക്കപ്പെട്ടതാണ്. ചെറിയ തിയേറ്റർ, വലിയ ശബ്ദം ഇതാണ് മൊസാദിന്റെ തന്ത്രം. രഹസ്യാന്വേഷണ രംഗത്ത് ഭയമുണർത്തുന്ന ഒരു പ്രതിച്ഛായ എന്നത് വലിയൊരു ആസ്തിയാണ്. ചുറ്റും ശത്രുരാജ്യങ്ങളുള്ള ഒരു ചെറിയ രാജ്യത്തെ സംബന്ധിച്ച്, തങ്ങൾ അതീവ ശക്തരാണെന്ന് വരുത്തിതീർക്കുക എന്നത് നിലനിൽപ്പിന്റെ ഭാഗമാണ്. ഇതിനെ വിദഗ്ധർ Deterrence through reputation. എന്ന് വിളിക്കുന്നു. അവർ ലോകത്ത് എവിടെയും കടന്നുചെല്ലാൻ കെൽപ്പുള്ളതാണെന്നും എല്ലാം അറിയുന്നവരാണെന്നും, വിജയിച്ച ഓപ്പറേഷനുകളുടെ ചില വിവരങ്ങൾ മാത്രം പുറത്തുവിടുന്നത് വഴി പ്രത്യേകമായൊരു പ്രതിച്ഛായ നിർമ്മിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞു.
മൊസാദ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇസ്രായേലിന് ഭീഷണിയായ ചില വ്യക്തികളെ ഇല്ലാതാക്കുന്നതിലാണ് (Targeted Killings). പലർക്കും ഇത് കേൾക്കാൻ വലിയ താല്പര്യമുള്ള വാർത്തകളാണ്. എന്നാൽ ഇന്ത്യൻ റോ ചെയ്തതുപോലെ ഒരു രാജ്യത്തെ വിഭജിക്കുകയോ അല്ലെങ്കിൽ MI6 ചെയ്യുന്നതുപോലെ ലോകത്തിലെ വൻശക്തികളുടെ നയങ്ങളെ സ്വാധീനിക്കുകയോ ചെയ്യുന്ന വലിയ തന്ത്രപരമായ കളികളിൽ മൊസാദിന്റെ പങ്ക് പരിമിതമാണ്. വളരെ ചെറിയ ഒരു ഏജൻസി ആയ അവർക്ക് 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണം മുൻകൂട്ടി അറിയുന്നതിൽ വന്ന വലിയ പരാജയം അവരുടെ ദൗര്ബല്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
പരാജയങ്ങൾ മറച്ചുവെക്കലാണ് മറ്റൊരു തന്ത്രം. 1973-ലെ യോം കിപ്പൂർ യുദ്ധത്തിലെ ഇന്റലിജൻസ് പരാജയം, കാനഡയിൽ വെച്ച് നിരപരാധിയായ ഒരു മൊറോക്കൻ വെയ്റ്ററെ അബദ്ധത്തിൽ കൊലപ്പെടുത്തിയ ലില്ലെഹാമർ സംഭവം (1973), ഏറ്റവും ഒടുവിൽ 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണം എന്നിവയെല്ലാം മൊസാദിന്റെയും ഇസ്രായേലിന്റെയും സുരക്ഷാ കോട്ടകൾ തകർന്നതിന്റെ വലിയ ഉദാഹരണങ്ങളാണ്. എന്നാൽ ഇവയൊക്കെ അവരുടെ പി.ആർ (PR) തന്ത്രങ്ങൾ വഴി വിസ്മരിക്കപ്പെടുകയാണ് പതിവ്.
ആണ്ടി വലിയ അടിക്കാരനാണ് എന്ന ആണ്ടി തന്നെ പ്രചരി പ്പിക്കുന്ന പരിപാടിയിൽ വിജയിച്ചവരാണ് മൊസാദ്. കാരണം എല്ലാ രാജ്യങ്ങളും (ശത്രു രാജ്യമല്ലെങ്കിൽ ) പൊതുവെ രാജ്യങ്ങൾക്ക് ഭീഷിണി ആകുന്ന അന്താരാഷ്‌ട്ര രഹസ്യ വിവരങ്ങൾ പങ്കുവയ്ക്കാറുണ്ട്. പക്ഷെ, അത് ആദ്യം ലഭിക്കുന്നതും കൂടുതൽ ലഭിക്കുന്നതും കൂടുതൽ ക്രഡിബിലിറ്റി ഉള്ള ഏജൻസികൾക്ക് ആണ്. അതുകൊണ്ട് പൊതുവിൽ പ്രശസ്തരാകേണ്ടത് ഒരു ആവശ്യമാണ്.
ഇസ്രായേലുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ജിയോപോളിറ്റിക്കൽ സാഹചര്യങ്ങൽ വിഭവപരിമിതികൾ എന്നിവ വളരെ വലുതായിരുന്നു. എന്നിട്ടും 'റോ' കൈവരിച്ച വിജയങ്ങൾ പലപ്പോഴും മൊസാദിന്റെ വിജയങ്ങളേക്കാൾ തന്ത്രപരമായി വളരെ മുന്നിലാണ്.
1971-ലെ കിഴക്കൻ പാകിസ്താൻ വിഭജനം (ബംഗ്ലാദേശ് രൂപീകരണം): ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്റലിജൻസ് ഓപ്പറേഷനുകളിൽ ഒന്നാണിത്. കിഴക്കൻ പാകിസ്താനിലെ 'മുക്തിബാഹിനി' പ്രസ്ഥാനത്തിന് രഹസ്യമായി പരിശീലനം നൽകിയതും, പാകിസ്‍താൻ സൈന്യത്തിന്റെ നീക്കങ്ങൾ പൂർണ്ണമായി ചോർത്തിയതും, വെറും 13 ദിവസം കൊണ്ട് ഒരു പുതിയ രാജ്യം രൂപീകരിക്കാൻ ഇന്ത്യൻ സൈന്യത്തിന് തന്ത്രപരമായ സഹായം നൽകിയതും 'റോ' (R&AW) ആയിരുന്നു.
ചരിത്രത്തിൽ ഇന്ന് വരെ ഒരു വിദേശ ഏജൻസിയും ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഒരു രാജ്യത്തിന്റെ ഭൂമിശാസ്ത്രം തന്നെ മാറ്റിമറിച്ച ചരിത്രമില്ല.
സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കിയ (1975) രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിൽ 'റോ'യുടെ അതിസങ്കീർണ്ണമായ നിശബ്ദ ഓപ്പറേഷനുകൾ ഉണ്ടായിരുന്നു. പാകിസ്താന്റെ ഉള്ളിലെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിലും 'റോ' വലിയ പങ്കുവഹിക്കുന്നുണ്ട്.
The Absence of Propaganda ആണ് റോയുടെ എക്കാലത്തെയും സ്വഭാവം. മൊസാദ് ഒരു ഓപ്പറേഷൻ നടത്തിയാൽ അതിനെക്കുറിച്ച് പുസ്തകങ്ങളും സിനിമകളും ഇറക്കി ലോകമെമ്പാടും വലിയ വാർത്തയാക്കും (ഉദാഹരണത്തിന് 'ഓപറേഷൻ എന്റബെ'). എന്നാൽ 'റോ'യുടെ ആദ്യ തലവനായ ആർ.എൻ. കാവോ വിശ്വസിച്ചിരുന്നത് ഒരു രഹസ്യാന്വേഷണ ഏജൻസിക്ക് പ്രശസ്തി എന്നത് പരാജയത്തിന് തുല്യമാണെന്നാണ്. അതിനാൽ 'റോ' തങ്ങളുടെ വിജയങ്ങൾ എപ്പോഴും രഹസ്യമാക്കി വെച്ചു.
ലോകത്തിലെ ഏറ്റവുംമികച്ച ഇന്റലിജൻസ് MI6 ആണെന്നാണ് പൊതുവിലുള്ള പണ്ഡിത മതം. ചരിത്രകാരന്മാരും ഇന്റലിജൻസ് വിദഗ്ധരും MI6 (Secret Intelligence Service - SIS) ആണ് ലോകത്തിലെ ഏറ്റവും മികച്ച ഏജൻസി എന്ന് പറയാൻ ചില കൃത്യമായ കാരണങ്ങളുണ്ട്: നൂറ്റാണ്ടുകളോളം ലോകം ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അനുഭവസമ്പത്താണ് (Institutional Knowledge) MI6-ന്റെ കരുത്ത്. ലോകത്തിന്റെ എല്ലാ കോണുകളിലും അവർക്ക് ഇന്നും ആഴത്തിലുള്ള രഹസ്യ ശൃംഖലകളുണ്ട്.
മൊസാദിനെപ്പോലെ തോക്കുകളും ബോംബുകളും ഉപയോഗിച്ച് ആളുകളെ കൊല്ലുന്നതിനേക്കാൾ, വിദേശ രാജ്യങ്ങളിലെ ഭരണകൂടങ്ങളെയും നയങ്ങളെയും തങ്ങൾക്ക് അനുകൂലമായി മാറ്റിയെടുക്കുന്ന അതീവ സങ്കീർണ്ണമായ 'നയതന്ത്ര ചാരപ്രവർത്തനത്തിൽ' (Diplomatic Espionage) MI6 മാസ്റ്റേഴ്സ് ആണ്. അമേരിക്കയുടെ CIA രൂപീകരിക്കുന്നതിന് മാതൃകയായത് ബ്രിട്ടന്റെ ചാരശൃംഖലയായിരുന്നു. ജെയിംസ് ബോണ്ട് സിനിമകൾ വഴി പോപ്പ് കൾച്ചറിൽ അവർക്കും ഇന്നും വലിയ സ്വാധീനമുണ്ട്, എന്നാൽ യഥാർത്ഥ ജീവിതത്തിൽ അവർ മൊസാദിനേക്കാൾ അതീവ രഹസ്യ സ്വഭാവം അവർ കാത്ത് സൂക്ഷിക്കുന്നു.
ചുരുക്കത്തിൽ ഇന്ത്യയുടെ 'റോ' (R&AW)-യുടെ വിഭവപരിമിതമെങ്കിലും അതിശക്തമായ തന്ത്രപരമായ വിജയങ്ങളും, ബ്രിട്ടന്റെ 'MI6'-ന്റെ ആഗോള സ്വാധീനവും ആരും അറിയാതെപോയി. ഇസ്രായേൽ ഏജൻസിയായ മൊസാദ് തങ്ങളുടെ വിജയങ്ങളെ വലിയ തോതിൽ പ്രൊപ്പഗണ്ട ആക്കി മാറ്റിയപ്പോൾ, റോ (R&AW) പോലുള്ള ഏജൻസികൾ തങ്ങളുടെ വൻ വിജയങ്ങൾ പോലും പരസ്യപ്പെടുത്താതെ 'നിശബ്ദ പോരാളികൾ' (Silent Warriors) ആയി തുടരാനാണ് ആഗ്രഹിച്ചത്.
മൊസാദിന്റെ ആദ്യകാല വിജയങ്ങൾക്ക് അടിത്തറയിട്ടത് രണ്ട് പ്രമുഖ വ്യക്തികളാണ്. ഇവർക്ക് ചാരപ്രവർത്തനത്തിൽ ദശാബ്ദങ്ങളുടെ മുൻപരിചയമുണ്ടായിരുന്നു. അതിൽ ഒന്നാമത്തെ ആൾ മൊസാദിന്റെ ആദ്യ തലവനായിരുന്ന റൂവൻ ഷിലോവാ (1949–1952) ആയിരുന്നു .
ഇസ്രായേൽ രൂപീകരിക്കുന്നതിന് മുൻപ് തന്നെ ഫലസ്തീനിലെ ജൂതരുടെ Underground Army ആയിരുന്ന ഹഗാനയുടെ (Haganah) രഹസ്യാന്വേഷണ വിഭാഗമായ 'ഷായ്' (Shai) എന്ന സംഘടനയിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. അവർ ഫലസ്തീനിലെ (അന്ന് ഇസ്രായേൽ എന്നൊരു രാജ്യമില്ല) റെഹോവോട്ട് (Rehovot) എന്ന സ്ഥലത്ത് ഒരു രഹസ്യ ഭൂഗർഭ വെടിയുണ്ട നിർമ്മാണ ഫാക്ടറി ഉണ്ടാക്കി. അയലോൺ ഇൻസ്റ്റിറ്റ്യൂട്ട് (Ayalon Institute) എന്നായിരുന്നു അതിന്റെ പേര്. അവർ റെഹോവോട്ട് എന്ന കുന്നിൻപ്രദേശത്ത് ഒരു Kibbutz സ്ഥാപിച്ചു. ആ ഫാക്ടറിക്ക് മുകളിൽ വലിയൊരു അലക്കുശാലയും (Laundry) ഒരു ബേക്കറിയും നിർമ്മിച്ചു. ഈ ബേക്കറിക്കും അലക്കുശാലയ്ക്കും 8 മീറ്റർ താഴെ ഒരു വലിയ കോൺക്രീറ്റ് ഹാൾ നിർമ്മിച്ചു. വെടിയുണ്ടകൾ നിർമ്മിക്കാനുള്ള യന്ത്രങ്ങൾ പോളണ്ടിൽ നിന്നും മറ്റും ആക്രി സാമഗ്രികൾ എന്ന വ്യാജേന അതീവ രഹസ്യമായാണ് കടത്തിക്കൊണ്ടുവന്നു.
മുകളിലെ അലക്കുശാലയും ബേക്കറിയും കേവലം വരുമാനത്തിന് വേണ്ടിയുള്ളതായിരുന്നില്ല, മറിച്ച് ഭൂഗർഭ ഫാക്ടറിയുടെ സുരക്ഷാ കവചങ്ങളായിരുന്നു . ഇതെല്ലാം കോർഡിനേറ്റ ചെയ്തിരുന്നത് റൂവൻ ഷിലോവാ ആയിരുന്നു. ഇന്ന് ഈ സ്ഥലം ഇസ്രായേലിലെ ഒരു പ്രധാന ദേശീയ ചരിത്ര സ്മാരകവും മ്യൂസിയവുമാണ്. അന്ന് ഉപയോഗിച്ചിരുന്ന ഭൂഗർഭ അറയും രഹസ്യ വാഷിംഗ് മെഷീൻ കവാടവുമൊക്കെ ഇന്നും സഞ്ചാരികൾക്കായി അവിടെ നിലനിർത്തിയിട്ടുണ്ട്. (ഇതേ മാതൃകയിലാണ് ബ്രെക്കിംങ് ബാഡ് എന്ന നെറ്റ്ഫ്ലിക്സ് സീരീസിലെ ലോൺഡ്രിക്കടിയിലെ മയക്കുമരുന്ന് നിമ്മാണ യൂണിറ്റ് വിഭാവനം ചെയ്തത് )
1930-കളിൽ തന്നെ അറബിക് ഭാഷ നന്നായി കൈകാര്യം ചെയ്തിരുന്ന ഇദ്ദേഹം ഇറാഖ്, കുർദിസ്ഥാൻ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ അതീവ രഹസ്യ ദൗത്യങ്ങൾ നടത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യവുമായി ചേർന്ന് നാസി അധിനിവേശ യൂറോപ്പിലേക്ക് ജൂത പാരച്യൂട്ടുകാരെ അയക്കുന്ന ദൗത്യങ്ങൾ ഏകോപിപ്പിച്ചതും ഇദ്ദേഹമാണ്. ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെൻ-ഗൂരിയന്റെ നിർദ്ദേശപ്രകാരം 1949 ഡിസംബറിൽ മൊസാദ് രൂപീകരിച്ചത് ഇദ്ദേഹമാണ്.
രണ്ടാമത്തെയാൾ മൊസാദിന്റെ രണ്ടാം തലവൻ ആയിരുന്ന ഇസ്സർ ഹാരെൽ (1952–1963): ബെലാറസിൽ നിന്ന് കുടിയേറിയ ഇദ്ദേഹം 'ഷായ്' (Shai) സംഘടനയുടെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗത്തിന്റെ തലവനായിരുന്നു. ഇസ്രായേൽ രൂപീകരണത്തിന് ശേഷം ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റ് (Shin Bet) രൂപീകരിച്ചതും അതിന്റെ ആദ്യ തലവനായതും ഇദ്ദേഹമാണ്. പിന്നീട് മൊസാദിന്റെയും ഷിൻ ബെറ്റിന്റെയും സംയുക്ത തലവനായി അദ്ദേഹം മാറി. മൊസാദിനെ ഇന്നത്തെ രീതിയിലുള്ള ഒരു ആഗോള ഏജൻസിയാക്കി മാറ്റിയത് ഹാരെൽ ആണ്. അർജന്റീനയിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാസി കുറ്റവാളി അഡോൾഫ് ഐക്മാനെ തട്ടിക്കൊണ്ടുപോന്ന വിഖ്യാത ഓപറേഷൻ നയിച്ചത് ഇദ്ദേഹമാണ്.
കൂടാതെ ചുറ്റുമുള്ള അറബ് രാജ്യങ്ങളുടെ ആഭ്യന്തരവും ഘടനാപരവുമായ ദൗർബല്യങ്ങൾ മൊസാദിന്റെ വിജയങ്ങൾക്ക് വഴിയൊരുക്കി എന്നത് സാഹചര്യത്തിന്റെ ആനുകൂല്യം മാത്രം.
മറ്റു ചില അനുകൂല ഘടകങ്ങൾ മൊത്തത്തിൽ ഇസ്രയേലിനും പ്രത്യേകാൽ മൊസാദിന്റെ വിജയങ്ങൾക്കും കാരണമായി. യൂറോപ്പിൽ നിന്നും റഷ്യയിൽ നിന്നും കുടിയേറിയ ലക്ഷക്കണക്കിന് ജൂതന്മാർ ഇസ്രായേലിൽ ഉണ്ടായിരുന്നു. ഇവർക്ക് അവിടുത്തെ ഭാഷകളും (ജർമ്മൻ, ഫ്രഞ്ച്, റഷ്യൻ) സംസ്കാരവും കൃത്യമായി അറിയാമായിരുന്നു. ഈ 'യൂറോപ്യൻ മുഖം' പാശ്ചാത്യ രാജ്യങ്ങളിൽ ചാരപ്രവർത്തനം നടത്താനും ഏജന്റുമാരെ നിയമിക്കാനും മൊസാദിന് വലിയ സഹായമായി.
മറ്റൊന്ന് 1952-ൽ പശ്ചിമ ജർമ്മനിയുമായി ഒപ്പുവെച്ച കരാർ പ്രകാരം വലിയൊരു തുക ഇസ്രായേലിന് നഷ്ടപരിഹാരമായി ലഭിച്ചു. ഈ പണം തകർന്നടിഞ്ഞ ഇസ്രായേൽ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സൈന്യത്തെയും രഹസ്യാന്വേഷണ സംവിധാനങ്ങളെയും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കാനും സഹായിച്ചു.
1950-കളിലും 60-കളിലും സിറിയ, ഈജിപ്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിരന്തരമായി സൈനിക അട്ടിമറികളും രാഷ്ട്രീയ അസ്ഥിരതയും നടന്നിരുന്നു. ഭരണാധികാരികൾക്ക് രാജ്യസുരക്ഷയേക്കാൾ സ്വന്തം കസേര നിലനിർത്താനായിരുന്നു ശ്രദ്ധ. ഈ രാഷ്ട്രീയ അസ്ഥിരത മൊസാദിന് ആ രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ നുഴഞ്ഞുകയറാൻ അവസരമൊരുക്കി.
അക്കാലത്ത് അറബ് രാജ്യങ്ങളിലെ ഇന്റലിജൻസ് ഏജൻസികൾക്ക് കൃത്യമായ ഏകോപനമോ ആധുനിക പരിശീലനമോ ഉണ്ടായിരുന്നില്ല, അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. എന്നാൽ മൊസാദ് തുടക്കം മുതൽ തന്നെ കടുത്ത പാശ്ചാത്യ ശൈലിയിലുള്ള പ്രഫഷണലിസം പിന്തുടർന്നു. കുടിയേറ്റക്കാരായ അവർക്ക് തദ്ദേശവാസികൾ തുരത്തേണ്ടതും ചുറ്റുമുള്ള രാജ്യങ്ങളെ എതിർക്കേണ്ടതും നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു.
ചുരുക്കത്തിൽ മൊസാദിന്റെ ആദ്യകാല വിജയങ്ങൾ കേവലം അവരുടെ മാത്രം അതിമാനുഷിക ശേഷി കൊണ്ട് ഉണ്ടായതല്ല. രണ്ടാം ലോകമഹായുദ്ധ കാലത്തെ ചാരപ്രവർത്തന പരിചയം, യൂറോപ്യൻ കുടിയേറ്റക്കാരുടെ ഭാഷാപരമായ കഴിവ്, ജർമ്മനിയിൽ നിന്ന് ലഭിച്ച സാമ്പത്തിക പിന്തുണ എന്നിവ ഒരു വശത്തും; ചുറ്റുമുള്ള ശത്രുരാജ്യങ്ങളിലെ കടുത്ത രാഷ്ട്രീയ അസ്ഥിരതയും അഴിമതിയും മറുവശത്തും ഉണ്ടായിരുന്നു. ഈ രണ്ട് ഘടകങ്ങളും ഒത്തുചേർന്നതാണ് മൊസാദിന്റെ ആദ്യകാല വിജയങ്ങളുടെ യഥാർത്ഥ രഹസ്യം.
അല്ലാതെ അതിബുദ്ധിമാന്മാരായ ഒരു കൂട്ടം ഉദ്യോഗസ്ഥരായിരുന്നില്ല മൊസാദിന്റെ വിജയത്തിന് പിന്നിൽ. പക്ഷെ, വിജയങ്ങളെ പൊലിപ്പിച്ചും പരാജയങ്ങളെ മൂടിവച്ചും പ്രൊപ്പഗണ്ടകളിറക്കാൻ അവർക്ക് കഴിഞ്ഞു. ആദ്യകാല വിജയങ്ങളെ വീര കഥകളായും സിനിമകളായും ലോകമെങ്ങും പ്രചരിപ്പി ച്ചു.
ചുരുക്കത്തിൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനോ ഏജൻസിക്കോ മറ്റുള്ളവരേക്കാൾ ഉയർന്ന ജന്മസിദ്ധമായ ബുദ്ധിശക്തിയുണ്ടെന്ന് തെളിയിക്കുന്ന ശാസ്ത്രീയമായ പഠനങ്ങളോ തെളിവുകളോ നിലവിലില്ല. ഒരു ഏജൻസിയുടെ പ്രവർത്തനക്ഷമത എന്നത് അവർക്ക് ലഭിക്കുന്ന ഫണ്ടിംഗ്, സാങ്കേതികവിദ്യ, അവർക്കുള്ള നിയമപരമായ അധികാരം, ജിയോപോളിറ്റിക്കൽ സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. തങ്ങളുടെ ശത്രുക്കളെ ഭയപ്പെടുത്താനും പ്രതിരോധം തീർക്കാനുമുള്ള ഒരു ആയുധമായി മൊസാദ് സ്വന്തം പ്രതിച്ഛായയെ ബോധപൂർവ്വം ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ പൊതുവായ യോജിപ്പുണ്ട്.
കേരളത്തിലെ കൊച്ചുകുട്ടികൾപോലും മൊസാദിന്റെ പേരിലുള്ള വീരാരാധന കൊണ്ട് നടക്കുന്നതിന്റെ പിന്നിലെ കാരണങ്ങളിതൊക്കെയാണ്.
ഈ ഊതിവീർപ്പിച്ചുണ്ടാക്കിയ നമ്പർ വൺ എന്ന സൽപ്പേരുകൊണ്ട് "ശേഖരൻകുട്ടിയ്ക്ക്" എന്തെങ്കിലും പ്രയോജനമുണ്ടോ? ഉണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെ ഇന്റലിജൻസ് ഏജൻസികളും പരസ്പരം വിവരങ്ങൾ കൈമാറാറുണ്ട്. സൗഹൃദ രാജ്യങ്ങൾ പ്രത്യേകിച്ചും. അത്തരം വിവരങ്ങൾ ആദ്യം ലഭിക്കുന്നതും, കൂടുതൽ ലഭിക്കുന്നതും, "സൽപ്പേരുള്ള"വർക്ക് ആണ്. ഒരിക്കൽ ഇത്തരം നമ്പർ വൺ എന്നൊരു പേരുണ്ടാക്കിയാൽ മതി. പിന്നെ ഒരു സാധാരണ പ്രോജക്ട് മാനേജർ മാത്രമായ ‘മെട്രോമാൻ’ സൂപ്പർമാൻ ആയി ചിത്രീകരിക്കപ്പെട്ടതുപോലെ ബാക്കി കാര്യങ്ങൾ നടന്നു കൊള്ളും- വിഡ്ഢിത്തങ്ങളും സാമർഥ്യക്കുറവും പിന്നെ ആരും പരിഗണിക്കില്ല.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇന്റലിജൻസ് രണ്ട് പിഴവുകളായിരുന്നു, 2023 ഓക്ടോബർ 7 സംഭവവും, 9/11 സംഭവവും. രണ്ടും മൂക്കിന് താഴെ നടന്നിട്ടും സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ ഒരു സൂചന പോലും നൽകാൻ കഴിയാതിരുന്നവർ ആണ് ഇന്നും പട്ടികയിൽ ഒന്നാം സ്ഥാനത്ത് എന്നതും കൗതുകകരമാണ്.
((ഈ ഐഡി തുടങ്ങിയ കാലത്ത് ഷിൻ -ബെത്തിന്റെയും മൊസ്സാദിന്റെയും ഡിക്ളാസിഫൈഡ് ഡോക്കിയുമെന്റ്സും ഡോക്കുമെന്ററികളും കണ്ടും വായിച്ചും കുറെ വീര സാഹസിക കഥകളെഴുതിയിട്ടുണ്ട്. അവരുടെ തള്ളിന്റെ ഭാഗമായി അറിയാതെ മാറിയതായിരുന്നു എന്ന് തിരിച്ചറിഞ്ഞത് കാലങ്ങൾക്ക് ശേഷമാണ് )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.