ഇന്ത്യ-യു.എസ് വ്യാപാര കരാർ: മത്സരക്ഷമതയെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നുവെന്ന് കേന്ദ്ര സർക്കാർ

ഡെൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഒപ്പിടാൻ സജ്ജമാണെങ്കിലും, മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് ലഭിക്കേണ്ട മത്സരക്ഷമതയെയും മുൻഗണനയെയും കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ വ്യക്തമാക്കി. കരാറിന്റെ അടിസ്ഥാന ഘടന തയ്യാറാണെന്നും, അനുയോജ്യമായ സമയത്ത് അത് ഒപ്പിടുമെന്നും അദ്ദേഹം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിലൂടെ പരസ്പര വിപണി പ്രവേശനം എളുപ്പമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ചൈന, വിയറ്റ്‌നാം, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ ലഭിക്കേണ്ട മുൻഗണനയും മത്സരക്ഷമതയും ഉറപ്പാക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ‍്യമങ്ങൾ പുറത്തുവിട്ട വാർത്ത പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ തള്ളിക്കളഞ്ഞു. ഇന്ത്യ കരാറിൽ നിന്ന് പിന്മാറിയെന്നോ അന്തിമതീരുമാനത്തിനായി കാത്തിരിക്കുകയാണെന്നോ ഉള്ള വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ക്രിയാത്മകമായി മുന്നോട്ട് പോകുന്നുണ്ടെന്നും, കർഷകർക്കും തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ഗുണകരമാകുന്ന ഒരു സന്തുലിത കരാറിലേക്കാണ് എത്തിച്ചേരാൻ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി രണ്ടിന് ഇരുരാജ്യങ്ങളും പ്രാഥമിക വ്യാപാര കരാറിൽ ധാരണയിലെത്തിയിരുന്നു. ഇതിലൂടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി നിരക്കുകൾ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ആഗോള നികുതികളുമായി ബന്ധപ്പെട്ട് യു.എസ് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയും തുടർന്നുണ്ടായ സാമ്പത്തിക നയമാറ്റങ്ങളും കരാറിന്റെ അന്തിമരൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളിലാണ് വാണിജ്യ മന്ത്രാലയം.

Tags:    
News Summary - India-US trade agreement: Central government says discussions on competitiveness are ongoing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.