ബ്രസീലിയ: ബ്രസീൽ പ്രസിഡന്‍റ്ഷ‍്യൽ സ്ഥാനാർഥി ഫ്ലാവിയോ ബോൾസൊനാരോക്ക് പിതാവും മുന്‍ പ്രസിഡന്‍റുമായ ജെയർ ബോൾസൊനാരോയെ സന്ദർശിക്കുന്നതിൽ വിലക്കേർപ്പെടുത്തി സുപ്രീം കോടതി. 90 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ജെയറിന്‍റെ വീട്ടുതടങ്കൽ വ്യവസ്ഥകൾ ഇരുവരും ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് അലക്സാണ്ട്രെ ഡി മൊറയിസ് തിങ്കളാഴ്ച ഉത്തരവിറക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ തത്സമയ സംപ്രേഷണത്തിനിടെ പിതാവിന്‍റെ കൈയെഴുത്തിലുള്ള കത്ത് ഫ്ലാവിയോ വായിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി.
2022ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ജെയർ ബോൾസൊനാരോ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വീട്ടുതടങ്കലിൽ കഴിയുന്ന അദ്ദേഹത്തിന് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും മൂന്നാമതൊരാളിലൂടെ സന്ദേശങ്ങൾ കൈമാറുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ നാലിന് നടക്കാനിരിക്കുന്ന ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ശേഷമേ വിലക്ക് അവസാനിക്കൂ. അതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണസമയങ്ങളിൽ അദ്ദേഹത്തിന് പിതാവിനെ നേരിൽ കാണാനാവില്ല.
കത്ത് സാമൂഹിക മാധ്യമങ്ങളിൽ 48 മണിക്കൂറിനകം പ്രസിദ്ധീകരിക്കുമെന്ന് ജെയർ ബോൾസൊനാരോക്ക് അറിയാമായിരുന്നോ എന്ന് വിശദീകരണം നൽകാനും സുപ്രീം കോടതി അദ്ദേഹത്തിന്റെ അഭിഭാഷകരോട് ആവശ്യപ്പെട്ടു.
രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് മകൻ ഫ്ലാവിയോയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കണമെന്ന് കത്തിലൂടെ ജെയർ ബോൾസൊനാരോ തന്റെ അനുയായികളോട് അഭ്യർഥിച്ചിരുന്നു.
സെനറ്ററും കൂടിയായ ഫ്ലാവിയോ ബോൾസൊനാരോ നിലവിലെ പ്രസിഡന്റ് ലുലാ ദ സിൽവക്കെതിരെയാണ് മത്സരിക്കുന്നത്. അതേ സമയം കോടതി ഉത്തരവ് അനുപാതരഹിതമാണെന്ന് ഫ്ലാവിയ പ്രതികരിച്ചു. സുപ്രീം ഫെഡറൽ കോടതിയുടെ വൈസ് പ്രസിഡന്റുകൂടിയായ ജസ്റ്റിസ് അലക്സാണ്ട്രെ ഡി മൊറയിസ് തെരഞ്ഞെടുപ്പിൽ അനാവശ‍്യമായി ഇടപെടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഫ്ലാവിയോയുടെ പ്രചാരണ സംഘത്തിലെ അഭിഭാഷകൻ വിധി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് വിമർശിച്ചു. കുടുംബാംഗമെന്ന നിലയിലും പിതാവിന്റെ അഭിഭാഷകരിൽ ഒരാളെന്ന നിലയിലും ഫ്ലാവിയോയ്ക്കുള്ള അവകാശങ്ങൾ ഈ ഉത്തരവ് ലംഘിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.