ആനയുടെ ആക്രമണത്തിൽ തകർന്ന ഷാനിചാര ബോട്ടെയുടെ വീട് (ചിത്രം: കാഠ്മണ്ഡു പോസ്റ്റ്/ഏഷ്യ ന്യൂസ് നെറ്റ്‌വർക്ക്)
കാഠ്മണ്ഡു: നേപ്പാളിൽ 14 വർഷത്തിനിടെ ഒരേ കുടുംബത്തിലെ നാലുപേരെ കൊന്ന് കാട്ടാന. ‘ധുർബെ’ എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാനയാണ് ചിത്‌വാൻ ദേശീയോദ്യാനത്തിന് സമീപം താമസിച്ചിരുന്ന ഒരു കുടുംബത്തെ പിന്തുടർന്ന് ആക്രമിച്ച് നാല് ജീവനുകൾ കവർന്നത്. ജീവൻ രക്ഷിക്കാനായി പ്രദേശത്തുനിന്ന് താമസം മാറ്റിയിട്ടും ആന വീണ്ടും ആക്രമണം നടത്തിയാണ് രണ്ടുപേരെ കൊലപ്പെടുത്തിയതെന്ന് കുടുംബം പറയുന്നു.
2012ലാണ് ദുരന്ത പരമ്പരയുടെ തുടക്കം. ചിത്‌വാൻ ജില്ലയിലെ മാഡി പ്രദേശത്ത് താമസിച്ചിരുന്ന ഷാനിചാര ബോട്ടെയുടെ മാതാപിതാക്കളെ ധുർബെ കൊലപ്പെടുത്തി. ഇതോടെ വന്യമൃഗങ്ങൾ ഷാനിചാരക്ക് പേടിസ്വപ്നമായി മാറിയിരുന്നു. തുടർന്ന് കുടുംബം സുരക്ഷിത ജീവിതം തേടി റാപ്തി നദി കടന്ന് ജഗത്‌പുർ മേഖലയിലേക്ക് താമസം മാറ്റി. ഇനി ആനയുടെ ഭീഷണിയുണ്ടാകില്ലെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ 14 വർഷങ്ങൾക്ക് ശേഷം അതേ കാട്ടാന പുതിയ വീട്ടിലെത്തി ഷാനിചാരയുടെ മരുമകൾ 25കാരി ആഷിക ബോട്ടെയെയും നാലുവയസ്സുകാരനായ കൊച്ചുമകൻ ഭാരതിനെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണ സമയത്ത് കാട്ടാന വീടിന്റെ ചുവരുകൾ തകർത്ത് അകത്ത് കയറിയെന്നാണ് റിപ്പോർട്ടുകൾ. കുടുംബാംഗങ്ങളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും രണ്ട് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. ‘പ്രധാന നദികൾ മുറിച്ചുകടന്ന് മറ്റൊരിടത്തേക്ക് താമസം മാറിയതോടെ ഞങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് വിചാരിച്ചു. എന്നാൽ, ഇത്രയും വർഷങ്ങൾക്ക് ശേഷം അതേ ആന വീണ്ടും ഞങ്ങളെ കണ്ടെത്തി, വീട് ആക്രമിച്ചു. എന്റെ മരുമകളെയും കൊച്ചുമകനെയും കൊലപ്പെടുത്തി. ഞങ്ങൾക്ക് പോകാൻ ഇനി മറ്റൊരിടവുമില്ല’ -ഷാനിചാര ബോട്ടെ കാഠ്മണ്ഡു പോസ്റ്റിനോട് പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധമുയർന്നു. അധികൃതരുടെ അനാസ്ഥയാണ് വന്യജീവി ആക്രമണത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. 2010 മുതൽ ഇതുവരെ ധുർബെ 25 പേരുടെ ജീവനെടുത്തിട്ടുണ്ടെന്നാണ് നേപ്പാൾ വന്യജീവി അധികൃതരുടെ കണക്ക്. ആനയുടെ സഞ്ചാരപാത നിരീക്ഷിക്കാൻ ജി.പി.എസ് സാറ്റലൈറ്റ് കോളർ ഘടിപ്പിക്കുകയും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും ആക്രമണങ്ങൾ തടയാൻ കഴിഞ്ഞില്ല. 2016ൽ ആനയെ കണ്ടെത്തി ഒരു ട്രാക്കിങ് കോളർ ഘടിപ്പിച്ചു. അത് പ്രവർത്തനം നിർത്തിയതോടെ 2020 പുതിയ കോളറും പിടിപ്പിച്ചു. 2023ൽ വീണ്ടും ഒരെണ്ണം സ്ഥാപിച്ചതായും അധികൃതർ പറയുന്നു.
2012 ഡിസംബറിൽ വന്യജീവി അധികൃതരും സൈനികരും രണ്ട് തവണ ആനയെ വെടിവച്ചിരുന്നു. തുടർന്ന് ആനക്ക് ഗുരുതരമായി പരിക്കേറ്റു. ഇതോടെ ഉൾക്കാട്ടിലേക്ക് പോയിരുന്നു. എന്നാൽ 2019ഓടെ ആന വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തുകയായിരുന്നു. വിളവെടുപ്പ് കാലങ്ങളിലാണ് ധുർബെ കാടിറങ്ങുന്നതെന്നും നെല്ലും ചോളവും വിളയുമ്പോൾ ധുർബെ കൃത്യസമയത്ത് എത്തുമെന്നും പ്രദേശത്തെ കർഷകർ പറയുന്നു. ഏറ്റവും പുതിയ കാട്ടാന ആക്രമണത്തിന് പിന്നാലെ ധുർബെയെ സ്ഥിരമായി എവിടെയെങ്കിലും പാർപ്പിക്കുകയോ സുരക്ഷിതമായ വനമേഖലയിലേക്ക് മാറ്റുകയോ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നേപ്പാൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.