അഹ്മദി നെജാദ്

അഹ്മദി നെജാദ് മൊസാദുമായി രഹസ്യബന്ധം പുലർത്തി, ഇസ്രായേൽ ഇറാന്റെ ഭരണാധികാരിയാക്കാൻ പദ്ധതിയിട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ‘ന്യൂയോർക് ടൈംസ്’

വാഷിങ്ടൺ: ഇറാൻ മുൻ പ്രസിഡന്റ് മഹ്‌മൂദ് അഹ്മദി നെജാദിനെ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് തങ്ങളുടെ ചാരനായി റിക്രൂട്ട് ചെയ്യാൻ വർഷങ്ങളോളം നീണ്ട അതീവ രഹസ്യ ദൗത്യം നടത്തിയതായി റിപ്പോർട്ട്. ഇദ്ദേഹത്തെ ഉപയോഗിച്ച് ഇറാനിൽ ഭരണം അട്ടിമറിച്ച് പുതിയ ഭരണാധികാരിയായി നിയമിക്കാനായിരുന്നു ഇസ്രായേലിന്റെ പദ്ധതി. മുൻ യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് 'ന്യൂയോർക്ക് ടൈംസ്' ആണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ, ഈ ദൗത്യം പൂർണമായും പരാജയപ്പെടുകയായിരുന്നു.

നിരവധി വർഷങ്ങളോളം അഹ്മദി നെജാദുമായി മൊസാദ് രഹസ്യബന്ധം പുലർത്തിയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിദേശയാത്രകൾക്കും താമസത്തിനുമുള്ള സാമ്പത്തിക സഹായങ്ങൾ ഇസ്രായേൽ നൽകിയിരുന്നതായും, ബുഡാപെസ്റ്റ് കേന്ദ്രീകരിച്ച് നിരവധി രഹസ്യ കൂടിക്കാഴ്ചകൾ നടന്നതായും പറയപ്പെടുന്നു.

2024 ന്റെ തുടക്കത്തിൽ ബുഡാപെസ്റ്റിലെ ലുഡോവിക യൂനിവേഴ്‌സിറ്റി ഓഫ് പബ്ലിക് സർവീസിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഒരു സമ്മേളനം നടത്താനും അതിലേക്ക് അഹ്മദിനെജാദിനെ ക്ഷണിക്കാനും ഹംഗേറിയൻ സർക്കാർ ഉദ്യോഗസ്ഥൻ സർവകലാശാലാ റെക്ടർ പ്രൊഫസർ ഗെർഗലി ഡെലിയോട് ആവശ്യപ്പെട്ടിരുന്നു. അഹ്മദി നെജാദും ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളും തമ്മിൽ രഹസ്യ ചർച്ച നടത്താനുള്ള ഒരു മറ മാത്രമായിരുന്നു ഈ സമ്മേളനമെന്നും അന്ന് മൊസാദ് മേധാവിയായിരുന്ന ഡേവിഡ് ബാർണിയ ബുഡാപെസ്റ്റിലെത്തി അഹ്മദി നെജാദിനെ നേരിട്ട് കണ്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടിക്കാഴ്ചക്ക് ശേഷം, മുൻ ഇറാൻ പ്രസിഡന്റുമായി വിജയകരമായി ആശയവിനിമയ ചാനൽ സ്ഥാപിച്ച വിവരം മൊസാദ് സി.ഐ.എയെ അറിയിച്ചിരുന്നു.

ഇസ്രായേലിനോട് കടുത്ത ശത്രുത പുലർത്തിയിരുന്ന അഹ്മദി നെജാദിനെ തന്നെ ഇസ്രായേൽ ഭരണകൂടം തങ്ങളുടെ പദ്ധതിക്കായി തിരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. പ്രസിഡന്റായിരുന്ന കാലയളവിൽ ഇറാനിലെ ആണവ പദ്ധതികൾക്ക് വേഗത നൽകുകയും ഇസ്രായേലിന്റെ നാശത്തിനായി നിരന്തരം ആഹ്വാനം ചെയ്യുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

2026 ഫെബ്രുവരി അവസാനത്തോടെ, അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഈ പദ്ധതി നിർണായക ഘട്ടത്തിലേക്ക് കടക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിന്റെ ഭാഗമായി തെഹ്‌റാനിലെ അഹ്മദി നെജാദിന്റെ വസതിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. അഹ്മദി നെജാദിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ താമസിച്ചിരുന്ന കെട്ടിടവും അദ്ദേഹത്തിന്റെ കവചിത വാഹനവും ഈ ആക്രമണത്തിൽ തകർന്നിരുന്നു.

എന്നാൽ ആക്രമണത്തിന് പിന്നാലെ മൊസാദ് സംഘം അദ്ദേഹത്തെ ഒരു കറുത്ത കാറിൽ സുരക്ഷിത താവളത്തിലേക്ക് മാറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പക്ഷേ, ഈ രക്ഷപ്പെടുത്തൽ നടപടിയിൽ അഹ്മദിനെജാദ് അതൃപ്തനായിരുന്നു. പിന്നീട് പദ്ധതിയിൽ മനംമടുത്ത് അദ്ദേഹം ഇസ്രായേലിന്റെ താവളത്തിൽ നിന്ന് മാറി. തുടർന്ന് ഫെബ്രുവരി അവസാനത്തോടെ അപ്രത്യക്ഷനായ അദ്ദേഹം, കഴിഞ്ഞയാഴ്ച ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാരച്ചടങ്ങിലാണ് പിന്നീട് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലവിലെ അവസ്ഥ വ്യക്തമല്ലെങ്കിലും, ഇസ്രായേലുമായുള്ള ബന്ധം പുറത്തറിഞ്ഞതിനെത്തുടർന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ തടവിലാണെന്നും വീട്ടുതടങ്കലിലാണെന്നുമാണ് ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇറാഖിലെ കുർദിഷ് വിമതരെ ഉപയോഗിച്ച് അട്ടിമറി നടത്താനുള്ള ഇസ്രായേലിന്റെ മറ്റൊരു പദ്ധതിയും പരാജയപ്പെട്ടിരുന്നു.

അതേസമയം, 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ടിൽ വൻ പിഴവുകളുണ്ടെന്ന് വാദിക്കുന്ന വിദഗ്ധരും നിരവധിയാണ്. തെൽ അവീവ് സർവകലാശാലയിലെ ഇറാൻ വിദഗ്ധൻ ബെനി സാബ്തിയെപ്പോലുള്ളവർ ഇതിനെ സംശയത്തോടെയാണ് കാണുന്നത്. യഹൂദവിരുദ്ധത മുഖമുദ്രയാക്കിയ അഹ്മദി നെജാദിനെ പിന്തുണക്കാൻ ഇസ്രായേൽ തയാറാകില്ലെന്നും, ഇത് ഇസ്രായേലിന്റെ മുഖം രക്ഷിക്കാൻ നടത്തുന്ന വ്യാജപ്രചാരണമോ തെറ്റിദ്ധാരണയോ ആകാനാണ് സാധ്യതയെന്നും ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു

Tags:    
News Summary - Mossad secretly tried to recruit Iran's former President Ahmadinejad in failed regime change plot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.