മോസ്കോ: യുക്രെയ്നിൽ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് താൽകാലിക വെടിനിർത്തിൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യൻ സമയം ഉച്ചക്ക് 12.30ന് വെടിനിർത്തൽ നിലവിൽ വരും. റഷ്യൻ വാർത്ത ഏജൻസിയായ സ്പുട്നിക് ന്യൂസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
മരിയുപോൾ, വൊൾനോവാഹ എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനത്തിനായാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മറ്റ് മേഖലകളിൽ വെടിനിർത്തൽ ഉണ്ടാവുമോയെന്നതിൽ വ്യക്തതയില്ല. വെടിനിർത്തലിന്‍റെ സമയപരിധിയെ സംബന്ധിച്ച് റഷ്യൻ അധികൃതർ പ്രതികരിച്ചിട്ടില്ല.
എന്നാൽ, ആറ് മണിക്കൂർ സമയത്തേക്ക് വെടിനിർത്തൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരിയുപോൾ, വൊൾനോവാഹ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ മനുഷത്വ ഇടനാഴികൾ ഒരുക്കുമെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. യുക്രെയ്ൻ ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
അതേസമയം, വെടിനിർത്തൽ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിന് സഹായകമാവുമോയെന്നത് സംബന്ധിച്ച കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. യുക്രെയ്നിലെ സുമി, ഖാർക്കീവ് നഗരങ്ങളിലാണ് ഇന്ത്യക്കാർ കൂടുതലായി കുടുങ്ങിക്കിടക്കുന്നത്. നേരത്തെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് റഷ്യയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.