വാഷിങ്ടൺ: ഗോൾഡ് കാർഡ് വിസാ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ച് യു.എസ്. അമേരിക്കൻ യൂനിവേഴ്സിറ്റികളിലെ വിദേശ ബിരുദ ധാരികളെ തെരഞ്ഞെടുക്കാൻ കമ്പനികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് വിസാ പദ്ധതി നടപ്പാക്കിയത്. വൈറ്റ് ഹൗസിൽ ടെക്നോളജി എക്സിക്യുട്ടീവുകളുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. വൈദഗ്ദ്യമുള്ള വിദേശ വിദ്യാർഥികളെ രാജ്യത്ത് നില നിർത്തുന്നതിലെ പരിമിതികളെക്കുറിച്ച് വ്യാവസായിക നേതാക്കൾ കൂടിക്കാഴ്ചയിൽ ആശങ്ക ഉന്നയിച്ചുവെന്ന് ട്രംപ് പറഞ്ഞു.
ഗോൾഡ് കാർഡ് വിസയിൽ നിന്ന് ലഭിക്കുന്ന ഫീസ് സർക്കാറിന് വലിയൊരു മുതൽക്കൂട്ടാകുമെന്ന് ട്രംപ് പറഞ്ഞു. കർക്കശമാക്കിയ കുടിയേറ്റ നയങ്ങൾ ആഭ്യന്തര വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കിയ സമയത്താണ് സെപ്തംബറിൽ ട്രംപ് ഭരണകൂടം മില്യൻ ഡോളർ വിസാ പദ്ധതി മുന്നോട്ടുവെച്ചത്. നിശ്ചിത ഫീസോടെ യു.എസ് റെസിഡൻസി നൽകി സമ്പന്നരെ ആകർഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു മില്യൻ ഡോളർ ഫീസ് അടക്കുന്ന വ്യക്തികൾക്കും 2 മില്യൻ ഡോളർ അടക്കുന്ന വ്യവസായികൾക്കും ഗോൾഡൻ വിസാ കാർഡ് ലഭിക്കും. പ്രൊസസിങ് ഫീസായി 15,000 ഡോളറും നൽകണം. 5 മില്യൻ ഡോളറിന്‍റെ പ്ലാറ്റിനം വിസാ കാർഡും ഉണ്ട്. ഇത് ഉള്ളവർക്ക് 270 ദിവസം നികുതി നൽകാതെ യു.എസിൽ താമസിക്കാനുള്ള അനുമതി ലഭിക്കും.
ഗ്രീൻ കാർഡിനെക്കാൾ ശക്തമാണ് ഗോൾഡൻ കാർഡെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ഗോൾഡൻ വിസാ അപേക്ഷകർക്ക് ഇബി-1 അല്ലെങ്കിൽ ഇബി2 വിസാ കാറ്റഗറി പ്രകാരമുള്ള നിയമപരമായ പദവിയാണ് ലഭിക്കുക. പണം വിസാ മാനദണ്ഡമാക്കുന്ന ട്രംപ് ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ ഡെമോക്രാറ്റുകൾക്കിടയിൽ അതൃപ്തി നിലനിൽക്കുന്നുണ്ട്. യു.എസ് പ്രസിഡന്‍റിന് യാത്രാവിലക്കേർപ്പെടുത്തിയ 19 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരുടെ ഗോൾഡൻ കാർഡ് അപേക്ഷകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.