ഗസ്സയിൽ കനത്തമഴ, ടെന്റുകളിൽ വെള്ളംകയറി; അതിശൈത്യത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഗസ്സ: ഗസ്സയിൽ കനത്തമഴയിൽ നൂറുകണക്കിന് ടെന്റുകളിൽ വെള്ളംകയറി. മഴക്കൊപ്പം തുടരുന്ന ശൈത്യം ഗസ്സ നിവാസികൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ ദിവസം അതിശൈത്യത്തെ തുടർന്ന് ഖാൻ യൂനിസിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു.

റഹാഫ് അബു ജാസർ എന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഖാൻ യൂനിസിലെ ടെന്റിലേക്ക് വെള്ളം കയറുകയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞിന്റെ ദേഹത്ത് മുഴുവൻ വെള്ളംമായിരുന്നുവെന്നും കുട്ടിയെ എടുത്ത് നോക്കിയപ്പോൾ തണുത്ത് മരവിപ്പിച്ച് നിലയിലായിരുന്നുവെന്ന് രക്ഷിതാക്കൾ നിറകണ്ണുകളോടെ പറഞ്ഞു.

ഖാൻ യൂനസിലെ താമസക്കാരിൽ ചിലർ ലഭ്യമായ സൗകര്യങ്ങളുപയോഗിച്ച് വെള്ളപ്പൊക്കം തടയാൻ ശ്രമിക്കുന്നുണ്ട്. മണൽച്ചാക്കുകൾ ഉൾപ്പടെ വെച്ച് ടെന്റുകളിലേക്ക് വെള്ളം കയറുന്നത് തടയാനാണ് ഇവരുടെ ശ്രമം. എന്നാൽ, ഇത് ഫലപ്രദമാവുന്നില്ലെന്നാണ് ഖാൻ യൂനിസിൽ നിന്നുള്ള ദൃശ്യങ്ങൾ തെളിയിക്കുന്നത്. അതേസമയം, ഇസ്രായേൽ അധിനിവേശത്തെ തുടർന്നുള്ള ഇന്ധനക്ഷാമവും ഉപകരണങ്ങൾ കേടുവന്നതും മൂലം വെള്ളപ്പൊക്കവും ശൈത്യവും ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്നില്ലെന്ന് പ്രാദദേശിക ഭരണകൂടം വ്യക്തമാക്കി.

ഗസ്സയിൽനിന്ന് ഇസ്രായേൽ വിരുദ്ധ ആക്രമണങ്ങൾ ഇല്ലാതാക്കുമെന്ന് ഹമാസ് നേതാവ്

ദോഹ: ഗസ്സയിൽനിന്ന് ഇസ്രായേലിന് നേരെയുണ്ടാകാനിടയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കാൻ നടപടിയുണ്ടാകുമെന്ന് ഗസ്സക്ക് പുറത്തുള്ള ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവ് ഖാലിദ് മിശ്അൽ.

ആയുധം താഴെ വെക്കുന്നത് തങ്ങളുടെ ആത്മാവ് റദ്ദുചെയ്യുന്നതിന് തുല്യമാകമെന്നും അദ്ദേഹം ‘അൽ ജസീറ’യുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. ഇസ്രായേൽ തുടർച്ചയായി വെടിനിർത്തൽ ലംഘിച്ചാൽ ഇപ്പോഴുള്ള സ്ഥിതി തുടരാനാകില്ലെന്ന് ഹമാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒക്ടോബർ പത്തിന് വെടിനിർത്തൽ പ്രഖ്യാപനമുണ്ടായ ശേഷം ഇസ്രായേൽ 738 തവണ ലംഘനം നടത്തിയെന്നും അവർ പറയുകയുണ്ടായി.

ഗസ്സയിൽ ഫലസ്തീൻ ഇതര ഭരണസംവിധാനമെന്നത് ഹമാസ് അംഗീകരിക്കില്ലെന്ന് മിശ്അൽ വ്യക്തമാക്കി. ഇതാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിഭാവനം ചെയ്യുന്നത്. സമാധാന സമിതി എന്ന് പേരിടുന്ന സംവിധാനത്തിന് യു.കെ മുൻ പ്രധാനമന്ത്രി ടോണി ബ്ലയർ ആയിരിക്കും നേതൃത്വം നൽകുക എന്ന് പ്രചാരണമുണ്ടായിരുന്നു.

എന്നാൽ പല അറബ് രാജ്യങ്ങളും എതിർത്തതോടെ ബ്ലയർ ആയിരിക്കില്ല അമരത്തെന്ന് കഴിഞ്ഞ ദിവസം ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.രണ്ടാം ഘട്ട സമാധാന ചർച്ച പുരോഗമിക്കാൻ ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങൾ എത്തുന്നുവെന്ന് ഉറപ്പിക്കേണ്ടതുണ്ടെന്ന് മിശ്അൽ തുടർന്നു. ഇസ്രായേൽ സേനയുടെ പൂർണ പിൻമാറ്റം വേണം.

ഇപ്പോഴും ഗസ്സയുടെ പകുതിയിലധികവും നിയന്ത്രണം അവർക്കാണ്. യുദ്ധദുരന്തത്തിൽനിന്ന് കരകയറാൻ ഗസ്സക്ക് സഹായം വേണം. ഇക്കാര്യം മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. -അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - torrential rain flooded Gaza tents and a baby died of exposure, medics say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.