ഡോണൾഡ് ട്രംപ്
ന്യൂയോർക്: യോഗ്യതയും പണവുമുള്ളവർക്ക് യു.എസ് പൗരത്വം നൽകുന്ന ‘ഗോൾഡ് കാർഡ്’ പദ്ധതിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കക്ക് ഗുണകരമാകും എന്ന് തോന്നുന്നവർക്കാണ് പ്രാഥമികമായി ഈ രീതിയിൽ പൗരത്വം നൽകുക.
ഗോൾഡ് കാർഡ് സ്വന്തമാക്കാൻ വ്യക്തിക്ക് ഒരു ദശലക്ഷം ഡോളറും (ഏകദേശം ഒമ്പതുകോടി രൂപ) കമ്പനികൾക്ക് ഒരാളെ ഈ കാർഡ് വഴി അമേരിക്കയിലെത്തിക്കാൻ രണ്ടു ദശലക്ഷം ഡോളറും ചെലവാകുമെന്ന് വാണിജ്യകാര്യ സെക്രട്ടറി ഹൊവാഡ് ലുട്നിക് പറഞ്ഞു. ഇത് അഞ്ചുവർഷത്തിനുശേഷം പൗരത്വം ലഭിക്കാനുള്ള പാതയാണ്.
കോർപറേഷനുകൾക്ക് അഞ്ചുവർഷത്തിനുശേഷം മറ്റൊരാളെ കാർഡിലേക്ക് ചേർക്കാം. ‘അമേരിക്കക്കും ഇത് നല്ല കാര്യമാണ്. ശരിക്കും ആവശ്യമുള്ളവർ മാത്രമാണ് അമേരിക്കയിലെത്തുന്നത് എന്ന് ഈ കാർഡ് ഉറപ്പിക്കും. trumpcard.gov എന്ന വെബ്സൈറ്റ് ഇതിനായി തുടങ്ങിയിട്ടുണ്ട്. 15,000 യു.എസ് ഡോളറാണ് പ്രൊസസിങ് ചാർജായി നൽകേണ്ടത്. അപേക്ഷ അംഗീകരിച്ചാൽ ദശലക്ഷം ഡോളർ നൽകണം. അതുവഴി റെസിഡൻസി ലഭ്യമാകും’. -ലുട്നിക് തുടർന്നു.
യു.എസ് സർവകലാശാലകളിൽ പഠിച്ച് ഇവിടെ തുടരണമെന്നാഗ്രഹിക്കുന്ന ഇന്ത്യ, ചൈന, ഫ്രാൻസ് തുടങ്ങിയ രാഷ്ട്രങ്ങളിൽനിന്നുള്ളവർക്ക് മടങ്ങിപ്പോകേണ്ടിവരുന്നത് ലജ്ജാകരമാണെന്ന് പദ്ധതി പ്രഖ്യാപിക്കുന്ന വേളയിൽ ട്രംപ് പറഞ്ഞു. ഗോൾഡ് കാർഡ് വെബ്സൈറ്റ് പ്രവർത്തന സജ്ജമാണെന്നും വാർടൺ, ഹാർവാഡ്, എം.ഐ.ടി തുടങ്ങിയ പ്രധാന സർവകലാശാലകളിൽനിന്ന് പഠിച്ചിറങ്ങിയവരെ ആവശ്യമുള്ള കമ്പനികൾക്ക് ഗോൾഡ് കാർഡ് വാങ്ങാമെന്നും ട്രംപ് വ്യക്തമാക്കി.
ഐ.ബി.എമ്മിന്റെ ഇന്ത്യൻ-അമേരിക്കൻ സി.ഇ.ഒ അരവിന്ദ് കൃഷ്ണ, ഡെൽ ടെക്നോളജീസ് സി.ഇ.ഒ മിഷേൽ ഡെൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നല്ല കോളജുകളിൽനിന്ന് പുറത്തിറങ്ങുന്നവർക്ക് ഇവിടെ തങ്ങാനാകുമോ എന്ന് ഉറപ്പില്ലാത്തതിനാൽ തങ്ങൾക്ക് അവരെ റിക്രൂട്ട് ചെയ്യാനാകുന്നില്ലെന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് ഉൾപ്പെടെയുള്ളവർ പറഞ്ഞ കാര്യം ട്രംപ് ഓർമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.