തെഹ്റാൻ: യുദ്ധം അവസാനിപ്പിക്കുന്നതിന് യു.എസും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് നേരിട്ട് ആതിഥ്യംവഹിക്കാൻ തയാറാണെന്ന പാകിസ്താൻ നിലപാട് തള്ളി ഇറാൻ. യു.എസുമായി നേരിട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മധ്യസ്ഥരിലൂടെ എത്തുന്നത് അതിരുവിട്ടതും അന്യായവുമായ ആവശ്യങ്ങൾ മാത്രമാണെന്നും മുംബൈയിലെ ഇറാന്റെ കോൺസുലേറ്റ് ജനറൽ പറഞ്ഞു. പാകിസ്താന്റെ ചർച്ചാവേദികൾ അവരുടെ മാത്രം വിഷയമാണെന്നും ഇറാൻ അവയിലൊന്നും പങ്കെടുത്തിട്ടില്ലെന്നും കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു.
‘‘ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പാകിസ്താന്റെ ചർച്ചാവേദികൾ അവരുടേത് മാത്രമാണ്. ഞങ്ങൾ പങ്കെടുത്തിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രാദേശിക അഭ്യർഥനകൾ സ്വാഗതാർഹമാണ്. എന്നാൽ, ഓർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്’’ -കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞയാഴ്ച, യുദ്ധ വിരാമത്തിന് മാധ്യസ്ഥ്യം വഹിക്കാൻ സന്നദ്ധമാണെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ഇസ്ഹാഖ് ദർ പ്രസ്താവിച്ചിരുന്നു. ട്രംപിന്റെ 15 ഇന നിർദേശങ്ങളെയും ദർ സ്വാഗതം ചെയ്തിരുന്നു. ഇതിനുപിന്നാലെ, സൗദി അറേബ്യ, ഈജിപ്ത്, തുർക്കിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഇസ്ലാമാബാദിൽ ചർച്ചയും നടന്നു.
ഇറാൻ സർക്കാറിലെ മുതിർന്ന മന്ത്രിമാരുമായി പലവട്ടം ഫോണിൽ താനും പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫും സംസാരിച്ചതായും ദർ അവകാശപ്പെട്ടിരുന്നു. എന്നാൽ, തുടക്കം മുതലേ ഇതിനോട് അനുകൂലമായ സമീപനമല്ല ഇറാൻ സ്വീകരിച്ചത്. ഞായറാഴ്ച ഇസ്ലാമാബാദിൽ നടന്ന ചർച്ചയിൽ ഇറാന്റെയോ ഇസ്രായേലിന്റെയോ യു.എസിന്റെയോ പ്രതിനിധികൾ ആരും പങ്കെടുത്തിരുന്നില്ല.
റിയാദ്: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷാവസ്ഥ ലഘൂകരിക്കാനും മേഖലയിലെ സുരക്ഷ ഉറപ്പാക്കാനുമായി സൗദി അറേബ്യയും പാകിസ്താനും തമ്മിൽ ഉന്നതതല ചർച്ച നടത്തി.
മേഖലയിലെ സമാധാന ശ്രമങ്ങൾക്കായി ചേർന്ന പാകിസ്താൻ, സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിൽ പങ്കെടുക്കാൻ ഇസ്ലാമാബാദിലെത്തിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി.
സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വ്യക്തമാക്കി. മധ്യേഷ്യയിലെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനുള്ള വഴികളെക്കുറിച്ച് സൗദി, പാകിസ്താൻ, തുർക്കി, ഈജിപ്ത് രാജ്യങ്ങൾ ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.