ജെറുസലേം: പലസ്തീനികളായ അഞ്ചുവയസ്സുകാരൻ അക്രമിനും രണ്ടുവയസ്സുകാരി ജൂലിയക്കും അവരുടെ പിതാവിനെ അറിയാവുന്നത് ഫോട്ടോകളിലൂടെയും ഫോൺ കോളുകളിലൂടെയും മാത്രമാണ്. പിതാവ് അംജദ് അൽ-നജ്ജാർ ഇസ്രായേലിൽ പത്തുവർഷത്തെ തടവ് അനുഭവിക്കുന്നതിനിടെ രഹസ്യമായി പുറത്തേക്ക് കടത്തിയ ബീജത്തിൽ പിറന്ന കുഞ്ഞുങ്ങളാണിവർ. കർശനമായ സന്ദർശന നിയമങ്ങൾ കാരണം, തടവിൽ കഴിയവെ അംജദിന് ഒരിക്കൽപോലും തന്റെ കൺമണികളെ കാണാനായില്ല.
2025-ൽ ജയിൽ മോചിതനായപ്പോൾ മക്കളെ വാരിപ്പുണരാനാവുമെന്ന ആശ്വാസത്തിലായിരുന്നു അംജദ്. എന്നാൽ, അദ്ദേഹം ഈജിപ്തിലേക്ക് നാടുകടത്തപ്പെട്ടു. ഭാര്യയും കുട്ടികൾ വെസ്റ്റ് ബാങ്കിലും. ഇത് ഈ കുഞ്ഞുങ്ങളുടെ മാത്രം കാര്യമല്ല. ഇസ്രായേലി ജയിലിൽ കഴിയുന്ന പുരുഷന്മാരുടെ ബീജം കടത്തിക്കൊണ്ടുവന്ന് ജന്മം നൽകിയ ഭൂരിഭാഗം കുട്ടികൾക്കും അവരുടെ പിതാക്കന്മാർ മോചിതരായിട്ടും നേരിൽ കാണാനോ ചേർത്തുപിടിക്കാനോ കഴിഞ്ഞിട്ടില്ല.
പത്തുവയസ്സുകാരി ബുഷ്റയും ഇസ്രായേൽ ജയിലിൽനിന്ന് കടത്തിയ ബീജത്തിൽ ജനിച്ച അനവധി പലസ്തീൻ കുട്ടികളിലൊരാളാണ്. അവളുടെ പിതാവ് അഹമ്മദ് ഹമീദ് 22 വർഷം ജയിലിൽ കഴിഞ്ഞ ശേഷം 2025-ൽ മോചിതനായി. ഫോട്ടോയിൽ മാത്രം കണ്ട പിതാവിനെ നേരിൽ കാണാമെന്ന പ്രതീക്ഷയിലായിരുന്നു അവൾ. എന്നാൽ അഹമ്മദ് ഹമീദിനെ ഇസ്രായേൽ ഈജിപ്തിലേക്ക് നാടുകടത്തി. ബുഷ്റയുടെ ഉമ്മ ഇനാസ് കെയ്‌റോയിലേക്ക് യാത്ര ചെയ്യാൻ പലതവണ അനുമതി തേടിയെങ്കിലും ഇസ്രായേൽ അധികൃതർ നിരസിച്ചു. ഒടുവിൽ ബുഷ്റ തന്റെ അമ്മായിയോടൊപ്പം ഈജിപ്തിൽവെച്ച് പിതാവിനെ കണ്ടു. എന്നാൽ വെസ്റ്റ് ബാങ്കിലേക്ക് മടങ്ങിയെത്തിയപ്പോൾ ഇരുവരെയും ഇസ്രായേൽ സൈന്യം പിടികൂടി ചോദ്യം ചെയ്തു.
ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യാ നീക്കങ്ങളെ പ്രതിരോധിക്കാൻ പലസ്തീനികൾ കണ്ടെത്തിയ മാർഗമായിരുന്നു ജയിലിലടക്കപ്പെട്ട പുരുഷന്മാരുടെ ബീജം പുറത്തെത്തിച്ച് കൃത്രിമ ഗർഭധാരണം നടത്തൽ. ഇന്ന്, ആ കുട്ടികളിൽ പലരും വളർന്നുവരുന്നു. ഇത്തരത്തിൽ പിതാവിന്റെ ഫോട്ടോ മാത്രം കണ്ട് പരിചയമുള്ള നിരവധി കുഞ്ഞുങ്ങളെ പലസ്തീനിൽ കാണാം. പലരുടെയും പിതാക്കന്മാർ വർഷങ്ങളോളമായി തടവിൽ കഴിയുന്നവരാണ്. 2025-ലെ ഇസ്രായേൽ-ഹമാസ് കൈമാറ്റ കരാറുകളിൽ പലരും മോചിപ്പിക്കപ്പെട്ടപ്പോൾ തങ്ങൾക്ക് അബ്ബമാരുടെ സ്നേഹം നേരിട്ടനുഭവിക്കാമല്ലോ എന്ന ആശ്വാസത്തിലായിരുന്നു കുഞ്ഞുങ്ങൾ. എന്നാൽ ആ അവകാശം നിഷേധിച്ച് പല മുൻ തടവുകാരെയും ഈജിപ്തിലേക്ക് നാടുകടത്തുകയായിരുന്നു. അവരുടെ ഭാര്യമാരും കുട്ടികളും ഇസ്രായേൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ കാരണം വെസ്റ്റ് ബാങ്കിൽ തന്നെ തുടരുകയുമാണ്. ദീർഘകാലം തടവിൽ കഴിഞ്ഞ ചില പലസ്തീൻ തടവുകാരെ വെസ്റ്റ് ബാങ്കിലേക്കോ ഗാസയിലേക്കോ മടക്കി അയക്കുന്നതിന് പകരം വിദേശത്തേക്ക് നാടുകടത്തണമെന്ന ഉപാധിയോടെയാണ് ഇസ്രായേൽ വിട്ടയക്കാൻ സമ്മതിച്ചത്.
ജയിൽ സെല്ലിനുള്ളിലിരുന്നുകൊണ്ട് ഒരു പിതാവായതിന്റെ വേദന അംജദ് അൽജസീറയോട് വിവരിച്ചു. "തടവിലായിരിക്കുമ്പോൾ പിതാവാകുക എന്നത് ഞാൻ നേരിട്ട ഏറ്റവും കഠിനമായ കാര്യങ്ങളിൽ ഒന്നാണ്. അതൊരു വലിയ സന്തോഷവും അതോടൊപ്പം കടുത്ത വേദനയും നൽകുന്ന അനുഭവമാണ്. കാരണം എന്റെ മക്കൾ ജനിച്ച നിമിഷത്തിൽ ഞാൻ അവിടെയുണ്ടായിരുന്നില്ല. അവരെ കാണാനോ, ചേർത്തുപിടിക്കാനോ, അവരുടെ ആദ്യ നിമിഷങ്ങൾ അനുഭവിക്കാനോ കഴിയാതെ, മതിലുകൾക്ക് പിന്നിലിരുന്ന് അവരുടെ ജനനവാർത്ത ഞാൻ കേൾക്കുകയായിരുന്നു," അദ്ദേഹം പറഞ്ഞു.
"ഈ സ്വാതന്ത്ര്യത്തിന്റെ വലിയൊരു ഭാഗം അപൂർണ്ണമായി തുടർന്നു. കാരണം ഞാൻ സങ്കൽപ്പിച്ചതുപോലെ എന്റെ കുടുംബവുമായുള്ള ആദ്യ കൂടിക്കാഴ്ച നടന്നില്ല. സ്വാതന്ത്ര്യം പൂർണ്ണമല്ലെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള വഴി ഇനിയും ദൂരത്തിലാണെന്നും അപ്പോഴാണ് എനിക്ക് തോന്നിയത്," അംജദ് കൂട്ടിച്ചേർത്തു.
റിയാദ് അൽ-അമൂർ 23 വർഷം ഇസ്രായേൽ ജയിലിൽ കഴിഞ്ഞ ശേഷം ഈജിപ്തിലേക്ക് നാടുകടത്തപ്പെടുകയായിരുന്നു. മോചനത്തിന് മുൻപുതന്നെ ജോർദാൻ വഴി യാത്ര ചെയ്ത് അദ്ദേഹത്തിന്റെ ഭാര്യയെത്താൻ കഴിഞ്ഞു. എന്നാൽ, അവരുടെ അഞ്ച് മക്കൾക്ക് അദ്ദേഹത്തോടൊപ്പം ചേരാൻ ഒരിക്കലും അനുമതി ലഭിച്ചില്ല. സ്വാതന്ത്ര്യം ലഭിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ റിയാദിന് അസുഖം ബാധിച്ചു. അദ്ദേഹം കോമയിലാവുകയും ഏപ്രിലിൽ ഈജിപ്തിലെ ആശുപത്രിയിൽവെച്ച് മരിക്കുകയും ചെയ്തു.
റിയാദിന്റെ മരണശേഷം പോലും, അദ്ദേഹത്തിന്റെ ശവകുടീരം സന്ദർശിക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.
പലസ്തീൻ പ്രിസണേഴ്‌സ് ക്ലബ്ബിന്റെ കണക്കനുസരിച്ച്, 2025-ലെ ഇസ്രായേൽ-ഹമാസ് തടവുകാരുടെ കൈമാറ്റത്തിനിടെ മോചിപ്പിക്കപ്പെട്ട 383 പലസ്തീൻ തടവുകാരെ വെസ്റ്റ് ബാങ്കിൽനിന്ന് നാടുകടത്തിയിട്ടുണ്ട്.
അവരെ കാണാൻ യാത്ര ചെയ്യുന്നതിൽനിന്ന് തടയപ്പെട്ട കുടുംബങ്ങളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക കണക്കുകളില്ലെങ്കിലും, കുറഞ്ഞത് 100 കുടുംബങ്ങളെയെങ്കിലും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സെന്റർ ഫോർ ദി ഡിഫൻസ് ഓഫ് ലിബർട്ടീസ് ആൻഡ് സിവിൽ റൈറ്റ്സ് (ഹുറിയാത്ത്) 2014-നും 2025-നും ഇടയിൽ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കെതിരെ ഏർപ്പെടുത്തിയ 8,700-ലധികം യാത്രാ നിരോധനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
തടവുകാരായ കുടുംബാംഗങ്ങളെ അവരുടെ കുടുംബങ്ങളിൽനിന്ന് വേർപ്പെടുത്തുന്ന ഇസ്രായേലിന്റെ നയം കുടുംബ പുനരേകീകരണത്തിനുള്ള അവരുടെ മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്ന് അൽ-ഹഖ് മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടർ ഷവാൻ ജബാരിൻ അൽ ജസീറയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.